Cartoon | ഒരിക്കലും വളരാത്ത മിക്കി മൗസിന് 96 വയസ്; കുട്ടികളുടെ കൂട്ടുകാരനായ കാർട്ടൂൺ ഇതിഹാസം

 
Mickey Mouse 96th birthday
Mickey Mouse 96th birthday

Representational Image Generated by Meta AI

● മിക്കി മൗസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1928-ലാണ്.
● വാൾട്ട് ഡിസ്നി തന്നെയായിരുന്നു ആദ്യകാലങ്ങളിൽ ശബ്ദം നൽകിയിരുന്നത്.
● മിക്കിയുടെ ആദ്യ പേര് മോർട്ടിമർ ആയിരുന്നു.

(KVARTHA) ലോകമെമ്പാടുമുള്ള പലതലമുറകളിലെ കുട്ടികളുടെ  പ്രിയ കോമിക് കാർട്ടൂൺ കഥാപാത്രമാണ് മിക്കി മൗസ്. അമേരിക്കക്കാരനായ ലോകപ്രശസ്ത കാർട്ടൂണിസ്റ്റ് വാൾട്ട് ഡിസ്നി ജന്മം നൽകിയ നിരവധി കാർട്ടൂൺ കഥാപാത്രങ്ങളിൽ ഏറ്റവും ജനകീയമാണ് ഇത്. 1928-ൽ ഇന്നേ ദിവസം  വാൾട്ട് ഡിസ്നി, യൂബി ല്വെർക്ക് എന്നിവർ ചേർന്ന് രൂപം നൽകിയ സ്ടിം ബോട്ട് വില്ലി എന്ന ആനിമേറ്റഡ് വീഡിയോയിലൂടെയാണ് മിക്കി മൗസ് ആദ്യമായി ലോകത്തിനു മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്.  

ആദ്യകാലങ്ങളിൽ ശബ്ദം നൽകിയിരുന്നത് വാൾട്ട് ഡിസ്നി തന്നെയായിരുന്നു. സ്റ്റീംബോട്ട് വില്ലി പുറത്തിറങ്ങിയ ദിവസമായ നവംബർ 18, 1928 ആണ് ഡിസ്നി കമ്പനി ഈ കഥാപാത്രത്തിന്റെ ജന്മദിനമായി ആഘോഷിക്കുന്നത്. മനുഷ്യസ്വഭാവമുള്ള ഈ എലി അനിമേറ്റഡ് കാർട്ടൂണുകളിലേയും കോമിക് സ്ട്രിപ്പുകളിലേയും ഒരു കഥാപാത്രം എന്നതിൽനിന്ന് ലോകത്തിലെ ഏറ്റവും പരിചിതമായ ചിഹ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

മോർട്ടിമർ എന്നായിരുന്നു മിക്കിയുടെ ആദ്യ പേര്. ആ പേരിന് ആകർഷണീയത കുറവാണ് എന്ന ഡിസ്നിയുടെ ഭാര്യയുടെ അഭിപ്രായ പ്രകാരം  അവർ തന്നെ നിർദ്ദേശിച്ച പേരാണ് മിക്കി മൗസ് എന്നത്. മിക്കിയുടെ കൂട്ടുകാരായ മിന്നി മൗസ്, ഡോണാൾഡ് ഡക്ക്, ഗൂഹി, പ്ലൂട്ടോ തുടങ്ങിയ ലോകപ്രശസ്ത കഥാപാത്രങ്ങളും മിക്കി മൗസിലൂടെ രംഗത്തുവന്നു. പരാജയങ്ങളിൽ നിന്ന് മനം മടുത്ത് ജീവിതത്തോട് വിരക്തി തോന്നിയവർ പാഠമാക്കേണ്ട ഒരു ജീവിതാനുഭവത്തിന്റെ ഉടമയാണ് ഡിസ്നി. ജീവിതത്തിൽ പല റോളുകളും കൈകാര്യം ചെയ്തു. പരാജയമായിരുന്നു ഭൂരിപക്ഷമിടത്തും. 

കാർട്ടൂണിനോട് താല്പര്യം ഉണ്ടായിരിക്കെ ഒരു പത്രത്തിൽ കാർട്ടൂണിസ്റ്റായി ജോലിചെയ്തുവരെ  സർഗ്ഗാത്മകത കുറവാണ് എന്നുപറഞ്ഞ് ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട വ്യക്തി, ഹോളിവുഡിൽ പ്രവർത്തിച്ച മേഖലയിൽ വൻ പരാജയമടഞ്ഞ വ്യക്തി. ഇങ്ങനെ തൊട്ടതിൽ എല്ലാം പിഴച്ച ഒരു വ്യക്തിയാണ് തന്റെ ജീവിതവിജയം വഴി 22 ഓസ്കാർ നോമിനേഷനുകളും ഹാർവേഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും  നേടി അത്ഭുതകരമായ ജീവിതവജയം നേടിയത് എന്ന് അറിയുമ്പോഴാണ് നമുക്ക് പാഠമാക്കേണ്ട ഒരു ജീവിതമാണ് ഡിസ്നിയുടേത് എന്ന് മനസ്സിലാകുന്നത്. 

മനസ്സിനിണങ്ങിയ പ്രവൃത്തി ചെയ്തു സ്ഥിര പരിശ്രമം വഴി പരാജയങ്ങളെ അസ്ഥിരപ്പെടുത്തി അസാധാരണ വിജയം കൈവരിച്ച വ്യക്തിയാണ് ഡിസ്നി. മിക്കി മൗസും ഡൊണാൾഡ് ഡക്കും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിൽ ലോകം കയ്യടിച്ചു സ്വീകരിക്കുമ്പോൾ പരാജയത്തിൽ തലകുമ്പിട്ടിരിക്കാതെ അതിനെ  വെല്ലുവിളിച്ച് ജീവിതം വിജയം നേടാം എന്ന് തെളിയിച്ചു കൊണ്ടാണ് ഡിസ്നി പുഞ്ചിരിച്ചത്. 1978ൽ ഇന്നേ ദിവസം മിക്കി മൗസ്  ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിലും അംഗത്വം നേടി. ഇത്തരം അംഗീകാരം ലഭിക്കുന്ന ആദ്യ കാർട്ടൂൺ കഥാപാത്രമാണ് ഇത്. 

മിക്കിക്ക്  എല്ലാ രാജ്യങ്ങളിലും മിക്കി എന്നല്ല പേര്. ചൈനയിൽ മിലേഷു , ഇറ്റലിയിൽ ടോപ്പോ ലിനോ  എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. 2023 ൽ ചൈനയിൽ നിന്നും വന്ന ഒരു റിപ്പോർട്ട് പ്രകാരം തങ്ങളുടെ അരുമകളായ വളർത്തു മൃഗങ്ങൾക്ക്  മിക്കിയെ പോലുള്ള ചെവി വേണം എന്ന് ആവശ്യപ്പെട്ട്  പല ഉടമകളും വലിയ തുക ചെലവഴിച്ച്  ബ്രീഡിങ് സെന്ററുകളിലും പെറ്റ് പാർലറുകളിലും ക്യു   നിൽക്കുകയാണ് എന്ന് കാണുന്നു. 

ലോകമെമ്പാടുമുള്ള മൃഗസ്നേഹികൾ മൃഗങ്ങളോട് കാട്ടുന്ന ഈ ക്രൂരതക്കെതിരെ  പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും  ചൈനയിൽ ഇതിന് വിലക്ക് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ധാരാളം പേർ ഈ രീതിയിൽ ചെയ്യുന്നുണ്ട് എന്ന് കാണുന്നു. മൃഗങ്ങളിൽ അനസ്തേഷ്യ നൽകിയശേഷം ചെവി മുറിച്ച് ഷേപ്പ് ചെയ്യുകയും ട്രിം ചെയ്യുകയുമാണ് ചെയ്യുന്നത്. 96 വയസ് പൂർത്തിയായിട്ടും മുതിർന്നവരെന്നോ കുട്ടികളെന്നൊ വേർതിരിവില്ലാതെ എല്ലാവരുടെ മനസ്സിലും  കളിക്കൂട്ടുകാരനായി നടക്കുകയാണ് മിക്കി മൗസ്.

#MickeyMouse #Disney #Cartoon #Animation #Birthday #Nostalgia #PopCulture #WaltDisney #Childhood

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia