Criticism | സിനിമയിലെ പ്രശ്‌നങ്ങളെ കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല, പറഞ്ഞാല്‍ ഉടന്‍ നടപടി എടുത്തിരിക്കും, അതാണ് സ്വഭാവം; തനിക്ക് അധികം അവസരം ഇല്ലാത്തതും അതുകൊണ്ട് തന്നെയെന്ന് കെ ബി ഗണേഷ് കുമാര്‍
ശുചിമുറി ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ട്. ഇതിലൊക്കെ നേരത്തെ നടപടിയെടുക്കേണ്ടതാണ്
അവസരങ്ങള്‍ക്കായി കിടക്ക പങ്കിടണമെന്ന കാര്യം നേരത്തെയും നമ്മള്‍ കേട്ടിട്ടുള്ളതാണ്. എന്നാല്‍ അതിലൊന്നും അഭിപ്രായം പറയുന്നില്ല.
റിപോര്‍ടില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. അതിനാല്‍, ഇല്ലാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ല
തിരുവനന്തപുരം: (KVARTHA) സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും പറഞ്ഞാല്‍ ഉടന്‍ ഇടപെടുമെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഹേമ കമിറ്റി റിപോര്‍ടിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍ കൂടിയായ മന്ത്രി.
പരാതി പറഞ്ഞാല്‍ ഉടന്‍ നടപടി എടുക്കുന്നത് തന്റെ സ്വഭാവമാണെന്നും അതാണ് സിനിമയില്‍ അധികം അവസരം ഇല്ലാത്തതെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. റിപോര്‍ടില്‍ സര്‍കാര്‍ നടപടിയെടുക്കുമെന്ന് സാംസ്‌കാരിക മന്ത്രി പറഞ്ഞിട്ടുണ്ട്. റിപോര്‍ട് താന്‍ കണ്ടിട്ടില്ല. ശുപാര്‍ശയാണ് ജസ്റ്റിസ് ഹേമ നല്‍കിയത്. സിനിമാ സെറ്റുകളില്‍ അസൗകര്യങ്ങളുണ്ടെന്നത് ശരിയാണ്. ശുചിമുറി ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ട്. ഇതിലൊക്കെ നേരത്തെ നടപടിയെടുക്കേണ്ടതാണെന്ന് പറഞ്ഞ മന്ത്രി നടപ്പിലാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്നും വ്യക്തമാക്കി. അവസരങ്ങള്‍ക്കായി കിടക്ക പങ്കിടണമെന്ന കാര്യം നേരത്തെയും നമ്മള്‍ കേട്ടിട്ടുള്ളതാണ്. എന്നാല്‍ അതിലൊന്നും അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
റിപോര്‍ടില്‍ എന്തൊക്കെ നടപടി സ്വീകരിക്കണമെന്ന് സര്‍കാരാണ് തീരുമാനിക്കേണ്ടത്. റിപോര്‍ട് നിയമപരമായി പുറത്തുവന്നതാണ്. അതുകൊണ്ടുതന്നെ റിപോര്‍ടിലില്ലാത്തത് ഊഹമായി പറയേണ്ട കാര്യമില്ല. റിപോര്‍ടില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. അതിനാല്‍, ഇല്ലാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടോയെന്നും മന്ത്രി ചോദിച്ചു. സിനിമാ സെറ്റുകളിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് സിനിമാ സംഘടനകളുമായി സംസാരിച്ചതായും മന്ത്രി പറഞ്ഞു.
#GaneshKumar #MalayalamCinema #HemaCommittee #KeralaPolitics #FilmIndustry #KeralaNews