Mohanlal Films | മോഹൻലാലിൻ്റെ 'അനുരാഗി'; മലയാളികളുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന പ്രണയകാവ്യം

 
Anuragi Malayalam Movie Mohanlal
Anuragi Malayalam Movie Mohanlal

Image Credit: Website/ Imdb

● ഉത്സവത്തില്‍ തുടങ്ങി 1979 ലെ ഏഴാം കടലിനക്കരെയിൽ അവസാനിച്ച ഐ.വി ശശി-ഷെരീഫ് കൂട്ടുകെട്ടിലെ അവസാന സിനിമയായിരുന്നു അനുരാഗി. 
● യൂസഫലി കേച്ചേരിയും-ഗംഗൈ അമരനും ചേര്‍ന്നൊരുക്കിയ ആറ് പാട്ടുകളാണ് സിനിമയുടെ ഹൈലൈറ്റ്. 
● ഹാസ്യ വേഷങ്ങൾക്ക് അപ്പുറം തനിക്ക് ആക്ഷനും വഴങ്ങും എന്ന് മോഹൻലാൽ തെളിയിച്ച സിനിമ കൂടിയാണ് അനുരാഗി

ആൻസി ജോസഫ് 

(KVARTHA) മോഹൻലാലിൻ്റെ എക്കാലത്തെയും പ്രധാന ചിത്രങ്ങളിൽ ഒന്നാണ് അനുരാഗി. 1988 നവംബര്‍-12ന് ആണ് ഈ സിനിമ റിലീസ് ചെയ്തത്. മോഹൻലാലിനെക്കുടാതെ സുരേഷ് ഗോപി, ഉര്‍വ്വശി,രമ്യകൃഷ്ണന്‍, രോഹിണി,  സരിത, പപ്പു, പ്രതാപചന്ദ്രന്‍, കെ ആര്‍ സാവിത്രി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ചെറുപുഷ്പം ഫിലിംസിന്റെ ബാനറില്‍ കെ ജെ ജോസഫ് നിര്‍മ്മിച്ച ഈ സിനിമ ഒന്‍പത് വര്‍ഷത്തെ പിണക്കത്തിന് ശേഷം ഐ.വി.ശശിയും ആലപ്പി ഷെരീഫും ഒത്തുചേര്‍ന്ന സിനിമയാണ്. 

ഉത്സവത്തില്‍ തുടങ്ങി 1979 ലെ ഏഴാം കടലിനക്കരെയിൽ അവസാനിച്ച ഐ.വി ശശി-ഷെരീഫ് കൂട്ടുകെട്ടിലെ അവസാന സിനിമയായിരുന്നു അനുരാഗി. ഐ.വി.ശശിയുടെ ആദ്യകാല സിനിമകളോട് അടുത്തുനില്‍ക്കുന്ന പ്രണയവും പ്രതികാരവും സംഭവബഹുലമായ ക്ലൈമാക്‌സും നിറഞ്ഞ വ്യത്യസ്തമായ വിഷയം ആയിരുന്നിട്ടും അതിമനോഹരങ്ങളായ പാട്ടുകള്‍ ഉണ്ടായിരുന്നിട്ടും സിനിമ വേണ്ടത്ര വിജയം നേടിയില്ല. അതുകൊണ്ടുതന്നെ ആലപ്പി ഷെരീഫിനെ വെച്ച് വീണ്ടുമൊരു പരീക്ഷണത്തിന് ശശി തയ്യാറായില്ല എന്നതാണ് വാസ്തവം. 

യൂസഫലി കേച്ചേരിയും-ഗംഗൈ അമരനും ചേര്‍ന്നൊരുക്കിയ ആറ് പാട്ടുകളാണ് സിനിമയുടെ ഹൈലൈറ്റ്. കുളിരുകോരിയിടുന്ന സംഗീതമാണ് ഗംഗൈഅമരന്‍ അനുരാഗിക്ക് വേണ്ടി ഒരുക്കിയത്. യേശുദാസ് പാടിയ ഏകാന്തതേ നീയും അനുരാഗിയാണോ എന്ന ഗാനം ചിത്രയും അലപിക്കുന്നുണ്ട്. യേശുദാസ് തന്നെ പാടിയ ഹേയ് ചാരുഹാസിനി, ഒരു വസന്തം വിരുന്നുവന്നു, യേശുദാസും ചിത്രയും പാടിയ രഞ്ജിനീ രാഗമാണോ, ചിത്ര പാടിയ ഉടലിവിടെ-എന്നീ ഗാനങ്ങള്‍ എത്രയാവര്‍ത്തി കേട്ടാലും മടുക്കാത്തവയാണ്. വി.ജയറാം ക്യാമറയും കെ.നാരായണന്‍ എഡിറ്റിംഗും ഐ.വി.സതീഷ്ബാബു കലാസംവിധാനവും നിര്‍വ്വഹിച്ചു. കുര്യന്‍ വര്‍ണശാലയും പി.എന്‍.മേനോനുമാണ് പരസ്യങ്ങള്‍ തയ്യാറാക്കിയത്. 

ചെറുപുഷ്പം ഫിലിംസ് തന്നെയായിരുന്നു വിതരണം. ഇന്നും പഴയകാല ആളുകളുടെ ഇടയിൽ മായാതെ നിൽക്കുന്ന ഒരു മോഹൻലാൽ സിനിമയാണ് അനുരാഗി. വില്ലൻ വേഷത്തിലൂടെ മലയാളത്തിൽ എത്തിയ മോഹൻലാൽ നായകനായി പരിണമിക്കുന്നതൊക്കെ അനുരാഗി പോലുള്ള ചിത്രങ്ങളിലൂടെയായിരുന്നു. ഹാസ്യ വേഷങ്ങൾക്ക് അപ്പുറം തനിക്ക് ആക്ഷനും വഴങ്ങും എന്ന് മോഹൻലാൽ തെളിയിച്ച സിനിമ കൂടിയാണ് അനുരാഗി. 

ഇന്നത്തെ സൂപ്പർസ്റ്റാറുകളുടെ ഇടയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കേന്ദ്രസഹമന്ത്രികൂടിയായ നടൻ സുരേഷ് ഗോപിയൊക്കെ നായക നിരയിലേയ്ക്ക് കടന്നുവരുന്ന ഒരു കാലം കൂടിയായിരുന്നു അത്. അതുവരെ അദ്ദേഹം സഹനടനായോ വില്ലനായോ ഒക്കെയാണ് എത്തിയത്. ഈ സിനിമയിലെ ഏകാന്തതേ നീയും അനുരാഗിയാണോ എന്ന ഗാനം അന്നത്തെ സൂപ്പർഹിറ്റ് ഗാനങ്ങളിലൊന്ന് തന്നെ ആയിരുന്നു. ഇന്നും ഈ പാട്ട് മലയാളികളുടെ ചുണ്ടിൽ ഉണ്ടെന്നതാണ് സത്യം. 'അനുരാഗി' ഇറങ്ങിയിട്ടു ഈ വർഷം 36 വർഷങ്ങൾ പിന്നിട്ടു.

 #Mohanlal, #Anuragi, #MalayalamCinema, #ClassicFilms, #1988Movies, #Yeshudas

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia