പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെ നായകനാക്കി ഗൗതം വസുദേവ് മേനോൻ്റെ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചിരുന്നു.
കൊച്ചി: (KVARTHA) 73-ാം പിറന്നാൾ ആഘോഷക്കുന്ന മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ.
മമ്മൂട്ടിയെ ഉമ്മ വെച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ ആശംസ. സാമൂഹ്യമാധ്യമങ്ങളിൽ ചിത്രം വൈറലായി. മകൻ ദുൽഖർ സൽമാൻ, പേരക്കുട്ടി മറിയം എന്നിവരോടൊപ്പം ചെന്നൈയിൽ വച്ചായിരുന്നു മമ്മൂട്ടി പിറന്നാൾ ആഘോഷിച്ചത്.
കൊച്ചിയിലെ തന്റെ വസതിക്കു മുന്നിൽ തടിച്ചുകൂടിയ ആരാധകരോട് വീഡിയോ കോൾ വഴി സംവദിച്ച് മമ്മൂട്ടി അവരെ സന്തോഷിപ്പിച്ചു. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക്ക് ആൻഡ് ദ ലേഡീസ് പഴ്സ്’ എന്ന ചിത്രത്തിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി പിറന്നാൾ ആഘോഷിക്കാൻ ചെന്നൈയിലേക്ക് പോയത്. പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം താരം കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകും.
അതേസമയം പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെ നായകനാക്കി ഗൗതം വസുദേവ് മേനോൻ്റെ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചിരുന്നു.
'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്.
ഒരു ഡിറ്റക്റ്റീവ് കോമഡി ത്രില്ലർ ചിത്രമായിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെയാണ് അവതരിപ്പിക്കുന്നത്. ഷെർലക് ഹോംസിനോട് സാമ്യമുള്ള, എന്നാൽ രസകരമായ ഒരു കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നീരജ് നേരത്തെ പറഞ്ഞിരുന്നു. പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു കുറ്റാന്വേഷകന്റെ മുറി പോലെ തോന്നിക്കുന്ന ഒരു ഇടത്താണ് മമ്മൂട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്.
സൂരജ് ആർ, നീരജ് ആർ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി നടന്ന് വരികയാണ്. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കിടേഷ്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.