Investigation | രഞ്ജിത്തിനെതിരായ പരാതി; പീഡനത്തിനിരയായത് ഏത് ഹോട്ടലില്‍വെച്ചാണെന്ന് പറയാനാവുന്നില്ലെന്ന് യുവാവിന്റെ മൊഴി; ബെംഗളൂരുവിലെത്തിച്ച് തെളിവെടുക്കും
● നഗരത്തിലുള്ളത് 4 താജ് ഹോട്ടലുകള്‍.
● വിവിധ താജ് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുക്കും.
● രഞ്ജിത്തിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും.
ബെംഗളൂരു: (KVARTHA) സംവിധായകന്‍ രഞ്ജിത്തിനെതിരായ (Director Ranjith) ലൈംഗികപീഡന കേസില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. പീഡനപരാതി നല്‍കിയ യുവാവിനെ ബെംഗളൂരുവിലെത്തിച്ച് തെളിവെടുക്കും. വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് തന്നെയാണോ രഞ്ജിത്തിനെ കണ്ടതെന്ന് ഉറപ്പില്ലെന്ന് പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ മല്ലികാര്‍ജുന്റെ നേതൃത്വത്തില്‍ ബംഗളൂരു എയര്‍പോര്‍ട്ട് പൊലീസാണ് യുവാവിന്റെ മൊഴിയെടുത്തത്.
വെള്ളിയാഴ്ചയാണ് പരാതിക്കാരന്റെ മൊഴി ദേവനഹള്ളി പൊലീസ് വിശദമായി രേഖപ്പെടുത്തിയത്. സംഭവം നടന്നിട്ട് 9 വര്‍ഷത്തോളം ആയതിനാല്‍ ഏത് ഹോട്ടല്‍ ആണെന്ന് ഫോട്ടോ കാണിച്ചപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ വിവിധ താജ് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നഗരത്തില്‍ ആകെ ഉള്ളത് നാല് താജ് ഹോട്ടലുകളാണ്. വിമാനത്താവളത്തിന് അടുത്തുള്ള താജ് അല്ലാതെ നഗരത്തില്‍ മൂന്ന് താജ് ഹോട്ടലുകള്‍ ഉണ്ട്. ഇതില്‍ യശ്വന്തപുര താജിലും വെസ്റ്റ് എന്‍ഡ് താജിലും എത്തിച്ചാണ് തെളിവ് എടുക്കുക. ഇതിന് ശേഷമാകും രഞ്ജിത്തിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയെന്നാണ് വിവരം.
2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമാണ് കേസ്.
കോഴിക്കോട് കസബ പൊലീസാണ് ഇതില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും പിന്നീട് ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു.
കേരള പൊലീസില്‍ നിന്ന് കത്ത് ലഭിച്ച കര്‍ണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ബെംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കല്‍ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. കോഴിക്കോട്ടുകാരാനായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്.
#Ranjith #assault #Malayalamcinema #Bangalore #policeinvestigation