ലഹരിപ്പുകയിൽ മുങ്ങി മോളിവുഡ്; തസ്ലിമയുടെ മൊഴിയിലെ അന്വേഷണമില്ലായ്മ തിരിച്ചടിയാകുന്നു; അണിയറയിൽ ഷൈൻ മാത്രമല്ല, ഒട്ടേറെപ്പേർ


● പൊലീസും എക്സൈസും നടന്മാരെ രക്ഷിക്കാൻ ഒത്തുകളിക്കുന്നുവെന്ന് ആരോപണം.
● മുൻപ് കൊക്കെയ്ൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആക്ഷേപം.
● യുവ നടന്മാരുടെ ലഹരി ഉപയോഗം നിർമ്മാതാക്കൾക്ക് തലവേദനയാകുന്നു.
● ഷൂട്ടിംഗ് സെറ്റുകളിൽ ലഹരി ഉപയോഗം സിനിമയ്ക്ക് ഭീഷണിയാണ്.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ദുർബലമായ അവസ്ഥയിൽ നിൽക്കുന്ന മലയാള സിനിമയെ മയക്കുമരുന്ന് വലയം വരിഞ്ഞുമുറുക്കുന്നു. ചലച്ചിത്ര രംഗത്തെ മിന്നും താരങ്ങളെ തൊടാൻ പൊലീസിനും എക്സൈസിനും കഴിയാത്തതാണ് സിനിമാ സെറ്റുകളിൽ ലഹരിപ്പുക ഉയരാൻ കാരണം. ഇപ്പോഴും ലഹരി ഉപയോഗിക്കുന്ന സെറ്റുകളിൽ റെയ്ഡ് നടത്താൻ അധികൃതർക്ക് സാധിക്കുന്നില്ല.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് ബന്ധമുണ്ടെന്ന തസ്ലിമ സുൽത്താനയുടെ വെളിപ്പെടുത്തൽ വേണ്ടവിധം അന്വേഷിക്കാത്തത് ഇത്തരം നിയമലംഘനങ്ങൾക്ക് വളം വെക്കുന്നു.
ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമ ലോകവുമായി അടുത്ത ബന്ധമുള്ള കണ്ണൂർ ഇരിട്ടി സ്വദേശിനി തസ്‌ലീമ സുൽത്താന അറസ്റ്റിലായത് വലിയ വാർത്തയായിരുന്നു. ഷൈൻ ടോമിനും നടൻ ശ്രീനാഥ് ഭാസിക്കും കഞ്ചാവ് കൈമാറിയെന്ന് അവർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ നടന്മാരോടൊപ്പം പലതവണ ലഹരി ഉപയോഗിച്ചതായും മൊഴി നൽകിയിരുന്നു. എന്നാൽ നടന്മാരെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിച്ചതായാണ് ആരോപണം. പത്തുവർഷം മുൻപ് കൊക്കെയ്ൻ ഉപയോഗിച്ച കേസിലും സമാനമായ രീതിയിൽ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.
അന്വേഷണ സംഘത്തിൻ്റെ ഗുരുതരമായ വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി അന്നത്തെ കൊക്കെയ്ൻ കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയത്. മയക്കുമരുന്ന് കേസിൽ അന്വേഷണം പൂർത്തിയാക്കിയത് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് കോടതി വിമർശിച്ചു. നടനും സുഹൃത്തുക്കളും കൊക്കെയ്ൻ ഉപയോഗിച്ചോയെന്ന് രക്തപരിശോധനയിലൂടെ കണ്ടെത്താൻ പൊലീസ് തയ്യാറായില്ല. പിടിച്ചെടുത്ത കൊക്കെയ്ൻ്റെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിക്കാനോ സെർച്ച് മെമ്മോയിൽ രേഖപ്പെടുത്താനോ അന്വേഷണ സംഘം തയ്യാറായില്ല. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സംവിധായകൻ കമലിൻ്റെ സഹസംവിധായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഷൈൻ 'ഗദ്ദാമ' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് ചെറിയ വേഷങ്ങളാണെങ്കിലും നിരവധി സിനിമകളിൽ അഭിനയിച്ചു. 'ഇതിഹാസ' എന്ന ചിത്രത്തിലെ നായക കഥാപാത്രം ശ്രദ്ധിക്കപ്പെട്ട സമയത്താണ് ഷൈനിനെതിരെ കൊക്കെയ്ൻ കേസ് ഉയർന്നുവരുന്നത്. കൊച്ചിയിൽ നിശാ പാർട്ടിയിൽ ലഹരി ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ കലൂർ-കടവന്ത്ര റോഡിലെ ഫ്ലാറ്റിൽ നിന്ന് സുഹൃത്തുക്കളായ ബ്ലെസി സിൽവസ്റ്റർ, രേഷ്മ രംഗസ്വാമി, ടിൻസി ബാബു, സ്നേഹ ബാബു എന്നിവരോടൊപ്പം ഷൈൻ ടോം ചാക്കോ പിടിയിലായി. ഫ്ലാറ്റിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ പത്ത് പായ്ക്കറ്റ് കൊക്കെയ്ൻ കണ്ടെത്തിയെന്നായിരുന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ൻ കേസ് ആയിരുന്നു ഇത്. മാസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ഷൈൻ പുറത്തിറങ്ങിയെങ്കിലും കരിയറിൽ തിരിച്ചടികൾ നേരിട്ടു. എന്നാൽ പിന്നീട് 'കമ്മട്ടിപ്പാടം' പോലുള്ള ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ഷൈൻ വീണ്ടും സിനിമയിൽ സജീവമായി. ഒടുവിൽ പുറത്തിറങ്ങിയ 'ബസൂക്ക' ഉൾപ്പെടെ തൊട്ടതെല്ലാം പൊന്നാക്കിയ നടനായിട്ടും വിവാദങ്ങൾ ഷൈൻ ടോമിനെ വിട്ടുമാറിയില്ല. പലപ്പോഴും സിനിമാ പ്രൊമോഷൻ വേളകളിൽ നടൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാകുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു കാണിച്ചിരുന്നത്. മാധ്യമപ്രവർത്തകരോടും അവതാരകരോടും അവരുടെ ചോദ്യങ്ങളിൽ പ്രകോപിതനായി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരുൾപ്പെടെയുള്ള യുവതലമുറയിലെ നടന്മാർ നിർമ്മാതാക്കൾക്കും സഹഅഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു. വർഷത്തിൽ 200-ൽ അധികം സിനിമകൾ പുറത്തിറങ്ങുന്ന മലയാളത്തിൽ കഷ്ടിച്ച് 20 സിനിമകൾ മാത്രമാണ് വിജയിക്കുന്നത്. ഇതിനിടയിലാണ് ന്യൂ ജനറേഷൻ നടന്മാരുടെ ഇത്തരം ചെയ്തികൾ നിർമ്മാതാക്കളെ കണ്ണീര് കുടിപ്പിക്കുന്നത്. സ്വന്തം കാരവനിൽ ഇരുന്ന് കഞ്ചാവ് വലിക്കുക മാത്രമല്ല, നേരം വൈകി ഉറങ്ങി രാവിലെ ഷൂട്ടിംഗ് സെറ്റിൽ എത്താതിരിക്കുക, പറയാതെ അവധിയെടുത്ത് മുങ്ങുക എന്നിവയെല്ലാം ന്യൂ ജനറേഷൻ നടന്മാരുടെ സ്ഥിരം പരിപാടികളാണെന്നാണ് വിവരം. പ്രതിസന്ധിയിൽ ഉഴലുന്ന മലയാള സിനിമയെ കാർന്നുതിന്നുന്ന രോഗമായി ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗം മാറിക്കഴിഞ്ഞു. മലയാള സിനിമയെ വട്ടമിട്ടുപറക്കുന്ന ലഹരി കഴുകന്മാർ സർവ്വനാശത്തിലേക്കാണ് മോളിവുഡിനെ നയിക്കുന്നത്. അമിതമായ സിന്തറ്റിക് ലഹരി ഉപയോഗം കാരണം നാലോളം യുവ നടന്മാരുടെ പല്ലും എല്ലും പൊടിഞ്ഞ് ആരോഗ്യം തന്നെ അപകടത്തിലായിരിക്കുന്നതായാണ് മോളിവുഡിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ.
മോളിവുഡിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഈ ഗുരുതരമായ വിഷയം കൂടുതൽ പേരുകളിലേക്ക് എത്തിക്കുക.
The Malayalam film industry (Mollywood) is facing a serious issue with widespread drug use on sets. Despite the testimony of Thaslima Sulthana linking young actors like Shine Tom Chacko to drug cases, lack of proper investigation is criticized. The article highlights past mishandlings of drug cases and the negative impact of drug-using actors on the industry.
#MollywoodDrugs, #ShineTomChacko, #ThaslimaSulthana, #MalayalamCinema, #DrugAbuse, #KeralaNews