തൂവാനതുമ്പികളിലൂടെ മലയാളികളുടെ മനംകവര്‍ന്ന ക്ലാരയെ അവതരിപ്പിച്ച സുമലത കോവിഡ് മുക്തയായി; രോഗത്തെക്കുറിച്ചും സിനിമയെ കുറിച്ചും എംപി കൂടിയായ താരം പറയുന്നു
Aug 25, 2020, 15:36 IST
തിരുവനന്തപുരം: (www.kvartha.com 25.08.2020) മലയാളത്തില്‍ ന്യൂഡെല്‍ഹിയും തേനുംവയമ്പും അടക്കം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ നായികയാണെങ്കിലും സുമലത എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്നത് തൂവാനത്തുമ്പികളിലെ ക്ലാരയെയാണ്. ആ ചിത്രമാകട്ടെ ബോക്സ് ഓഫീസില്‍ വലിയ പരാജയവും ആയിരുന്നു.
അതിനൊപ്പം ഇറങ്ങിയ ന്യൂഡെല്‍ഹി മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്. മമ്മൂട്ടിയോടൊപ്പമാണ് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതെങ്കിലും മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ഈ സിനിമ 33 വര്‍ഷം പിന്നിടുമ്പോഴും ചര്‍ച്ച ചെയ്യപ്പെടുമെന്ന് സ്വപ്നത്തില്‍ പോരും വിചാരിച്ചിട്ടില്ലെന്നും താരം പറഞ്ഞു.
കോവിഡ് ഗൗരവമായി കാണണം
പാര്‍ലമെന്റ് അംഗമായ സുമലത അടുത്തിടെയാണ് കോവിഡ് മുക്തമായത്. ആളുകള്‍ രോഗത്തെ ഗൗരവമായി കാണുന്നില്ലെന്ന് അവര്‍ പറഞ്ഞു. മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും നടക്കുന്ന ധാരാളം ആളുകളെ ദിവസവും കാണുന്നുണ്ട്. ലോക് ഡൗണ്‍ പിന്‍വലിച്ചതോടെയാണ് കേസുകള്‍ വര്‍ധിച്ചത്. എന്തെങ്കിലും രീതിയില്‍ രോഗം പിടിപെട്ടാല്‍ അത് അവസാനമാണെന്ന് കരുതരുത്. നാണക്കേടാണെന്നും വിശ്വസിക്കരുത്. രോഗം പിടിപെടുന്നത് കുറ്റകൃത്യമല്ല. നമ്മളെ മാനസികമായും ശാരീരികമായും തളര്‍ത്തുമെങ്കിലും കോവിഡിനെ കീഴടക്കാന്‍ കഴിയും. ശുഭചിന്തയും മനശക്തിയും മാത്രം മതി. വ്യായാമത്തിലൂടെയും മെഡിറ്റേഷനിലൂടെയും ആരോഗ്യം നിലനിര്‍ത്താനാവും. എഴുപത്തഞ്ചു വയസുള്ള അമിതാഭ് ബച്ചന് കോവിഡ് മുക്തനായത് തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്.
ജനപ്രതിനിധി എന്ന ഉത്തരവാദിത്തം ആസ്വദിക്കുന്നു
ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തം ആസ്വദിക്കുകയാണെന്നും സുമലത പറഞ്ഞു. ജീവിതത്തിലെ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ അംഗീകരിക്കണം. സിനിമയില്‍ ഒരുപ്രായം കഴിഞ്ഞാല്‍ നായികയാകാന്‍ കഴയില്ല. എന്റെ പ്രായത്തിലുള്ളവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള കഥകള്‍ അപൂര്‍വമായേ ഉണ്ടാകാറുള്ളൂ. പിന്നെ നായികയുടെ അമ്മയാകാനാണ് വിളിക്കുന്നത്. എനിക്കതിന് താല്പര്യമില്ല. പിന്നെയുള്ളത് ടി.വി പരിപാടികളാണ്. അതാകട്ടെ നേരം കൊല്ലിയാണ്. വല്ലപ്പോഴുമൊരിക്കല്‍ സിനിമയില്‍ അഭിനിക്കാനും താല്പര്യമില്ല.
എന്നാല്‍ എന്റെ പ്രായത്തിന് അനുസരിച്ചുള്ള, പ്രേക്ഷകര്‍ എന്നും ഓര്‍മിക്കത്തക്ക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ട്. ഒരു കന്നഡ സിനിമയില്‍ അഭിനയിക്കേണ്ടതായിരുന്നു. അടുത്ത സുഹൃത്ത് സമീപിച്ചത് കൊണ്ട് നോ പറയാനായില്ല. എന്നാല്‍ കോവിഡ് കാരണം നീണ്ടുപോയി. മലയാളത്തില്‍ അടുത്തകാലത്തെങ്ങും അഭിനയിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പാര്‍ലമെന്റ് അംഗമെന്ന നിലയിലുള്ള തിരക്കുകളും യാത്രകളുമുണ്ട്. സിനിമ അവസാനത്തെ ആശ്രയം മാത്രമാണിപ്പോള്‍.
അമിതാഭ് ബച്ചനെ തന്നതും മലയാളം
ബോളിവുഡിലെയും ദക്ഷിണേന്ത്യയിലേയും മിക്ക നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും അമിതാഭ് ബച്ചനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. വിവാഹ ശേഷം വലിയ നഷ്ടമായി അതെനിക്ക് തോന്നിയിരുന്നു. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം സുഹൃത്തും നടിയുമായ ലിസി ഒരു ദിവസം എന്നെ ഫോണില്‍ വിളിച്ചിട്ട് ഒരാള്‍ക്കൊരു കഥ പറയണമെന്ന് പറഞ്ഞു. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും മലയാളത്തില്‍ ഒട്ടുമേ താല്പര്യമില്ലെന്നും എനിക്കൊരു കൊച്ചുകുട്ടിയുള്ളതിനാല് യാത്ര ചെയ്യാനൊക്കില്ലെന്നും പറഞ്ഞു.
അപ്പോഴവള്‍ പറഞ്ഞു; അമിതാഭ് ബച്ചന്റെ ജോഡിയായാണ് അഭിനയിക്കേണ്ടതെന്ന്. അത് കേട്ടയുടന്‍ ഞാന്‍ സമ്മതം മൂളി. അങ്ങനെ നഷ്ടപ്പെട്ടെന്ന് കരുതിയ സ്വപ്നം മലയാളത്തിലൂടെ തിരിച്ചുകിട്ടി. കമല്‍ ഹാസ്സനൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചെങ്കിലും അത് റിലീസായില്ല. എന്നെങ്കിലും ആ സ്വപ്നവും പൂവണിയുമെന്നും താരം പറഞ്ഞു.
Keywords: MP and actress Sumalatha recovered from COVID-19; she talks about infection, COVID-19, Mammotty, Mollywood, Mohanlal, Mask, Social Distancing, Kamal Hassan, Lisy, Parliment Member, Kannada Film
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.