Membership Controversy | ശാരൂഖിനും മമ്മൂട്ടിക്കും ആസിഫ് അലിയ്ക്കും മിയ ഖലീഫയ്ക്കും വരെ മുസ്ലിം ലീഗ് അംഗത്വം: സംഭവം ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്നും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജി; കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി
Jan 8, 2023, 11:12 IST
മലപ്പുറം: (www.kvartha.com) ശാരൂഖിനും മമ്മൂട്ടിക്കും ആസിഫ് അലിയ്ക്കും നടി മിയ ഖലീഫയെയും വരെ മുസ്ലിം ലീഗിന്റെ അംഗത്വപട്ടികയില്‍ ചേര്‍ത്തെന്ന സംഭവത്തില്‍ നടപടിക്കൊരുങ്ങുകയാണ് ലീഗ് നേതൃത്വം. സംഭവത്തില്‍ വിശമായി അന്വേഷിച്ച് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ആലോചന.
സംസ്ഥാന കമിറ്റി നിയോഗിക്കുന്ന അന്വേഷണ കമിഷന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നാണ് വിവരം. സംഭവം ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്നും തിരുവനന്തപുരം ജില്ലയിലെ റിടേണിങ് ഓഫിസറായ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജി പറഞ്ഞു.
കേരളത്തില്‍ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31നാണ് അവസാനിച്ചത്. വീടുകള്‍തോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണ് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവര്‍ ഓണ്‍ലൈനില്‍ പേരും ആധാര്‍ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും അപ് ലോഡ് ചെയ്യണം. ഓരോ വാര്‍ഡിനും ഓരോ പാസ് വേഡും നല്‍കിയിരുന്നുവെന്നാണ് വിവരം.
ഇത്തരത്തില്‍ അപ് ലോഡ് കഴിഞ്ഞാല്‍ കോഴിക്കോട്ടുള്ള ഐടി കോ ഓര്‍ഡിനേറ്റര്‍ക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാന്‍ കഴിയൂ. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണു ലീഗ് നേതൃത്വം ശരിക്കും ഞെട്ടിയത്. തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡില്‍ ശാരൂഖിനും മമ്മൂട്ടിക്കും ആസിഫ് അലിയ്ക്കും നടി മിയ ഖലീഫയ്ക്കും വരെ അംഗത്വം ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
സാധാരണ പാര്‍ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വവിതരണം നടത്തുന്നതെന്നും എന്നാല്‍ ആള്‍ബലമില്ലാത്ത സ്ഥലത്ത് കംപ്യൂടര്‍ സെന്ററുകളെ എല്‍പിച്ചവരുണ്ടെന്നും ഒരുവിഭാഗം ആക്ഷേപിക്കുന്നു. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് വേണ്ടപ്പെട്ടവര്‍ പറഞ്ഞു.
അംഗത്വവിതരണം പൂര്‍ത്തിയായപ്പോള്‍ തലസ്ഥാനത്ത് 59,551 ആണ് പാര്‍ടി അംഗങ്ങള്‍. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണ് കണക്ക്. 2016നെക്കാള്‍ 2.33 ലക്ഷം അംഗങ്ങളുടെ വര്‍ധന. അംഗങ്ങളില്‍ പകുതിയിലേറെ സ്ത്രീകളാണെന്നും റിപോര്‍ട്.
അതേസമയം, ഇത്തരത്തില്‍ തലസ്ഥാനത്ത് വട്ടിയൂര്‍ക്കാവ്, പാളയം തുടങ്ങിയ സ്ഥലങ്ങളിലും അംഗത്വവിതരണത്തില്‍ ക്രമക്കേടു നടന്നതായാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
Keywords: News,Kerala,State,Malappuram,Politics,party,Muslim-League,Controversy, Actor,Actress, Cine Actor,Entertainment,Top-Headlines,Trending,Investigates, Muslim League Membership of Shah Rukh, Mammootty and Mia Khalifa; League ready for action
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.