കാഴ്ചയുടെ ഇടിവെട്ട് പൂരം; തൃശൂരിന് ആവേശമായി എന്റെ കേരളം മെഗാ പ്രദർശനം

 


തൃശൂർ: (www.kvartha.com 18.04.2022) തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ കുതിരാൻ തുരങ്കം. കണ്ടവരും കേട്ടവരും ആദ്യം ഒന്നമ്പരന്നെങ്കിലും തുരങ്കം കാണാൻ ഓടിയെത്തി. തുരങ്കത്തിൽ കയറിയപ്പോൾ കണ്ട കാഴ്ച ചെന്നുനിന്നത് വിശാലമായ മറ്റൊരു ലോകത്ത്. എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ കവാടമായ കുതിരാന്‍ തുരങ്കത്തിന്റെ മാതൃകയാണ് തൃശൂർ ജില്ല തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു തുരങ്കത്തിലൂടെ മേളയിലേക്ക് പ്രവേശിച്ച് മറ്റൊരു തുരങ്കത്തിലൂടെ പുറത്തുവരുന്ന രീതിയിലാണ് ഇതിന്റെ സജ്ജീകരണം. ഗ്രാമീണ കേരളത്തിന്റെ സൗന്ദര്യവും പുത്തൂരിലെ സുവോളജിക്കൽ പാർക്കും ഇവിടെ കാണികളെ കാത്തിരിക്കുന്നു.
                                    
കാഴ്ചയുടെ ഇടിവെട്ട് പൂരം; തൃശൂരിന് ആവേശമായി എന്റെ കേരളം മെഗാ പ്രദർശനം

കാഴ്ചക്കാരുടെ കണ്ണുകളിൽ ഒരു കൊച്ചു കേരളം ഒരുക്കിയാണ് പ്രദർശനം പതിവ് മാതൃകകളിൽ നിന്ന് വേറിട്ട് നിൽക്കുന്നത്. കേരളത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നു തുടങ്ങി എല്ലാ മേഖലകളെയും വ്യക്തമായി ചിത്രീകരിച്ചാണ് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക് അരങ്ങുണർന്നത്. ശീതീകരിച്ച എക്സിബിഷൻ ഹാളിൽ വിപുലമായ സജ്ജീകരണങ്ങളോടെയാണ് സ്റ്റാളുകളെല്ലാം ഒരുക്കിയിട്ടുള്ളത്. സർക്കാരിന്റെ എല്ലാ വകുപ്പുകളും ഇവിടെ അണിനിരന്നിട്ടുണ്ട്. പിന്നിട്ട വർഷങ്ങളിൽ കേരളത്തിന് ലഭിച്ച നേട്ടങ്ങൾ, പൂർത്തീകരിച്ച ഒട്ടനവധി പദ്ധതികൾ, കേരളത്തിന്റെ ധന്യമായ ചരിത്രം, നാം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങള്‍, ഭാവിയിലേക്കുള്ള ചുവടുവയ്പ്പുകള്‍ എന്നിവയെക്കുറിച്ചുള്ള ആകര്‍ഷകമായ കാഴ്ചാനുഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവ ചിത്രീകരിക്കുന്ന കേരളത്തെ അറിയാന്‍ എന്ന പവലിയനിലേക്കാണ് സന്ദര്‍ശകര്‍ ആദ്യം പ്രവേശിക്കുക. വ്യത്യസ്തമായ ടൂറിസം അനുഭവങ്ങള്‍ വാക്ക് വേയിലൂടെ നടന്ന് ആസ്വദിക്കാവുന്ന രീതിയിലാണ് ടൂറിസം വകുപ്പിന്റെ ഈ പവലിയന്‍. പുത്തൂരില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ സുവോളജിക്കല്‍ പാര്‍ക്കിന്റെ മാതൃക ആദ്യമായി ജനങ്ങള്‍ക്ക് കാണാനുള്ള അവസരവും ഇവിടെയുണ്ട്. കേരളത്തിന്റെ ചരിത്രം, വര്‍ത്തമാനം, ഭാവി എന്നിവയെ പുതുതലമുറ-ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്നതാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന എന്റെ കേരളം തീം പവലിയന്‍. നമ്മുടെ ധന്യമായ ചരിത്രം, നാം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങള്‍, ഭാവിയിലേക്കുള്ള ചുവടുവയ്പ്പുകള്‍ എന്നിവയെക്കുറിച്ചുള്ള ആകര്‍ഷകമായ കാഴ്ചാനുഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കിഫ്ബിയുടെ പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്.

റോബോട്ടിക്സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി പ്രിന്റിംഗ് ടെക്നോളജി തുടങ്ങിയവയെ പരിചയപ്പെടുത്തുന്നതാണ് ടെക്നോളജി പവലിയന്‍. ഇവയെക്കുറിച്ച് നേരിട്ടറിയാനും അനുഭവിക്കാനും പവലിയനില്‍ അവസരമുണ്ട്. തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ചാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ കുടുംബശ്രീ മിഷന്റെ വിവിധ സ്റ്റോളുകൾ, ജില്ലയിലെ ബഡ്സ് സ്കൂളുകളിലെ വിദ്യാർത്ഥികൾ ഉണ്ടാക്കിയ കരകൗശല വസ്തുക്കൾ, വ്യവസായ വകുപ്പിന്റെ സ്വയംതൊഴിൽ പരിശീലനത്തിൽ നിർമ്മിച്ച നെറ്റിപ്പട്ടം, കറവ മുതൽ വിപണനം വരെയുള്ള ക്ഷീരകർഷകന്റെ ജീവിത മാതൃകയൊരുക്കി ക്ഷീര വികസന വകുപ്പ്, സേവനവിവരങ്ങൾ നൽകി എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഭൂസർവ്വെ, അക്ഷയ, ലൈഫ്മിഷൻ, വനിത ശിശു വികസന വകുപ്പ് ,മഹിള മന്ദിരം, മെന്റൽ ഹെൽത്ത് ഹോം, ചിൽഡ്രൻസ് ഹോം വിഭാഗങ്ങളിലെ അന്തേവാസികളുടെ ബോട്ടിൽ ആർട്ട്, കരകൗശല വസ്തുക്കൾ എന്നിവയുടെ വിപണികളും ശ്രദ്ധേയമായി.

കാര്‍ഷിക വികസന വകുപ്പിന് കീഴില്‍ പ്രദര്‍ശന സ്റ്റാളുകള്‍ക്ക് പുറമെ, കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഔട്ട്ഡോര്‍ ഡിസ്പ്ലേയും സജ്ജീകരിച്ചിട്ടുണ്ട്. ചൂടൻ കാലാവസ്ഥയിൽ ആവേശം ചോരാതെയാണ് ഓരോരുത്തരും പവലിയനിലേക്ക് എത്തുന്നത്.

Keywords:  News, Kerala, Top-Headlines, Thrissur, Entertainment, Tourism, Agriculture, My Kerala Mega Exhibition, My Kerala Mega Exhibition in Thrissur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia