Restructuring | മാറ്റത്തിനൊരുങ്ങുന്ന മലയാള സിനിമാ ലോകത്ത് തൊഴിലിടങ്ങളിൽ നീതി പുലരുമോ? പ്രതീക്ഷയേകി പോഗ്രസീവ് ഫിലിം മേക്കേഴ്‌സ് 

​​​​​​​
 
New Filmmakers' Association Challenges Status Quo in Malayalam Cinema
New Filmmakers' Association Challenges Status Quo in Malayalam Cinema

Representational Image Generated by Meta AI

● അമ്മയ്ക്കും ഫെഫ്കയ്ക്കും ബദലായി പുതിയ സംഘടന
● സിനിമയിലെ പഴയ വ്യവസ്ഥയ്ക്കെതിരെ ശക്തമായ നിലപാട്
● സംഘടനയ്ക്ക് സി.പി.എമ്മിൻ്റെ രഹസ്യ പിൻതുണയുണ്ടെന്നാണ് വിവരം

ഭാമനാവത്ത്

(KVARTHA) ഹേമാ കമ്മിറ്റി ഉയർത്തി വിട്ട അലയൊലികൾ നിലനിൽക്കെ മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന രൂപീകരിക്കുന്നുവെന്ന വാർത്ത ഏവർക്കും പ്രതീക്ഷയേകുന്നതാണ്. പ്രോഗ്രസീവ് ഫിലിം  മേക്കേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടന വരുന്നതെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോൻ, രാജീവ് രവി എന്നിവരാണ് ഈ സംഘടനയ്ക്കു പിന്നിലെന്നാണ് ലഭ്യമായ വിവരം.

ഒരു പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ രൂപീകരണത്തിനായുള്ള ആലോചന എന്ന തലക്കെട്ടിൽ ഒരു കത്ത് സിനിമാ അണിയറ പ്രവർത്തകർക്കിടയിൽ വിതരണം ചെയ്താണ് ഇവരുടെ തുടക്കം. കത്തിൽ ഒപ്പുവച്ചിരിക്കുന്നത് അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു, രാജീവ് രവി തുടങ്ങിയവരാണ്. നിലവിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ബദലായി,  പുരോഗമന കാഴ്ചപ്പാടുള്ള ഒരു സംഘടന എന്നതാണ് ഇവർ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. 

സിനിമ വ്യവസായം കാലഹരണപ്പെട്ട സംവിധാനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും മറ്റു മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ഒട്ടും പുരോഗമനപരമല്ലെന്നും കത്തിൽ വിമർശിക്കുന്നുണ്ട്. നീതിയുക്തവും ന്യായപൂർണവുമായ തൊഴിലിടങ്ങൾ സൃഷ്ടിക്കുകയാണ് പുതിയ സംഘടനയുടെ ലക്ഷ്യമെന്നാണ് സംഘാടകർ പറയുന്നത്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ  വേരൂന്നിയതാണ് പുതിയ സംഘടനയെന്നാണ് ഇവരുടെ അവകാശവാദം.  മലയാളചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന്തൊഴിലാളികളുടെ ശാക്തീകരണമാണ് പുതിയ സംഘടനയും ലക്ഷ്യമിടുന്നത്.  മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാമെന്ന ആഹ്വാനത്തോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്. 

രഹസ്യ സ്വഭാവത്തോടെ വിതരണം ചെയ്ത കത്ത് നടനും സംവിധായകനുമായ അനുരാഗ കശ്യപ് നവമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ഈ കാര്യം പൊതുജനശ്രദ്ധയിലേക്ക് എത്തിയത്. മറ്റ് സിനിമാ സംഘടനകളെ കത്ത് പേരെടുത്തു പറഞ്ഞ് വിമർശിക്കുന്നില്ലെങ്കിലും അവയെല്ലാം പരാജയം ആണെന്ന ധ്വനി കത്തിലെ വാചകങ്ങളിലുണ്ട്.  ആദ്യഘട്ടമായി ചെറുകൂടിച്ചേരലുകളും തുടർന്ന് വിപുലമായ ഒത്തുചേരലുമാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. അമ്മയും ഫെഫ്കയുമടക്കം നിരവധി സംഘടനകൾ ഇന്ന് ചലച്ചിത്ര ലോകത്തിലുണ്ട്. 

ഹേമ കമ്മിറ്റി പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ കഴിയാത്തതും ഭാരവാഹികൾ പലരും ലൈംഗിക ചൂഷണ കേസുകളിലെ പ്രതികളായതുമാണ് അമ്മയെന്ന സംഘടനയുടെ ശക്തി ക്ഷയത്തിന് ഇടയാക്കിയത്. കൊച്ചിയിലെ ഓഫീസ് പോലും അടച്ചിട്ട ദയനീയമായ അവസ്ഥയിലാണ് അമ്മയെന്ന സംഘടന. പ്രസിഡൻ്റായ മോഹൻലാൽ ഉൾപ്പെടെ 18 എക്സിക്യൂട്ടീവ് അംഗങ്ങൾക്കും രാജിവയ്ക്കേണ്ടിവന്നു. ഭാരവാഹികളായ സിദ്ദീഖും ബാബുരാജും മുൻഭാരവാഹി ഇടവേള ബാബുവുമെല്ലാം പീഡന കേസുകളിൽ കോടതിയുടെ കാരുണ്യം തേടിയാണ് മുൻപോട്ടു പോകുന്നത്. 

അമ്മയിൽ അംഗങ്ങളായ താരങ്ങളുടെ സിനിമകൾ ഓണക്കാലത്ത് ഇറങ്ങാത്ത സാഹചര്യവുമുണ്ടായി. ഈ സാഹചര്യത്തിൽ ഓണക്കാലത്ത് ഫണ്ട് ശേഖരണത്തിനായി നടത്തിവരാറുള്ള സ്റ്റേജ് ഷോകളും മുടങ്ങി. ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധിയാണ് അമ്മ നേരിടുന്നത്. തിരിച്ചുവരവ് ദുഷ്കരമായ സാഹചര്യത്തിൽ കൂട്ടായ പ്രയത്നവും സംഘടനയ്ക്ക് നഷ്ടമായി. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെയെന്ന നിലപാടിൽ അവർ എത്തിച്ചേർന്നുവെങ്കിലും മാധ്യമ വിചാരണയുടെ മുറിവുകൾ ഉണങ്ങാൻ ഇനിയും കാലമേറെയെടുക്കും. താരസംഘടനയായ അമ്മയെപ്പോലെ തന്നെ ആന്തരിക ബലക്ഷയവും കെട്ടുറപ്പില്ലായ്മയും നിർമ്മാതാക്കളുടെയും സംവിധായകരുടെയും സംഘടനയായ ഫെഫ്ക്കയ്ക്കു മുണ്ടായി. 

സംഘടനയുടെ തലപ്പത്തിരിക്കുന്ന സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന ആരോപണമാണ് സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ ഉയർന്നു വന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ വിവാദങ്ങളിലെ അഴകൊഴമ്പൻ നിലപാടുകൾ സംഘടനയെ തകർച്ചയുടെ പടുകുഴിയിൽ എത്തിച്ചു. സംവിധായകൻ ആഷിഖ് അബു ഉൾപ്പെടെ പരസ്യ വിമർശനം ഉന്നയിച്ചു സംഘടനയിൽ നിന്നും രാജിവെച്ചു. ഈ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് വിമത വിഭാഗം പുതിയ സംഘടനയുമായി രംഗത്തുവന്നിരിക്കുന്നത്. ഇടതു അനുകൂലമനസുള്ളവരാണ് സംഘടനയിലെ മുൻനിരക്കാർ. ഭരണകക്ഷിയായ സി.പി.എമ്മിൻ്റെ രഹസ്യ പിൻതുണ നംഘടനയ്ക്കുണ്ടെന്നാണ് വിവരം.

എന്നാൽ സംഘടന രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയാൽ മലയാള സിനിമയിൽ ഇന്ന് നിലനിൽക്കുന്ന പല ജനാധിപത്യവിരുദ്ധ പ്രവണതകൾക്കുമെതിരെ അതിശക്തമായ നിലപാട് ഇവർക്ക് സ്വീകരിക്കാൻ കഴിയുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. വിമൻ ഇൻ സിനിമാ കലക്ടീവ് ഉയർത്തിക്കാട്ടുന്ന തൊഴിലിടങ്ങളിൽ അഭിനേത്രിമാർ നേരിടുന്ന ലിംഗ വിവേചനവും ലൈംഗിക ചുഷണങ്ങളും അവസാനിപ്പിക്കാൻ പുതിയ സംഘടനയ്ക്ക് അടിയന്തിരമായ കഴിയണം. ഇതുകൂടാതെ സിനിമ മേഖലയിൽ ജോലി ചെയ്യുന്ന ലൈറ്റ് ബോയ് തൊട്ട് പ്രൊഡക്ഷൻ കൺട്രോളർ വരെയുള്ളവർക്ക് ന്യായമായ വേതനവും പടം പൂർത്തിക്കും മുൻപെ വാങ്ങി കൊടുക്കാൻ കഴിയുമെങ്കിൽ ആശ്വാസകരമാവും.

കോടികൾ പ്രതിഫലം വാങ്ങി സിനിമയെ തന്നെ മൊത്തം വിഴുങ്ങുന്ന താരരാജാക്കൻമാരുടെ അപ്രമാദിത്വം മലയാള സിനിമയെ സാമ്പത്തിക തകർച്ചയുടെ പടുകുഴിയിലെത്തിച്ചിട്ടുണ്ട്. ഒരു കാലത്ത് പോപ്പുലറായ നിർമാതാക്കൾ പലരും ഇന്ന് സാമ്പത്തിക കെണിയിൽപ്പെട്ടു നട്ടം തിരിയുകയാണ്. ഇവർക്ക് ആശ്വാസമേകുന്ന വിധത്തിൽ നിർമ്മാണചെലവ് ചുരുക്കി നിർമ്മിക്കുന്ന ലോ ബഡ്ജറ്റ് ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. മധ്യവർത്തി സിനിമകൾക്കും സിനിമകൾക്കും തീയേറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള അവസരവും ഒരുക്കി കൊടുക്കണം. ഷൂട്ടിങ് സെറ്റുകളിൽ എല്ലാവർക്കും വിവേചനമില്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനും ലഹരി ഉപയോഗം ഇല്ലാതാക്കാനും സർക്കാരിൻ്റെ സഹായത്തോടെ നടപടി സ്വീകരികണം. 

സംവിധായകരെയോ താരങ്ങളെയോ പ്രീതിപ്പെടുത്താതെ മാന്യമായി ജോലി ചെയ്യാൻ കഴിവുള്ളവർക്ക് ഇനിയെങ്കിലും സാധ്യമാകണം. ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ അതിൻ്റെ മുഴുവൻ ഭാഗങ്ങളും പുറത്തുവരാനിരിക്കെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന ഒരു സംഘടന എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അഞ്ജലി മേനോനെപ്പോലെ മികച്ച വ്യക്തിത്വമുള്ള സംവിധായക അതിനെ നയിച്ചാൽ കൂടുതൽ വിശ്വാസ്യതയും ശോഭയും കൂട്ടിയേക്കും. സംഘടന ഏതായാലും വനിതകൾ തലപ്പത്തു വന്നാൽ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. 

ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമല്ല പ്രേക്ഷകർക്കും പ്രതീക്ഷയേകുന്നതാണ് മലയാള ചലച്ചിത്ര ലോകത്ത് രുപീകരിക്കപ്പെടുന്ന പുതിയ സംഘടന. ഒരു ശുദ്ധികലശത്തിന് അതുവഴി വയ്ക്കുമെങ്കിൽ അത്രയും നല്ലതാണന്നെ ആരും പറയുകയുള്ളൂ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലേക്ക് മാറ്റുന്നതാവരുത് പുതിയ സംഘടനയും. അലകും പിടിയും മാറ്റി രാജ്യത്തിന് അഭിമാനമായ മലയാള ചലച്ചിത്ര മേഖലയെ സംരക്ഷിക്കാനുള്ള ക്രിയാത്മക ഇടപെടലുകൾ സർക്കാരിൻ്റെയും സാംസ്കാരിക വകുപ്പിൻ്റെയും ഭാഗത്ത് നിന്നുണ്ടാവണം.

#MalayalamCinema #FilmIndustry #NewBeginnings #GenderEquality #Filmmakers #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia