Allegation | ആരോപണങ്ങളിൽ നടൻ നിവിൻ പോളി പ്രതിയാകുന്നുണ്ടോ, സത്യമെന്ത്?
* പരാതിക്കാരിയുടെ വെളിപ്പെടുത്തൽ ചർച്ചയായി
സോണി കല്ലറയ്ക്കൽ
(KVARTHA) പെണ്ണോരുമ്പെട്ടാൽ ഇങ്ങനെ ഇരിക്കുമെന്ന് പഴമൊഴിയുണ്ട്. അത് ഇപ്പോൾ കേരളത്തിൽ ഏറെക്കുറെ സത്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരോ ദിവസവും മലയാള സിനിമ മേഖലയിൽ നിന്ന് നടികൾ തങ്ങളുടെ സഹതാരങ്ങളായിരുന്ന നടന്മാർക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് രംഗത്ത് വരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഇത്തരത്തിൽ പരാതികളുടെ ഒരു പ്രവാഹമാണ് നടന്മാർക്കെതിരെ വന്നുകൊണ്ടിരിക്കുന്നത് എന്നത് വിസ്മരിക്കാനാവില്ല.
ഒരു കാലത്ത് വളരെ ആരാധനയോടെ കണ്ടിരുന്ന പല നടന്മാർക്കും ഇതുമൂലം വീടിന് വെളിയിൽ ഇറങ്ങാൻ പറ്റാതായിരിക്കുന്നു എന്നതാണ് വാസ്തവം.നമ്മുടെ കേരളത്തിലെ സിനിമ ഇൻഡസ്ട്രിയിൽ നടക്കുന്ന കാര്യങ്ങൾ മഞ്ഞക്കഥപോലെ എല്ലാവരുടെയും വീടുകളിൽ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഓണത്തിന് പോലും ഇവിടെ ഒരു സിനിമ വിജയിക്കുമോ എന്ന അങ്കലാപ്പിലായിരിക്കുകയാണ് പലരും. അല്ലെങ്കിൽ ഓണത്തിന് മുൻപ് തന്നെ പല പ്രശസ്തതാരങ്ങളുടെയും സിനിമകൾക്ക് ഇപ്പോൾ തന്നെ ബുക്കിങ്ങ് ആരംഭിക്കേണ്ടതായിരുന്നു.
എന്നാൽ സൂപ്പർസ്റ്റാറുകൾ പോലും പരാജയം മണത്ത് തങ്ങളുടെ സിനിമയുടെ റിലീസ് തീയതി മാറ്റിവെച്ചിരിന്നു എന്നാണ് ഇപ്പോൾ കേൾക്കുന്ന വിവരം. ഒടുവിൽ യുവ നടൻ നിവിൻ പോളിക്കെതിരെ ഒരു യുവതി ആരോപിച്ചിരിക്കുന്ന ഒരു പീഡന പരാതിയാണ് മൊത്തത്തിൽ കേരളക്കരയെ പിടിച്ചു കുലുക്കിയിരിക്കുന്നത്. ആരോപണം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും, മാനസികമായും ശാരീരികമായും പീഡിപ്പിച്ചു, 2023 നവംബര്‍-ഡിസംബര്‍ മാസത്തിലാണ് സംഭവം നടന്നതെന്നും പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഞാന്‍ ദുബായില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഇവരുടെ സുഹൃത്തായ ശ്രേയ എന്ന പെണ്‍കുട്ടി മുഖാന്തരം എനിക്ക് യൂറോപ്പിലേക്ക് പോകാന്‍ ഏജന്‍സി വഴി വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ വാങ്ങി. സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ ചോദിച്ചപ്പോള്‍ പ്രൊഡ്യൂസറായ എ കെ സുനില്‍ എന്നയാളെ പരിചയപ്പെടുത്തി. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ദുബൈയില്‍ വെച്ചാണ് പരിചയപ്പെട്ടത്. എ കെ സുനിലുമായി വാക്കുതര്‍ക്കം ഉണ്ടായ സമയത്ത് നിവിന്‍ പോളിയും ബാക്കിയുള്ളവരും ഇയാളുടെ ഗുണ്ടയായിട്ടാണ് വന്നത്. എന്നെ റൂമില്‍ പൂട്ടിയിട്ട് മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം തന്ന് പീഡിപ്പിച്ചു', പരാതിക്കാരി ആരോപിച്ചു.
'നിവിന്‍ പോളിയും അവിടെയുണ്ടായിരുന്നു. ബിനു, കുട്ടന്‍ എന്നിവര്‍ കൂടി അവിടെയുണ്ടായിരുന്നു. ഇവരെ തനിക്ക് കണ്ടാല്‍ അറിയാം. അന്ന് ആദ്യമായാണ് കണ്ടത്. സംഭവത്തില്‍ നേരത്തെ തന്നെ പരാതി കൊടുത്തിരുന്നുവെന്നും എന്നാല്‍ ദുബായില്‍ നടന്ന സംഭവമായതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. ഇപ്പോള്‍ ഹേമ കമ്മിറ്റിയൊക്കെ വന്ന പശ്ചാത്തലത്തിലാണ് വീണ്ടും പരാതി നല്‍കിയത്. തന്റെ വീഡിയോ ഡാര്‍ക്ക് വെബ്‌സൈറ്റിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി. സോഷ്യല്‍മീഡിയ വഴി ആക്രമിച്ചു. വണ്ടി ഇടിപ്പിച്ചുകൊല്ലുമെന്നും പാമ്പിനെകൊണ്ട് കൊത്തിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. സഹിക്കാന്‍ വയ്യാതെയാണ് പരാതികൊടുത്തത്. തനിക്ക് ശത്രുക്കളില്ല. ഇവരൊക്കെയാവാം സൈബര്‍ ആക്രമണത്തിന് പിന്നിൽ', പരാതിക്കാരി പ്രതികരിച്ചു.
ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഒരു പീഡനപരാതിയായിട്ടാണ് എല്ലാവരും ഇതിനെ വിലയിരുത്തുന്നത്. നിവിൻ പോളിയിൽ നിന്ന് അങ്ങനെ ഒന്ന് ഉണ്ടാകുമോ എന്ന് ചിന്തിക്കുന്നവരാണ് ഇവിടെ പലരും. ഇങ്ങനെ ഒരുപാട് പേർ പീഡന പട്ടികയിൽ വന്നത് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. എന്നാൽ താൻ ഇങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ലെന്നും ഈ വിഷയത്തിൽ താൻ നിരപരാധിയാണെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും അപ്പോൾ മാധ്യമങ്ങൾ ഇതുപോലെ തനിക്കൊപ്പം നിൽക്കണമെന്നും ഒക്കെ പറഞ്ഞ് നിവിൻ ഈ വിഷയം പരാതിക്കാരി ചൂണ്ടിക്കാട്ടിയതിന് തൊട്ട് പിന്നാലെ മാധ്യമങ്ങളെ കണ്ടതും വലിയ ചർച്ചയായിരിക്കുകയാണ്.
സൂപ്പർസ്റ്റാറുകൾ പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ അമാന്തിച്ചു നിന്നിടത്ത് നിവിൻ എത്തിയതിനെ ഹീറോയിസം എന്ന് പറഞ്ഞ് പുകഴ്ത്തുന്നവരും ഉണ്ട്. എന്നാൽ ഇത് ഒരു പുകമറയാണെന്ന് കരുതുന്നവരും വളരെയധികം ഉണ്ടെന്ന് പറയാം. അവർ ഈ വിഷയത്തിൽ നിവിൻ തെറ്റുകാരനാണെന്ന് തന്നെ വിലയിരുത്തുന്നു.
അത്തരത്തിൽ ഒരാൾ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതിയത് ഇങ്ങനെ: 'ഹേമ കമ്മിറ്റി റിപ്പോർട്ട് വരും മുമ്പ് 2023 ജൂണിലാണ് ഈ പരാതി ആദ്യമായി നൽകിയത്. അപ്പോൾ വസ്തുത ഉണ്ട് എന്നത് മനസ്സിലാവും. ഓവർ കോൺഫിഡൻസ് കാണിക്കാൻ വേണ്ടി മാത്രമാണ് ഇന്ന് തന്നെ ഇറങ്ങി ഇദ്ദേഹം പത്രസമ്മേളനം നടത്തിയത്. ആദ്യം പരാതി വന്ന സമയത്ത് എന്തുകൊണ്ട് ഇദ്ദേഹം ഒരു പത്ര സമ്മേളനമോ വിശദീകരണമോ നൽകാതിരുന്നത്. അത് പോട്ടെ മിനിമം പരാതി വ്യാജ ആണെങ്കിൽ അന്നുതന്നെ പരാതികാരിക്കെതിരെ ഇദ്ദേഹം നിയമനടപടി സ്വീകരിക്കണ്ടേ.. അത് ഞാൻ അവിടെ വിട്ടു അതിനു വെറുതെ പോയില്ല എന്ന പറച്ചിലിൽ തന്നെയുണ്ട് എന്തോ അക്കിടി പറ്റിയിട്ടുണ്ട് എന്ന്.
കാരണം ഒന്നാലോചിച്ചു നോക്കൂ ആരെങ്കിലും നമ്മൾക്കെതിരെ ഒരു പീഡനക്കേസ് വന്നിട്ടുണ്ട് എന്ന് പോലീസ് വിളിച്ചുപറയും അന്വേഷിക്കുകയും ചെയ്തിട്ടും അതെന്താണ് ഏതാണ് എന്ന് ഞാൻ പിന്നെ അന്വേഷിച്ചില്ല എന്ന് ഏതെങ്കിലും മനുഷ്യൻ പറയുമോ. അങ്ങനെ ചെയ്യുമോ. അതിനർത്ഥം എന്തോ സംഭവം ഉണ്ട് എന്ന്. രണ്ടാമത്തെ കാര്യം ഇത് നിവിൻ പോളി എന്ന വ്യക്തിയെ ടാർജറ്റ് ചെയ്തുകൊണ്ട് വന്ന പരാതിയല്ല മറിച്ച് ആറു പേർ ചേർന്ന് പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിൽ മുഖ്യപ്രതിയായ സിനിമയ്ക്ക് ഫിനാൻസ് ചെയ്യുന്ന വ്യക്തി എന്ന് നിവിൻ പോളി പറഞ്ഞ വ്യക്തിയുമായി നിവിൻപോളിക്ക് ബന്ധമുണ്ടെന്ന് അയാൾ തന്നെ സമ്മതിച്ചു.
അവർ തമ്മിൽ ദുബായിൽ വച്ച് മീറ്റ് ചെയ്തിട്ടുണ്ടായിരുന്നു എന്നും അയാളുടെ കൂടെ ഒരു ആണും പെണ്ണും ഉണ്ടായിരുന്നു എന്നും നിവിൻപോളി തന്നെ പത്രസമ്മേളനത്തിൽ പറഞ്ഞു കഴിഞ്ഞു. പരാതിക്കാരിയുടെ പരാതി കൂടി ചേർത്ത് വായിച്ചു കഴിഞ്ഞാൽ ദുബായിൽ വച്ച് ഇതുപോലെ എന്തോ നടന്നിട്ടുണ്ട് എന്ന് പത്ര സമ്മേളനത്തിൽ നിവിൻ പറഞ്ഞ കാര്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. പ്രതികളിൽ ഒരാൾ ഒരു സ്ത്രീയാണ് ശ്രേയ, പിന്നെ ഒരാൾ ഈ പ്രൊഡ്യൂസർ ആണ്. ഇതൊക്കെ ചേർത്ത് വായിച്ചാൽ ഈ പത്രസമ്മേളനം നിവിൻ പോളിക്ക് സെൽഫ് ഗോൾ ആവാനാണ് സാധ്യത. സിനിമാറ്റിക് ഡയലോഗുകൾ പറഞ്ഞതുകൊണ്ട് കാര്യമില്ല. സ്ക്രിപ്പ്റ്റ് തയ്യാറാക്കുമ്പോൾ ലോജിക്കലി പാളിപ്പോവാതെ നിവിൻപോളി നോക്കണമായിരുന്നു. ചുമ്മാ സപ്പോർട്ട് വാരിക്കോരി കൊടുക്കാതെ ഇത്തരം വസ്തുത കൂടി ഈ കേസിൽ മനസ്സിലാക്കണം'. ഇതാണ് കമന്റ്.
എന്തായാലും നിവിനെ ചില ആളുകൾ ഹീറോയാക്കുമ്പോൾ അദ്ദേഹത്തെ സംശയമുനയിൽ നിർത്തുന്നവരും ഇവിടെ ഉണ്ടെന്ന് വേണം കരുതാൻ. എന്തായാലും സത്യം ജയിക്കട്ടെ. ഈ വിഷയങ്ങൾ ഇവിടെയെങ്ങും തീരുമെന്നും തോന്നുന്നില്ല. താങ്കൾ നിരപരാധിയാണെന്ന് തെളിഞ്ഞാൽ ഒപ്പം ഉണ്ടാകും ഈ പറയുന്നവരും.
#NivinPauly, #Allegations, #PressConference, #KeralaCinema, #LegalIssues, #DubaiIncident