Movie Review | 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' റിവ്യൂ: ഒരു ഗംഭീര ത്രില്ലർ അനുഭവം; കുഞ്ചാക്കോ ബോബൻ്റെ അഴിഞ്ഞാട്ടം


● ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു നല്ല അനുഭവം.
● കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിൽ എത്തുന്നു.
● പ്രിയാമണിയാണ് സിനിമയിലെ നായിക.
● ജിത്തു അഷ്റഫാണ് സിനിമയുടെ സംവിധായകൻ.
സോളി കെ ജോസഫ്
(KVARTHA) കുഞ്ചാക്കോ ബോബൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന സിനിമയായ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ഈ സിനിമയിൽ പ്രിയാമണിയാണ് ചാക്കോച്ചൻ്റെ നായികയായി എത്തുന്നത്. ചോക്ലേറ്റ് ബോയ് എന്ന ലേബൽ മാറി ഒരു നോട്ടത്തിൽ തന്നെ ഉരുകി പോകുന്ന മികച്ച പോലീസ് ഓഫീസറുടെ വേഷമാണ് കുഞ്ചാക്കോ ബോബൻ സിനിമയിൽ ചെയ്തിരിക്കുന്നത്. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ.
ആദ്യത്തെ ഇൻട്രോ തൊട്ട് അവസാനത്തെ ഷോട്ട് വരെ കുഞ്ചാക്കോ ബോബന്റെ അഴിഞ്ഞാട്ടമാണ് ഈ പടത്തിൽ എന്ന് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. തുടക്കത്തിൽ മസിൽ പിടുത്തം ഫീൽ ചെയ്ത കുഞ്ചാക്കോ പിന്നീടങ്ങോട്ട് മാസ് രംഗങ്ങളിലും അല്ലാതെയും കഥാപാത്രത്തോട് മുഴുവനായി നീതി പുലർത്തി ആറാടുന്നതാണ് കണ്ടത്. ഈയിടെ ഇറങ്ങിയ സിനിമകളിൽ വെച്ച് മികച്ച ത്രില്ലർ അനുഭവം തന്നെയാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ഒരു മാല മോഷണത്തെ തുടർന്ന് നടക്കുന്ന അന്വേഷണം ചെന്നെത്തുന്നത് ബാംഗ്ലൂർ പശ്ചാത്തലമായ ഒരു ഗാങ്ങിലേക്കാണ്. പിന്നീട് നടക്കുന്ന വൻ സംഭവങ്ങളാണ് പടത്തിൻ്റെ ഇതിവൃത്തം. ജിത്തു അഷ്‌റഫ് എന്ന സംവിധായകന്റെ ഗംഭീര മേക്കിങ് ആണ് പടത്തിന്റേത്. അതിനൊത്ത സ്ക്രിപ്റ്റും കൂടി ആകുമ്പോൾ പടം വേറെ ലെവൽ തന്നെയാകുന്നു. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന. 'പോലീസ്' ആയാലും കള്ളൻ ആയാലും ഡ്രഗ്സ് എത്രമാത്രം അപകടകാരി ആണെന്ന് ഈ ചിത്രം പറഞ്ഞുതരുന്നു.
അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിൽപ്പെട്ട എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാകുന്നു ഇത്. ഇതുപോലുള്ള കുറച്ചു പോലീസ് ഓഫീസേഴ്സ് ഉള്ളതുകൊണ്ടാണ് കുറച്ചെങ്കിലും നമ്മൾ സമാധാനമായി ജീവിക്കുന്നത് എന്ന് ഈ സിനിമ കണ്ടിറങ്ങുമ്പോൾ തോന്നിപ്പോകുക സ്വഭാവികം. നമ്മുടെ നിയമം കുറച്ചു കൂടെ സ്ട്രോങ് ആയില്ലെങ്കിൽ ഇതുപോലുള്ള ഓഫീസേഴ്സ് തന്നെ വേണ്ടി വരും എന്ന് ആരെങ്കിലും ചിന്തിച്ചാലും അവരെ കുറ്റം പറയാനും സാധിക്കില്ല. അത്രയ്ക്കുണ്ട് ഷാഹി കബീറിൻ്റെ രചന. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്‍ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ക്യാമറ ചലിപ്പിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ചു. പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ രാഹുൽ സി പിള്ള.
ക്രിയേറ്റീവ് ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണെക്സ് സേവ്യർ, സ്റ്റിൽസ് നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, വാർത്താ പ്രചരണം പ്രതീഷ് ശേഖര്‍ എന്നിവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്. കഥ പറച്ചിൽ രീതിയും മേക്കിംഗ് ക്വാളിറ്റിയും കൊണ്ട് നന്നായി വന്ന സിനിമയാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. പ്ലോട്ട്, മോട്ടീവ് എന്നിവ പുതുമയില്ലെങ്കിലും ഓഫീസറുടെ പതിവ് ട്രാജഡിയടങ്ങിയ ഇമോഷണൽ രംഗങ്ങളും ലാഗില്ലാതെ അവതരിപ്പിച്ച സിനിമ ഫുള്ളി എങ്കേജിംഗ് ആണ്. ഒപ്പം പടത്തിനെ എലിവേറ്റ് ചെയ്യുന്ന ജാക്സ് ബീജോയിയുടെ കിടിലൻ ബിജിഎം. മൊത്തത്തിൽ ഒരു ഗംഭീര ത്രില്ലർ അനുഭവം നൽകുന്നു. തീയറ്റർ എക്സ്പീരിയൻസ് ഡിമാൻ്റ് ചെയ്യുന്ന ഒരു കിടിലൻ ക്രൈം തില്ലർ മൂവി ആണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ഈ സിനിമ തീയറ്ററിൽ തന്നെ കണ്ട് എക്സ്പീരിയൻസ് ചെയ്യാൻ ശ്രമിക്കുക .
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
'Officer on Duty' is an engaging crime thriller with Kunchacko Boban in a compelling police officer role. Directed by Jithu Ashraf, it offers an intense cinematic experience.
#OfficerOnDuty #KunchackoBoban #CrimeThriller #MalayalamMovies #ThrillerReview #FilmReview