Movie | എആർഎമ്മിനെ ഇന്ത്യൻ സിനിമ ഒന്നടങ്കം സ്വീകരിക്കുമെന്ന് പ്രശാന്ത് നീൽ; ടൊവിനോ ചിത്രം സെപ്റ്റംബർ 12ന് പ്രദര്‍ശനത്തിനെത്തും
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ബെംഗളൂരു: (KVARTHA) സെപ്റ്റംബർ 12ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഓണച്ചിത്രങ്ങളിൽ പ്രധാനമായ ഒന്നാണ് ടൊവിനോ തോമസ് നായകനായെത്തുന്ന അജയന്റെ രണ്ടാം മോഷണം.
എആർഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ചിത്രം പൂർണമായും ത്രീഡിയിൽ ഒരുക്കിയ ഒരു വമ്പൻ സിനിമയാണ്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും.
എആർഎമ്മിനെ ഇന്ത്യൻ സിനിമ ഒന്നടങ്കം വരവേൽക്കുമെന്നും ഒരു വമ്പൻ തിയേറ്റർ അനുഭവമായിരിക്കും ചിത്രമെന്നും പ്രശാന്ത് നീൽ പറഞ്ഞു. ഹോംമ്പാലെ ഫിലിംസിന്റെ ഓഫീസിൽ വച്ച് സംവിധായകൻ പ്രശാന്ത് നീൽ, ഹോംബാലെ ഫിലിംസിന്റെ നിർമ്മാതാക്കളായ വിജയ് കിരഗണ്ടൂർ, ചാലുവെ ഗൗഡ എന്നിവർ ചേർന്ന് എആർഎം ട്രെയിലർ കണ്ടപ്പോഴായിരുന്നു ഈ പ്രതികരണം.
കെജിഎഫ് ഫ്രാഞ്ചൈസി, സലാർ എന്നീ ചിത്രങ്ങൾ സമ്മാനിച്ച വിജയ ജോഡികൾ ആണ് പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും. എആർഎമ്മിന്റെ കന്നഡ വിതരണാവകാശം ഹോംബാലെ ഫിലിംസാണ് നേടിട്ടുള്ളത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നു.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാർ ഒരുക്കിയ തിരക്കഥയ്ക്ക് ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്.