Mansion | ബോളിവുഡിനെ ഞെട്ടിച്ച് താര ദമ്പതികളുടെ ആറുനില ആഢംബര ഭവനം; തരംഗമായി വീഡിയോ
● രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വസതി.
● 6 നിലകളുള്ള ബംഗ്ലാവാണ് ബാന്ദ്രയില്‍ ഒരുങ്ങുന്നത്.
● ഇളം നീല നിറത്തിലാണ് വീടിന്റെ പുറം ചുമരുകള്‍.
മുംബൈ: (KVARTHA) സമീപ വര്‍ഷങ്ങളില്‍, ബോളിവുഡിലെ താര ദമ്പതികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും (Ranbir Kapoor and Alia Bhatt) മുംബൈയിലെ ബാന്ദ്രയിലെ അവരുടെ പുതിയ വീടിന്റെ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുന്നത് ആരാധകര്‍ പതിവായി കണ്ടിട്ടുണ്ട്. നേരത്തെ ബംഗ്‌ളാവിന്റെ നിര്‍മ്മാണ പുരോഗതി പരിശോധിക്കാന്‍ മകള്‍ രാഹയ്ക്കും രണ്‍ബീറിന്റെ അമ്മ നീതു കപൂറിനും ഒപ്പം ദമ്പതികള്‍ എത്തിയ വീഡിയോകളും വൈറലായിരുന്നു.
നിലവില്‍, ആലിയയും രണ്‍ബീറും മകള്‍ രാഹയ്ക്കൊപ്പം ഇരുവരുടെയും വിവാഹം നടന്ന അവരുടെ പാലി ഹില്‍സിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ബാന്ദ്രയില്‍ പണിയുന്ന ആഢംബര ഭവനത്തിന്റെ പണി പൂര്‍ത്തിയാകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. സ്ഫടിക ബാല്‍ക്കണികളും വലിയ ജനാലകളും കൊണ്ട് മനോഹരമാണ് ആറ് നിലകളുള്ള ബംഗ്ലാവ്. പൂര്‍ണ്ണമായ ചാരനിറവും ഇളം നീലയും നിറഞ്ഞ പുറം ചുമരുകള്‍ ഉള്‍ക്കൊള്ളുന്ന വലിയ ജനാലകളും വീഡിയോയില്‍ കാണാം.
രണ്‍ബീറിന്റെ അന്തരിച്ച മുത്തശ്ശി കൃഷ്ണ രാജ് കപൂറിന്റെ പേരിലാണ് ബംഗ്ലാവ് പണിത സ്ഥലം എന്നാണ് വിവരം. ബോളിവുഡ് ലൈഫില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, രണ്‍ബീര്‍ ബംഗ്ലാവ് തന്റെ മകള്‍ റാഹയ്ക്ക് സമ്മാനിച്ച് അവളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പദ്ധതിയിടുന്നുവെന്നാണ്.
ഷാരൂഖ് ഖാന്റെ മന്നത്ത്, അമിതാഭ് ബച്ചന്റെ ജല്‍സ എന്നിവയെ മറികടന്ന് മുംബൈയിലെ 'ഏറ്റവും ചെലവേറിയ' സെലിബ്രിറ്റി ബംഗ്ലാവാക്കി മാറ്റിയ ഈ ഭവനത്തിന് അദ്ദേഹത്തിനും കുടുംബത്തിനും ഏകദേശം 50 കോടി രൂപ ചെലവായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ബോളിവുഡ് പാപ്പരാസിയായ വൈറല്‍ ബയാനി ബംഗ്ലാവിന്റെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ പലതരത്തിലാണ് ആരാധകര്‍ ഇതിനോട് പ്രതികരിച്ചത്. ഇതൊരു ബംഗ്ലാവാണോ ഇത് ഒരു സാധാരണ കെട്ടിടം പോലെ തോന്നുന്നുവെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടത്. ചില ആരാധകര്‍ ബംഗ്ലാവിന്റെ ഡിസൈനെക്കുറിച്ചും സമ്മിശ്ര പ്രതികരണമാണ് നടത്തിയത്.
#RanbirKapoor #AliaBhatt #Bollywood #NewHouse