ദിലീപിനെ തിരിച്ചെടുത്ത നടപടി: 8 വര്‍ഷം മുമ്പ് ദിലീപ് 'വിഷമാണെന്ന്' പറഞ്ഞ് തിലകന്‍ 'അമ്മ'ക്കെഴുതിയ കത്ത് വീണ്ടും ചര്‍ച്ചയാകുന്നു

 


കൊച്ചി: (www.kvartha.com 27.06.2018) നടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടിയില്‍ സിനിമക്കുള്ളില്‍ പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തില്‍ എട്ട് വര്‍ഷം മുമ്പ് ദിലീപ് 'വിഷമാണെന്ന്' പറഞ്ഞ് തിലകന്‍ 'അമ്മ'ക്കെഴുതിയ കത്ത് വീണ്ടും ചര്‍ച്ചയാകുന്നു. 2012 ല്‍ മരിക്കുംവരെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'ക്ക് പുറത്തുനില്‍ക്കേണ്ടിവന്ന തിലകന്‍ 2010ല്‍ സംഘടന നേതൃത്വത്തിനെഴുതിയ കത്താണ് വീണ്ടും ചര്‍ച്ചയാകുന്നത്.

അകാരണമായി തന്നെ പുറത്തുനിര്‍ത്തിയത് ചോദ്യംചെയ്ത് 'അമ്മ'യുടെ അന്നത്തെ ജനറല്‍ സെക്രട്ടറി മോഹന്‍ലാലിനാണ് തിലകന്‍ കത്ത് എഴുതിയത്. മലയാള സിനിമയുടെ കോടാലിയാണ് 'അമ്മ'യെന്ന് തുറന്നടിച്ചതിനെത്തുടര്‍ന്നാണ് തിലകന് വിലക്കേര്‍പ്പെടുത്തിയത്. അച്ചടക്ക ലംഘനം മാത്രമാണ് തിലകനെതിരെ പറയാനുള്ള കുറ്റം. എന്നിട്ടും അദ്ദേഹത്തിന് 'അമ്മ'യില്‍ തിരിച്ചെത്താനായില്ല. അതേസമയം ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായ ദിലീപ് പുണ്യാളനായി അമ്മയില്‍ തിരിച്ചെത്തുകയാണ്. അച്ചടക്കസമിതി മുമ്പാകെ ഹാജരാകാതിരുന്ന തിലകന്റെ വിശദീകരണം പോലും കേള്‍ക്കാതെ ഏകപക്ഷീയമായി ആയിരുന്നു പുറത്താക്കല്‍. എന്നാല്‍, വിശദീകരണം കേള്‍ക്കാതെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ദിലീപിനെ തിരിച്ചെടുക്കുന്നത്.

ദിലീപിനെ തിരിച്ചെടുത്ത നടപടി: 8 വര്‍ഷം മുമ്പ് ദിലീപ് 'വിഷമാണെന്ന്' പറഞ്ഞ് തിലകന്‍ 'അമ്മ'ക്കെഴുതിയ കത്ത് വീണ്ടും ചര്‍ച്ചയാകുന്നു


അമ്മയില്‍ രണ്ടു നീതി എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. നടിയെ ആക്രമിച്ച കേസില്‍ വിധി വരുംമുമ്പ് ദിലീപിനെ തിരിച്ചെടുക്കാന്‍ 'അമ്മ' തീരുമാനിക്കുകയും ഇതിനുപിന്നാലെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കത്ത് വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങിയത്.

തലസ്ഥാന നഗരിയിലെ ഒരുവിഭാഗം സിനിമരാജാക്കന്മാരാണ് തന്നെ മാറ്റിനിര്‍ത്തിയതിനു പിന്നില്‍. ഗണേഷ് കുമാറിന്റെ ഗുണ്ടകള്‍ വധഭീഷണി മുഴക്കിയതിനെക്കുറിച്ച് 'അമ്മ'യില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തന്നെ പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കരാര്‍ ഒപ്പിട്ട് അഡ്വാന്‍സ് നല്‍കിയ ചിത്രങ്ങളില്‍നിന്ന് പോലും ചിലര്‍ ഇടപെട്ട് ഒഴിവാക്കി. 'അമ്മ' എന്ന സംഘടനയോട് എന്നും ബഹുമാനമുണ്ട്. എന്നാല്‍, എക്‌സിക്യൂട്ടിവിലെ ചില അംഗങ്ങളുടെ പെരുമാറ്റം മാഫിയയെപ്പോലെയാണെന്നായിരുന്നു തിലകന്റെ ആരോപണം. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദിലീപ് 'വിഷമാണെന്ന്' പറയാന്‍ മടിയില്ലെന്നും തിലകന്‍ തുറന്നടിച്ചിരുന്നു.

തിലകനോടും ദിലീപിനോടും ഇരട്ടനീതിയാണെന്ന് ചൂണ്ടിക്കാട്ടി സിനിമക്കകത്തുതന്നെ പലരും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരുടെ നിലപാടിനെ പ്രശംസിച്ചും പിന്തുണച്ചും ഉന്നത രാഷ്ട്രീയ നേതാക്കളടക്കം രംഗത്തുവരുന്നുണ്ട്. ഇത് അമ്മയ്ക്ക് തലവേദനയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Kochi, News, Dileep, Actress, attack, Amma, Entertainment, Thilakan, Re entry of Dileep to AMMA; Thilakan's letter re discussing 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia