Critique | കെ ജി ജോര്‍ജിന്റെ 'ലേഖയുടെ മരണം' സിനിമ ഇപ്പോൾ പ്രസക്തമാകുന്നത് എന്ത് കൊണ്ട്?

 
KG George's Film 'Lekha’s Death'
KG George's Film 'Lekha’s Death'

Photo Credit: Youtube/ Lijin Jose

* സിനിമയിലെ അധികാര കേന്ദ്രങ്ങളിൽ പലപ്പോഴും അധികാര ദുരുപയോഗം നടക്കുന്നു.
*  സ്ത്രീകൾ പരാതിപ്പെടാൻ ഭയപ്പെടുന്നു.

അർണവ് അനിത 

(KVARTHA) അഭിനയിക്കാന്‍ കഴിവുണ്ടായിരുന്ന മകളെ അവസരങ്ങള്‍ക്കും പണത്തിനും വേണ്ടി വില്‍ക്കുന്ന അമ്മയും പലപ്പോഴും പ്രതിരോധിക്കാനാകാതെ നിസഹായ അവസ്ഥയിലായ മകളുടെയും കഥ പറയുന്ന സിനിമയാണ് ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പല നടിമാരും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറയുമ്പോള്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധേയമാവുകയാണ്. സ്വയം ജീവനൊടുക്കിയ നടി ശോഭയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കെ ജി ജോര്‍ജ് ഈ ചിത്രം ഒരുക്കിയത്. ശോഭയും സംവിധായകന്‍ ബാലുമഹേന്ദ്രയും തമ്മിലുണ്ടായിരുന്ന പ്രണയവും സിനിമയില്‍ പറയുന്നുണ്ട്. 

 KG George's Film 'Lekha’s Death'

ചിത്രത്തില്‍ സംവിധായകന്റെ കുപ്പായമിട്ടത് ഭരത് ഗോപിയാണ്. വിവാഹിതനായ സംവിധായകനും ഉപേക്ഷിക്കുന്നതോടെ ലേഖ സ്വയം ജീവനൊടുക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ലേഖമാരുടെ ജീവിതത്തില്‍ വലിയമാറ്റം സംഭവിച്ചിട്ടില്ല. സിനിമയിലെ തലതൊട്ടപ്പന്‍മാരും രക്ഷിതാക്കളും ഇതിന് കാരണമാണ്. സിനിമയുടെ ആഢംബരവും പണവും മോഹിച്ച് മക്കളെ കൊണ്ട് എന്തും ചെയ്യിക്കാന്‍ തയ്യാറായ അമ്മമാര്‍ ഈ ലോകത്തുണ്ട്, രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ ഇക്കാര്യം പ്രത്യേകം പറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്.

മുതിര്‍ന്ന നടിമാര്‍ യുവനടിമാരെ വഴിതെറ്റിക്കുന്നതും പതിവാണ്. ഇതിനായി പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെല്ലാം വേഷവും കരുതലും ഉണ്ടാകും. അവരാരും സിനിമയില്‍ നിന്ന് പുറത്തായിട്ടുമില്ല. നടി സന്ധ്യാ മേനോന്‍ (യഥാര്‍ത്ഥ പേരല്ല) മലയാള സിനിമയില്‍ ഏറെ തിരക്കുണ്ടായിരുന്ന സമയത്താണ് അഭിനയം നിര്‍ത്തിയതും വിവാഹം കഴിച്ച് വിദേശത്തേക്ക് പറന്നതും. മാന്യമായി ജോലി ചെയ്ത് വന്നിരുന്ന നടിയെ ഒരു പ്രമുഖനടന്‍ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് അവര്‍ക്ക് തന്റെ പ്രൊഫഷണല്‍ ജീവിതം അവസാനിപ്പിക്കേണ്ടിവന്നതെന്ന് സിനിമയിലുള്ളവര്‍ തന്നെ പറയുന്നു. ഈ നടനെ ഒരിക്കല്‍ ചെരുപ്പ് ഊരിയടിച്ചെന്നും കരക്കമ്പിയുണ്ട്. 

പുതുതായി എത്തുന്ന നടിമാരെ മറ്റ് പലരുടെയും താല്‍പര്യങ്ങള്‍ക്ക് വേണ്ടി കളമൊരുക്കി കൊടുക്കുന്നതില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കും പങ്കുണ്ട്. മാതാപിതാക്കള്‍ക്കൊപ്പമായിരിക്കും ആദ്യം നടിമാരെത്തുക. കണ്‍ട്രോളര്‍മാര്‍ ഇടപെട്ട് ആദ്യം അച്ഛനെയും പിന്നീട് അമ്മയേയും ഒഴിവാക്കും. സാധാരണ ജീവിതം നയിച്ചിരുന്ന പെണ്‍കുട്ടികള്‍ സിനിമയുടെ മായികലോകത്ത് എത്തുമ്പോഴേക്കും മതിമറന്നിരിക്കും. പിന്നീട് അവരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മാനേജര്‍മാരോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരോ ആയിരിക്കും. അവരുടെ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വഴങ്ങിയായിരിക്കും ഇവര്‍ ജീവിക്കുക. 

അവസരങ്ങള്‍ കുറഞ്ഞുതുടങ്ങുമ്പോള്‍ പഴയ പോലെ ആഢംബര ജീവിതം നയിക്കാനാകില്ല, അങ്ങനെയുള്ള സാഹചര്യം ഉണ്ടാകുമ്പോള്‍ വഴിവിട്ട ജീവിതം നയിക്കുകയോ, അല്ലെങ്കില്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമാവുകയോ ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മക്കളുടെ മാനസികാവസ്ഥ മനസിലാക്കി പെരുമാറാന്‍ മാതാപിതാക്കള്‍, പ്രത്യേകിച്ച് അമ്മമാര്‍ തയ്യാറാകില്ല. എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാകാന്‍ അവര്‍ മക്കളെ നിര്‍ബന്ധിക്കും. ഈ അവസരം മുതലെടുക്കാന്‍ ചില പ്രൊഡകഷന്‍ കണ്‍ട്രോളര്‍മാരും മറ്റ് ഇടനിലക്കാരും രംഗത്തെത്തും. 

ഇതാണ് കഴിഞ്ഞ കുറേക്കാലമായി മലയാളസിനിമയില്‍ നടക്കുന്നത്. ഈ സമയത്ത് അച്ഛന്‍മാരെ നടിയുടെ കുടുംബത്തില്‍ നിന്ന് അകറ്റിയിരിക്കും. ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്കില്‍ നടന്‍ തിലകന്‍ അവതരിപ്പിച്ച കോട്ടൂരാന്‍ പറയുന്നൊരു ഡയലോഗുണ്ട്, തന്ത സിനിമയ്ക്ക് ആവശ്യമില്ലാത്തതാണ്, സിനിമയ്ക്ക് ആവശ്യം അങ്കിളാണ്. ഇന്ന് അങ്കിള്‍മാരുടെ സ്ഥാപനത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ഇടനിലക്കാരും എത്തിയെന്ന് മാത്രം.

ആരെങ്കിലും മോശമായി പെരുമാറിയാല്‍ പരാതി നല്‍കിയാല്‍ നടപടിയെടുക്കാന്‍ പോലും സിനിമാ സംഘടനകള്‍ തയ്യാറാകില്ല എന്നതാണ് ഏറ്റവും മോശമായ കാര്യം. സംഘടനകളുടെ തലപ്പത്തുള്ളവരെല്ലാം ആരോപണ വിധേയരെ സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കും. തുളസിദാസ് മുതല്‍ അലന്‍സിയര്‍ വരെയുള്ളവര്‍ക്കെതിരെ നടപടി ഉണ്ടാകാത്തത് അതുകൊണ്ടാണ്. പതിറ്റാണ്ടുകളായി ഇത്തരത്തില്‍ മൂടിവെച്ച പരാതികള്‍ അഗ്നിപര്‍വതം പൊട്ടി ലാവ പുറത്തുവരുന്നത് പോലെ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. കുറ്റാരോപിതര്‍ക്ക് താക്കീതെങ്കിലും നല്‍കിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള പ്രവണത പിന്നീട് ഉണ്ടാകുമായിരുന്നില്ല. 

സിനിമയില്‍ വേര്‍തിരിവ് ശക്തമാണെന്നും പ്രബലരെ സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാകുമെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരക്കാര്‍ക്ക് രാഷ്ട്രീയ ബലവും പൊലീസിന്റെ പിന്തുണയും ഉണ്ടായിരിക്കും. അതുകൊണ്ട് പരാതിക്കാരുടെ ശബ്ദം പലപ്പോഴും പുറത്തുവന്നിരുന്നില്ല. പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായാല്‍ സിനിമയില്‍ നിന്ന് ഔട്ടാക്കുമെന്ന് ഭീഷണിപ്പെടുത്തും. ഹേമാകമ്മിറ്റി അതിന് നിമിത്തമായെന്ന് മാത്രം. വലിയതിരക്കുകളില്ലാത്ത നടിമാരെ സ്റ്റേജ്‌ഷോയ്ക്ക് കൊണ്ടുപോകുന്നതിനും പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. 

ഇടവേളബാബു അതിലൊരാളാണെന്നത് പരസ്യമായ രഹസ്യമാണ്. കൂടെ നിന്നാല്‍ സ്റ്റേജ്‌ഷോയ്ക്ക് കൊണ്ടുപോകാമെന്ന് ഇയാള്‍ പലനടിമാരോടും പറഞ്ഞിട്ടുണ്ടെന്ന് ഒരു നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് ഇടവേള ബാബുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവായതെന്ന കരക്കമ്പിയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇടവേള നീക്കി ബാബു പുറത്തുവരേണ്ടിവരും.

#LekhasDeath, #KGGeorge, #FilmIndustry, #ActressExploitation, #MalayalamCinema, #ProductionControl

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia