Music Legend | ദേവരാജൻ മാസ്റ്റർ വിട വാങ്ങിയിട്ട് 19 വർഷം; മറഞ്ഞെങ്കിലും മായാതെ പാട്ടിന്റെ രാജശിൽപി


● മലയാള ഗാനശാഖയെ സമ്പന്നമാക്കിയ അതുല്യ പ്രതിഭയാണ് ദേവരാജൻ മാസ്റ്റർ.
● അദ്ദേഹം സംഗീതം നൽകിയ ഭക്തിഗാനങ്ങൾ ഇന്നും മലയാളികൾ നെഞ്ചേറ്റുന്നു.
● വയലാർ - ദേവരാജൻ കൂട്ടുകെട്ട് മലയാള സിനിമാ ഗാനങ്ങൾക്ക് പുതിയ ഭാവുകത്വം നൽകി.
● നാടക ഗാനരംഗത്തും നിരവധി സംഭാവനകൾ നൽകി.
● അദ്ദേഹത്തിന്റെ ഗാനങ്ങൾ കാലാതീതമായി ഇന്നും നിലനിൽക്കുന്നു.
നവോദിത്ത് ബാബു
ന്യൂഡൽഹി: (KVARTHA) മലയാള ചലച്ചിത്ര നാടകഗാന ശാഖകൾക്ക് അതുല്യ സംഭാവനകൾ നൽകിയ സംഗീത പ്രതിഭ ജി ദേവരാജൻ മാസ്റ്റർ ഈ ലോകത്തോട് വിടവാങ്ങിയിട്ട് 19 വർഷം. വ്യത്യസ്തങ്ങളായ ഈണങ്ങൾ കൊണ്ട് മലയാള ഗാനശാഖ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ ഈണങ്ങളിൽ നാടൻ പാട്ടിന്റെ കിലുകിലാരവവും പാശ്ചാത്യ സംഗീതത്തിന്റെയും കർണാടക ഹിന്ദുസ്ഥാനി സംഗീതങ്ങളുടെയും ഇഴചേരൽ കൂടി ഉണ്ടായിരുന്നു.
സിനിമ പാട്ടിൽ സാഹിത്യം വേണമെന്നും ഈണങ്ങൾ അതുപോലെ ആകണമെന്നും നിർബന്ധം പിടിച്ചിരുന്ന മാസ്റ്റർ സംഗീതത്തിനും സാഹിത്യത്തിനും ഒരുപോലെ പ്രാധാന്യം നൽകി വരികൾ ഹൃദിസ്ഥമാക്കിയതിനുശേഷം മാത്രം ഈണമിടുന്ന സ്വഭാവ വിശേഷണമുള്ള വ്യക്തിയായിരുന്നു.
ഇപ്രകാരം മാസ്റ്റർ സൃഷ്ടിച്ച അനശ്വര ഗാനങ്ങൾ മലയാള ഭാഷ നിലവിലുള്ള കാലത്തോളം സംഗീത സാഹിത്യ ഹൃദയമുള്ള കലാപ്രേമികളുടെ മനസ്സിൽ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറുകയില്ല. വയലാർ, ദേവരാജൻ, യേശുദാസ് ഇത്രയും എഴുതിയാൽ തന്നെ മലയാള ചലച്ചിത്ര ലോകത്തിന്റെ ഒരു വലിയ കാലഘട്ടം അനാവരണം ചെയ്യപ്പെടും എന്ന് ഉറപ്പാണ്. മുന്നൂറിലേറെ സിനിമകളിൽ രണ്ടായിരത്തിലേറെ ഗാനങ്ങൾക്ക് മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. മലയാളത്തിലെ നിത്യഹരിതഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിൽ മഹാഭൂരിപക്ഷവും.
മലയാളത്തിലെ പ്രശസ്തഗായകരായ കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ തുടങ്ങിയവർ ദേവരാജനെ തങ്ങളുടെ തലതൊട്ടപ്പനായിട്ടാണ് കരുതുന്നത്. ദേവരാജന്റെ സംഗീതമാന്ത്രികതയായിരുന്നു ആ ഗായകരുടെ ഏറ്റവും നല്ല ഗാനങ്ങളിൽ പലതും പുറത്തുകൊണ്ടുവന്നത്. കേരള സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്രസംഗീതസംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ പരവൂരിൽ 1925 സെപ്റ്റംബർ 27ന് ജനിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ ദേവരാജൻ തന്റെ സർഗ്ഗാത്മകത ജനകീയ സംഗീതത്തിനായി സമർപ്പിക്കുന്നതിനായി കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളെ മലയാളികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കേരളത്തിലെ പ്രശസ്ത നാടകവേദിയായിരുന്ന കേരളാ പീപ്പിൾസ് ആർട്സ് ക്ലബ് (കെ.പി.എ.സി)-യിൽ ദേവരാജൻ ചേരുകയുണ്ടായി.
കെ.പി.എ.സിയുടെ നാടകങ്ങൾക്ക് തന്റെ ഗാനങ്ങളിലൂടെ ദേവരാജൻ മലയാള നാടകവേദിയിൽ മായാത്ത മുദ്ര പതിപ്പിക്കുകയുണ്ടായി. ദേവരാജൻ സംഗീതസംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം കാലം മാറുന്നു ആയിരുന്നു. വയലാറിന്റെ പങ്കാളിയായി ചെയ്ത രണ്ടാമത്തെ ചിത്രം - ദേവരാജന്റെ മൂന്നാമത്തെ ചിത്രം - ഭാര്യ ആയിരുന്നു. സിനിമ വിജയിക്കുകയും ഗാനങ്ങൾ ഹിറ്റാവുകയും ചെയ്തതിനാൽ വയലാർ-ദേവരാജൻ ജോഡിയെ ഈ ചിത്രം ജനപ്രിയമാക്കി.
ഒരു നിരീശ്വരവാദി ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ, തുടങ്ങിയ ഭക്തിഗാനങ്ങൾ ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്. ഇവ ആ വിഭാഗത്തിൽ ക്ലാസിക്കുകളായി കരുതപ്പെടുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രഗാനങ്ങളിൽ ചിലതാണ് ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, സന്യാസിനിനിൻ പുണ്യാശ്രമത്തിൽ, സംഗമം ത്രിവേണീ സംഗമം, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം തുടങ്ങിയ ദേവരാജൻ ഗാനങ്ങൾ.
വയലാറിനുപുറമേ ഒ.എൻ.വി. കുറുപ്പ്, പി. ഭാസ്കരൻ തുടങ്ങിയ ഗാനരചയിതാക്കളുമൊത്തും ദേവരാജൻ സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്.പിൽക്കാലത്ത് വയലാറിന്റെ പുത്രൻ വയലാർ ശരത്ചന്ദ്ര വർമ്മ ആദ്യമായി ഗാനരചന നിർവ്വഹിച്ച എന്റെ പൊന്നു തമ്പുരാൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടതും ദേവരാജൻ മാസ്റ്റർ തന്നെയായിരുന്നു.
അനശ്വര സംഗീതം പകർന്ന ദേവരാജൻ മാസ്റ്റർ 81-ാമത്തെ വയസ്സിൽ 2006 മാർച്ച് 14-നു ചെന്നൈയിൽ വച്ചു ഹൃദയാഘാതം മൂലം മാസ്റ്റർ ഈ ഭൂമിയോട് വിട്ടുപോയെങ്കിലും അദ്ദേഹം കൈരളിക്ക് സമ്മാനിച്ച ഗാനങ്ങൾ കാലാതീവർത്തിയായി തന്നെ നിലനിൽക്കും. അതുകൊണ്ടുതന്നെ ദേവരാജൻ മാസ്റ്റർ എന്ന അതുല്യ സംഗീതജ്ഞന് സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഒരിക്കലും മരണമില്ല.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
G. Devarajan Master, a legendary music composer, passed away 19 years ago, leaving behind a legacy of timeless melodies. His contributions to Malayalam film and theater music, collaborations with renowned lyricists, and ability to blend various musical styles have made him an unforgettable figure in Malayalam music.
#GDevarajan, #MalayalamMusic, #MusicComposer, #IndianMusic, #Legend, #Tribute