Tribute | മോനിഷയെ മരണം തട്ടിയെടുത്തിട്ട് 32 വര്‍ഷം; മലയാളത്തിന്റെ മഞ്ഞള്‍പ്രസാദം
● 21-ാമത് വയസില്‍ റോഡപകടത്തില്‍ മരണം.
● വിടവാങ്ങിയിട്ട് ഡിസംബര്‍ അഞ്ചിന് 32 വര്‍ഷം തികയുന്നു.
● പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു വിയോഗം.
(KVARTHA) 1986 ല്‍ തന്റെ പതിനഞ്ചാമത് വയസില്‍ അഭിനയിച്ച ആദ്യ ചിത്രമായ നഖക്ഷതങ്ങള്‍ക്ക് ഇന്ത്യയിലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടിയായ മോനിഷ ഉണ്ണി തന്റെ ഇരുപത്തി ഒന്നാമത് വയസില്‍ ഒരു റോഡപകടത്തില്‍ ലോകത്തോട് വിടവാങ്ങിയിട്ട് ഡിസംബര്‍ അഞ്ചിന് 32 വര്‍ഷം തികയുന്നു.
മലയാള സിനിമയുടെ ചരിത്രത്തിന്‍ ഏറ്റവും ചെറിയ പ്രായത്തില്‍ ഉര്‍വശി ബഹുമതി നേടിയത് മോനിഷയാണ്. മലയാള സിനിമ ചരിത്രത്തില്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ആറു പേരില്‍ ഒരാളാണ് മോനിഷ. ശാരദ, ശോഭ, ശോഭന, മീര ജാസ്മിന്‍, സുരഭി ലക്ഷ്മി എന്നിവരാണ് മറ്റ് അഞ്ചുപേര്‍. ഋതുഭേദം, ആര്യന്‍, പെരുന്തച്ചന്‍, കുടുംബസമേതം, കമലദളം, ചമ്പക്കുളം തച്ചന്‍ തുടങ്ങിനിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു ആ ദാരുണമായ വിയോഗം.
മലയാളത്തിനു പുറമേ തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. ബെംഗ്‌ളൂറില്‍ ആയിരുന്നു മോനിഷയുടെ ബാല്യം. ഒമ്പത് വയസുള്ളപ്പോള്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ചു.1985-ല്‍ 14-ാം വയസില്‍ ഭരതനാട്യത്തിന് കര്‍ണാടക ഗവണ്‍മെന്റ് നല്‍കുന്ന കൗശിക അവാര്‍ഡ് ലഭിച്ചു. എം ടി വാസുദേവന്‍ നായരാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന് കാരണമായത്.
എം ടി കഥയും, ഹരിഹരന്‍ സംവിധാനവും നിര്‍വഹിച്ച 'നഖക്ഷതങ്ങള്‍' (1986) ആണ് ആദ്യചിത്രം. കൗമാരപ്രായത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിലേത്. മറ്റൊരു പുതുമുഖമായിരുന്ന വിനീത് ആയിരുന്നു ഈ ചിത്രത്തില്‍ മോനിഷയുടെ നായകന്‍. ഈ ചിത്രത്തില്‍ മോനിഷ അഭിനയിച്ച 'ഗൗരി' എന്ന ഗ്രാമീണ പെണ്‍കുട്ടിക്കു 1987-ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.
1992 ഡിസംബര്‍ അഞ്ചിന് 'ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാര്‍ ആലപ്പുഴക്കടുത്തുള്ള ചേര്‍ത്തലയില്‍ വെച്ച് ബസുമായി കൂട്ടിയിടിക്കുകയും, തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയുമാണ് ഉണ്ടായത്.
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഇന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് മോനിഷയുടെ അപ്രതീക്ഷിത വിയോഗം. അത്രമേല്‍ മലയാളിത്തം നിറഞ്ഞ അഭിനയ - നൃത്ത പ്രതിഭയായിരുന്നു അവര്‍. അഭ്രപാളികളില്‍ ആടി തിമിര്‍ക്കാന്‍ ഒരുപാട് വേഷങ്ങള്‍ ബാക്കി വെച്ചാണ് മോനിഷ വിടവാങ്ങിയത്. മലയാള സിനിമയുടെ കണ്ണുനീര്‍ തുള്ളിയാണ് മോനിഷയെന്ന നടി.
#MonishaUnni #MalayalamCinema #IndianCinema #NationalFilmAward #RIP #Bollywood #Mollywood #tribute