Controversy | ഇത്രയും മഹാമനസ്‌കതയുടെയൊന്നും ആവശ്യമില്ല സര്‍; സ്ത്രീ ചുമതലയേറ്റെടുത്തു എന്നുകരുതി ലോകം അവസാനിക്കില്ലെന്ന് പാര്‍വതി തിരുവോത്ത്

 
Beena Paul, Shaji N Karun, Kerala Film Academy, Chairperson, WCC, Ranjith resignation, Immoral Assault, Parvathy, controversy, Malayalam cinema
Beena Paul, Shaji N Karun, Kerala Film Academy, Chairperson, WCC, Ranjith resignation, Immoral Assault, Parvathy, controversy, Malayalam cinema

Photo Credit: Facebook / Parvathy Thiruvothu

'ബീന പോള്‍ ഫോര്‍ ചലച്ചിത്ര അക്കാദമി ചെയര്‍പഴ്‌സന്‍'  എന്നും താരം സ്റ്റോറിയില്‍ കുറിച്ചു

കൊച്ചി: (KVARTHA) ഇത്രയും മഹാമനസ്‌കതയുടെയൊന്നും ആവശ്യമില്ല സര്‍, സ്ത്രീ ചുമതലയേറ്റെടുത്തു എന്നുകരുതി ലോകം അവസാനിക്കില്ലെന്ന് വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്.  സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്ന ഷാജി എന്‍ കരുണിന്റെ പ്രസ്താവനയോട് ഇന്‍സ്റ്റഗ്രം സ്‌റ്റോറിയിലൂടെ പ്രതികരിക്കുകയായിരുന്നു താരം.  


ബീന പോളിനെ തഴഞ്ഞ് ഷാജി എന്‍ കരുണിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന മാധ്യമ വാര്‍ത്തയെ ഉദ്ധരിച്ചാണ് നടിയുടെ സ്‌റ്റോറി. 

'ഇത്രയും മഹാമനസ്‌കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സര്‍. ഒരുപക്ഷേ, ഈ സ്ഥാനത്തേക്കു വരാന്‍ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നുവെന്ന് നിങ്ങള്‍ക്ക് ഉറപ്പുവരുത്താനും കഴിയും. ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല. ബീന പോള്‍ ഫോര്‍ ചലച്ചിത്ര അക്കാദമി ചെയര്‍പഴ്‌സന്‍'  എന്നും പാര്‍വതി സ്റ്റോറിയില്‍ കുറിച്ചു. 


ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരുന്ന സംവിധായകന്‍ രഞ്ജിത്തിന് ലൈംഗികാതിക്രമ പരാതികളെ തുടര്‍ന്ന് കഴിഞ്ഞദിവസം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ബംഗാളി നടിയാണ് ആരോപണം ഉന്നയിച്ചത്. 2009 ല്‍ പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍  ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. പിന്നാലെ രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ഒടുവില്‍ പദവി രാജിവെക്കാന്‍ രഞ്ജിത്ത് സന്നദ്ധനാവുകയുമായിരുന്നു.


ഇതോടെ ചലച്ചിത്ര അക്കാദമിക്ക് അധ്യക്ഷനില്ലാതാവുകയും ചെയ്തു. ഡിസംബറില്‍ രാജ്യാന്തര ചലച്ചിത്ര മേള നടക്കാനിരിക്കുകയാണ്. അതിനാല്‍  എത്രയും പെട്ടെന്ന് പുതിയ അധ്യക്ഷനെ നിയമിക്കണം. സിനിമാ പീഡന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍, ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് ഒരു സ്ത്രീയാകുന്നതാണ് ഉചിതമെന്ന അഭിപ്രായമുയര്‍ന്നിരുന്നു. ബീന പോളിന്റെ പേര് ഉയര്‍ന്നുവരികയും ചെയ്തു. ഐ എഫ് എഫ് കെ ഡയറക്ടറായി നീണ്ടനാള്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്താണ് ബീന പോളിന് അനുകൂലമായി ചൂണ്ടിക്കാട്ടിയത്.

ഡബ്ല്യുസിസി സ്ഥാപകാംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് ബീന പോള്‍. എന്നാല്‍ ഇവരെ ഒഴിവാക്കി ഷാജി എന്‍ കരുണിനെ അധ്യക്ഷനാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന വിവരം പുറത്തുവന്നിരുന്നു. നിലവില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ അധ്യക്ഷനാണ് ഷാജി എന്‍ കരുണ്‍.

#KeralaFilmAcademy #BeenaPaul #ShajiNKarun #MalayalamCinema #WCC #Parvathy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia