Criticism | നിലപാട് വ്യക്തമാക്കാതെ 'അമ്മ' പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ മോഹന്‍ലാലിന്റെ നടപടി ഭീരുത്വമെന്ന് എഴുത്തുകാരി ശോഭാ ഡേ
മുംബൈ: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പിന്നാലെ വന്ന വിവാദങ്ങളോടും മൗനം തുടരുന്ന നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി ശോഭാ ഡേ. റിപ്പോര്‍ട്ട് പുറത്തുവരികയും പീഡന ആരോപണത്തെ തുടര്‍ന്ന് പ്രധാനപ്പെട്ട പലരും കേസില്‍പ്പെടുകയും ചെയ്തു. ഇക്കാര്യത്തിലൊന്നും നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞമാറിയതിനാണ് വിമര്‍ശനം.
'അമ്മ' പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ മോഹന്‍ലാലിന്റെ നടപടിയെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച ശോഭാ ഡേ മനുഷ്യനാകൂ, പ്രശ്‌നങ്ങള്‍ നേരിട്ടവര്‍ക്കൊപ്പം നില്‍ക്കാന്‍ നിങ്ങളുടെ കൂടെയുള്ളവരോടും ആവശ്യപ്പെടൂ' എന്നും ലാലിനോട് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് വിവാദങ്ങളോട് പ്രതികരിക്കാത്ത താരരാജാവിനെതിരെയുള്ള പ്രമുഖ എഴുത്തുകാരിയുടെ പ്രതികരണം.
ശോഭാ ഡേയുടെ വാക്കുകള്‍:
പ്രതികരിച്ച സ്ത്രീകള്‍ക്ക് സിനിമകള്‍ നഷ്ടപ്പെട്ടു. മോശം തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനെല്ലാം പിന്നില്‍ പതിനഞ്ചോ ഇരുപതോ പുരുഷന്‍മാരുടെ സംഘമാണ്. വിവാദങ്ങളില്‍ എന്താണ് നിലപാടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കണമായിരുന്നു. എവിടെയാണ് താന്‍ നില്‍ക്കുന്നത് എന്ന് പറയുകയോ അതിജീവിതര്‍ക്ക് നീതി നേടി കൊടുക്കാനോ തയ്യാറാകാതെ 'അമ്മ' നേതൃത്വത്തില്‍ നിന്ന് അദ്ദേഹം രാജി വെച്ചത് അംഗീകരിക്കാനാകില്ല. നിലപാടുകള്‍ വ്യക്തമാക്കൂ എന്നും ശോഭാ ഡേ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ച സര്‍ക്കാര്‍ നടപടിയേയും വിമര്‍ശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ നിയമപരമായ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, സിനിമാ മേഖലയിലെ വിവാദങ്ങള്‍ക്കും 'അമ്മ'യിലെ കൂട്ടരാജിക്കും പിന്നാലെ നടന്‍ മോഹന്‍ലാല്‍ ശനിയാഴ്ച തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. വിവാദങ്ങളില്‍ ഇതുവരെ പ്രതികരിക്കാത്ത അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച മൂന്നു പൊതുപരിപാടികളിലാണ് മോഹന്‍ലാല്‍ താരസാന്നിധ്യമാകുന്നത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഭരണസമിതി പൂര്‍ണമായും പിരിച്ചുവിടുകയും ചെയ്തു.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ ശനിയാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഹേമാകമ്മിറ്റി റിപ്പോര്‍ട്ടും പിന്നാലെ നടിമാരുടെ ലൈംഗികാരോപണങ്ങളും കേസുകളുമൊക്കെയായി മലയാള സിനിമ കലുഷിതമായിട്ടും മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ആശുപത്രിയിലാണെന്നും വിശ്രമത്തിലാണെന്നും പറയുന്നതല്ലാതെ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല.
#Mohanlal, #ShobhaaDe, #AMMA, #HemaReport, #MalayalamCinema, #Controversy