Resignation | യുവനടിയുടെ ലൈംഗിക ആരോപണം: നടൻ സിദ്ദീഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു
കൊച്ചി: (KVARTHA) തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവനടിയുടെ ആരോപണത്തെ തുടർന്ന് നടൻ സിദ്ദീഖ്, മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (അമ്മ) ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹൻലാലിന് സിദ്ദീഖ് രാജി കത്ത് നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള ആരോപണങ്ങൾ ശക്തമായി ഉയർന്നുവരുന്നതിനിടയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്.
തന്റെ ചെറുപ്രായത്തിൽ സിദ്ദീഖ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവനടിയുടെ ആരോപണം. സിനിമയിൽ അവസരം നൽകുമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് തന്നെ പീഡിപ്പിച്ചതെന്നും ഈ സംഭവം തന്റെ മാനസികമായി തകർത്തുവെന്നും അവർ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രധാന്യം നൽകണമെന്നും അവർ പറഞ്ഞിരുന്നു.
സംഭവം മലയാള സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബംഗാളി നടി ശ്രീലേഖാ മിത്ര, മലയാള നടി സോണിയ മാൾഹർ തുടങ്ങിയവരും സമാനമായ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
#MalayalamCinema #AMMA #Siddique #HemaCommittee #Kerala