Allegation Response | സിദ്ദീഖ് സുപ്രീം കോടതിയിൽ ഹർജി നൽകും; തടസ്സ വാദവുമായി പരാതിക്കരിയും
● പരാതി ഗൗരവതരമായതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു.
● ഒളിവിൽ പോയ സിദ്ദീഖിന്റെ ഫോൺ കുറച്ചുസമയം ഓണായി.
കൊച്ചി: (KVARTHA) ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നടൻ സിദ്ദീഖ് ഉടൻ സുപ്രീം കോടതിയെ സമീപിക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ റോഹ്തഗിയുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം, സിദ്ദീഖിനെതിരായ പരാതി ഗൗരവതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ചൊവ്വാഴ്ച മുൻകൂർ ജാമ്യം നിഷേധിച്ചത്. സമൂഹത്തിൽ സ്ത്രീ ബഹുമാനം അർഹിക്കുന്നെന്നും കോടതി വ്യക്തമാക്കി. സിദ്ദീഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയാല്‍ തന്റെ ഭാഗം കേൾക്കാതെ ഒരു തീരുമാനവും എടുക്കരുതെന്ന് അതിജീവിത ആവശ്യപ്പെടും. ഇതിനായുള്ള ഹർജി രാവിലെ തന്നെ അതിജീവിത സുപ്രീം കോടതിയിൽ നൽകും. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ.
ഒളിവിലുള്ള സിദ്ദീഖ് ഫോൺ സ്വിച്ച് ഓണാക്കി
ഒളിവില്‍ പോയിരിക്കുന്ന സിദ്ദീഖിന് വേണ്ടിയുള്ള പോലീസ് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. അതിനിടയിൽ സിദ്ദീഖിന്റെ ഫോൺ കുറച്ചുസമയം ഓണായി. തുടർച്ചയായി മറ്റൊരു കോളില്‍ ആയിരുന്ന ശേഷം പിന്നീട് ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആക്കിയിട്ടുണ്ട്.
സിദ്ദീഖിന്റെ വാദം
സിദ്ദിഖ് പ്രധാനമായും ചൂണ്ടിക്കാട്ടുക അതിജീവിത പരാതി നൽകാൻ വൈകിയതാണ്. തന്റെ അഭിഭാഷകൻ ഉയർത്തിയ വസ്തുതകൾ അവഗണിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തത് എന്നാവും സിദ്ദിഖിന്റെ പ്രധാന വാദം. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ഹര്‍ജി. സിദ്ദീഖിന്റെ വൈദ്യപരിശോധന നടത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് തടസ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് അതിജീവിത.
#Siddique, #SupremeCourt, #LegalBattle, #Allegations, #Kerala, #Entertainment