സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ബുധനാഴ്ച: മുഖ്യാതിഥി മോഹന്‍ലാല്‍ തന്നെ, വിവാദങ്ങള്‍ക്ക് വിട

 


തിരുവനന്തപുരം: (www.kvartha.com 07.08.2018) സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ആഗസ്റ്റ് എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയല്‍ പുരസ്‌കാരവും അവാര്‍ഡുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും.

നടന്‍ ഡോ. മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ വി കെ പ്രശാന്ത്, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ബുധനാഴ്ച: മുഖ്യാതിഥി മോഹന്‍ലാല്‍ തന്നെ, വിവാദങ്ങള്‍ക്ക് വിട

മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയല്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്കാണ് സമ്മാനിക്കുന്നത്. അഞ്ചു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, നിര്‍മ്മാതാവ് മുരളി മാട്ടുമ്മല്‍, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി, സ്വഭാവനടന്‍ അലന്‍സിയര്‍, സ്വഭാവ നടി പോളി വല്‍സന്‍, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍, സംഗീത സംവിധായകന്‍ എം കെ അര്‍ജുന്‍, ഗായകന്‍ ഷഹബാസ് അമന്‍, ഗായിക സിതാര കൃഷ്ണകുമാര്‍, നവാഗത സംവിധായകന്‍ മഹേഷ് നാരായണന്‍ തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. ചലച്ചിത്ര സംബന്ധിയായ പുസ്തകത്തിനും ലേഖനത്തിനുമുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും.

മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും രണ്ടു ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും ശില്‍പ്പവും ലഭിക്കും. രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും ഒന്നര ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും. രണ്ട് ലക്ഷം രൂപയാണ് മികച്ച സംവിധായകനുള്ള സമ്മാനത്തുക. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും ലഭിക്കും. നവാഗത സംവിധായകനും കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകനും ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും ഒരു ലക്ഷം രൂപവീതവും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും. കുട്ടികളുടെ ചിത്രത്തിന്റെ നിര്‍മാതാവിന് മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ലഭിക്കും.

അവാര്‍ഡ് വിതരണച്ചടങ്ങിനുശേഷം ഇത്തവണത്തെ ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പിയുടെയും മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിയ എം കെ അര്‍ജുന്‍ മാസ്റ്ററുടെയും ഗൃഹാതുരത്വമുണര്‍ത്തുന്ന മനോഹരഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രശസ്ത പിന്നണി ഗായകന്‍ ഒരുക്കുന്ന ഗാനയമുന എന്ന സംഗീതവിരുന്ന് ഉണ്ടായിരിക്കും.

കെ ജി മാര്‍ക്കോസ്, ബിജു നാരായണന്‍, സുദീപ് കുമാര്‍, വിധു പ്രതാപ്, അഭിജിത്ത്, സിതാര കൃഷ്ണകുമാര്‍, ജ്യോത്സന, രഞ്ജിനി ജോസ്, ഡോ. രശ്മി മധു, ശ്രേയ ജയദീപ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍, കെ മുരളീധരന്‍ എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി മഹേഷ് പഞ്ചു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, film, Award, Mohanlal, Entertainment, State film Award distribution on Wednesday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia