Thriller Film | സൂക്ഷ്മദർശിനി: വേറിട്ടൊരു ത്രില്ലര്‍; നസ്രിയയുടെ അതിഗംഭീര തിരിച്ചുവരവ്, ബേസിലും കലക്കി
● പ്രേക്ഷകനെ മുൻവിധിയില്ലാതെ കൂടെ നടത്തുന്ന ചിത്രമെന്ന് ഒറ്റവാക്കിൽ സിനിമയെ വിശേഷിപ്പിക്കാം.
● എം.സി ജിതിന്‍ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ തിരക്കഥ ലിബിനും അതുലും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.
● പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന ഒരു ഫാമിലി ത്രില്ലറാണ് സൂക്ഷ്മദർശിനി.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) ബേസിൽ ജോസഫും നസ്രിയ നസീമും ആദ്യമായി നായികാനായകന്മാരായി എത്തിയ സൂക്ഷ്മദർശിനി തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. എം.സി ജിതിന്‍ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ തിരക്കഥ ലിബിനും അതുലും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. പ്രേക്ഷകനെ മുൻവിധിയില്ലാതെ കൂടെ നടത്തുന്ന ചിത്രമെന്ന് ഒറ്റവാക്കിൽ സിനിമയെ വിശേഷിപ്പിക്കാം. നസ്രിയയുടെ രണ്ടാം വരവും ബേസിലിൻ്റെ കൂട്ടും എം.സി ജിതിൻ്റെ സംവിധാനവും കൊണ്ട് മനോഹരമായ ചലച്ചിത്രമാണ് സൂക്ഷ്മദർശിനി, ഒരു മിസ്റ്ററി ഫാമിലി ത്രില്ലർ.
അയൽപക്കത്തെ കാഴ്ചകൾക്ക് കണ്ണും കാതും കൊടുക്കുന്ന പ്രിയയിലൂടെ തെളിയിക്കപ്പെടുന്ന സംഭവങ്ങളാണ് കഥാ തന്തു. കേരളത്തിൽ പലയിടത്തതായി പല പല സംഭവങ്ങൾ ഞെട്ടിക്കും വിധത്തിൽ നടക്കാറുണ്ട്. അത്തരത്തിൽ ഒരു സ്ഥലത്തു നടക്കുന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. കുറേ നാളുകൾക്കു ശേഷം ഒരു ഏരിയ ബേസ് ചെയ്ത് അവിടുത്തെ കുറച്ചു ഫാമിലികളെ ഹൈലൈറ്റ് ചെയ്തു സിനിമ എടുത്തത് മനോഹരമായി തോന്നി.
വളരെ സൗഹാര്‍ദത്തോടെ ജീവിക്കുന്ന അയൽവാസികളാണ് പ്രിയദർശനിയും മാനുവലും. ഭര്‍ത്താവും മകളുമൊത്ത് താമസിക്കുന്ന പ്രിയദർശനി സാധാരണ ഒരു വീട്ടമ്മയില്‍നിന്ന് വ്യത്യസ്തയാണ്. ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും ആഴത്തില്‍ ചിന്തിച്ച് വിശകലനം ചെയ്യാനുമുള്ള പ്രിയയുടെ സൂക്ഷ്മദര്‍ശനങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. വളരെ ശാന്തമായി പോകുന്ന അയൽക്കൂട്ടങ്ങൾക്കിടയിലേക്ക് മാനുവലും കുടുംബവും എത്തുന്നതോടെ മാറ്റങ്ങൾ സംഭവിക്കുന്നു.
അയല്‍പക്കത്തെ തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു വീട്ടമ്മ നടത്തുന്ന ഇന്‍വെസ്റ്റിഗേഷനാണ് സൂക്ഷമദർശിനിയെ വ്യത്യസ്തമാക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന ഒരു ഫാമിലി ത്രില്ലറാണ് സൂക്ഷ്മദർശിനി. കെട്ടുറപ്പുള്ള തിരക്കഥയും അതിനോട് നീതിപുലർത്തുന്ന മേക്കിങ്ങുമാണ് ചിത്രത്തിന്റെ ഹീറോ. ഉദ്വേഗം നിറയ്ക്കുന്ന സീൻ ബൈ സീൻ സ്റ്റോറി ടെല്ലിങ്ങിനെ ക്രിസ്റ്റോ സേവ്യർ തന്റെ പശ്ചാത്തല സംഗീതംകൊണ്ട് എലവേറ്റ് ചെയ്യുന്നുണ്ട്. കേരളീയമായ ഒരന്തരീക്ഷത്തിൽനിന്നുകൊണ്ട് കഥ പറയുമ്പോഴും 'ഹിച്ച്കോക്കി'യൻ മോഡ് ഓഫ് ട്രീറ്റ്‌മെന്റുകൊണ്ട് പ്രേക്ഷകരെ സീറ്റിന്റെ അറ്റത്തേക്ക് പിടിച്ചിരുത്തുന്നു.
സംഗീതം പലപ്പോഴും ഫ്രഞ്ച് നവതരംഗാനന്തര ത്രില്ലർ സിനിമകൾക്ക് ഒരു ട്രിബ്യൂട്ട് എന്നവണ്ണം സിനിമവിട്ട് പ്രേക്ഷകരിലേക്ക് ഒഴുകിപരക്കുന്നു. വല്ലാത്തൊരു ഫ്രഷ്‌നെസ് ഉണ്ട് സിനിമക്ക്. പിന്നെ ബേസിലും ദീപക്കും സിദ്ധാർഥും ഒക്കെയുണ്ടെങ്കിലും സിനിമ നസ്രിയ കൊണ്ടുപോയി എന്ന് വേണമെങ്കിൽ പറയാം. ഒരിടവേളയ്ക്ക് ശേഷമുള്ള നസ്രിയയുടെ തിരിച്ചു വരവ് ഗംഭീരമായിരിക്കുന്നു. സിദ്ധാർഥ് ഭരതൻ ഇതുവരെ പിടിച്ചിട്ടില്ലാത്ത ഒരു കിടിലൻ കഥാപാത്രം ആയിരുന്നു.
ബേസിൽ, നസ്രിയ എന്നിവരെക്കൂടാതെ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് സൂക്ഷ്മദര്‍ശിനി നിർമിച്ചിരിക്കുന്നത്.
ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ചമൻ ചാക്കോ യുടെ എഡിറ്റിംഗും ചിത്രത്തിന്റെ വിജയ ഫോർമാറ്റിന് വലിയ പങ്കു വഹിക്കുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലറുകളുടെ ശ്രേണിയിലേക്ക് ചേർത്തുവെക്കേണ്ട ചിത്രം. ത്രില്ലറുകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.
#Sukshmadharshini, #NazriyaNazim, #BasilJoseph, #MalayalamThriller, #MysteryFilm, #SukshmadharshiniReview