Scandal | സിനിമ വിജയിച്ചു; താരങ്ങള്‍ തകര്‍ന്നു; പുറത്തുവരുന്ന സത്യം
* മലയാള സിനിമയിൽ അധികാര കേന്ദ്രീകരണം ഉണ്ടായി.
* ഗുണ്ടാ-മാഫിയ സംഘങ്ങളുടെ സ്വാധീനം വർദ്ധിച്ചു.
അർണവ് അനിത
(KVARTHA) വെളിച്ചത്ത് ചിത്രീകരിച്ച ശേഷം വെള്ളിത്തിരയിലെ കുറ്റാക്കൂരിരുട്ടില്‍ പ്രദര്‍ശിപ്പിക്കുന്ന വിസ‍്മയമാണ് ചലച്ചിത്രം അഥവാ ചലിക്കുന്ന ചിത്രം. രാജ്യത്തിന് തന്നെ മാതൃകയും അഭിമാനവുമായ നിരവധി ചലച്ചിത്രങ്ങളും അഭിനേതാക്കളും സംവിധായകരും സാങ്കേതികവിദഗ്ധരും ഈ കൊച്ചു കേരളത്തിലുണ്ടായി. കണ്ട് പരിചയിച്ച സിനിമകളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന കാഴ‍്ചകളുമായി അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍ തുടങ്ങിയ നിരവധി പ്രതിഭകള്‍ മലയാള സിനിമയെ അന്താരാഷ‍്ട്ര നിലവാരത്തിലെത്തിച്ചു.
ഉള്ളടക്കമായിരുന്നു ഇവരുടെയെല്ലാം കരുത്ത്. രാജ്യത്തെ ആദ്യ ത്രിഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പിറന്നത് ഇവിടെയാണ്, ബോളിവുഡിന് പോലും അന്നത് വലിയ അത്ഭുതമായിരുന്നു. അവിടുത്തെ പോലെ മുലധനം നിക്ഷേപിക്കാനില്ലെങ്കിലും സാങ്കേതിക വളര്‍ച്ചയില്‍ മലയാളം മുന്നേറിയത് നവോദയ പോലുള്ള സ്റ്റുഡിയോകളുടെ ഇച്ഛാശക്തികൊണ്ടാണ്. അങ്ങനെ നേടിയെടുത്ത അഭിമാനത്തിന് കോട്ടംവന്ന് തുടങ്ങിയത് സിനിമയില്‍ മറ്റ്പലതാല്‍പര്യമുള്ളവരും കടന്ന് വന്നതോടെയാണ്.
മലയാള സിനിമാ ലോകം ബെല്‍റ്റുകളില്‍ നിന്ന് ഗുണ്ടാ-മാഫിയാ-റിയല്‍ എസ്റ്റേറ്റ് സംഘങ്ങളുടെ പിന്തുണയുള്ള പവര്‍ഗ്രൂപ്പുകളായി മാറാന്‍ തുടങ്ങിയത് രണ്ടായിരത്തിന്റെ തുടക്കമാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ബെല്‍റ്റുകള്‍ ഉണ്ടായിരുന്ന എഴുപതുകളുടെ അവസാനം മുതല്‍ സജീവമായിരുന്ന ബെല്‍റ്റുകള്‍ രണ്ടായിരത്തിന്റെ തുടക്കമായപ്പോഴേക്കും തകര്‍ന്ന് തരിപ്പണമായി. കോഴിക്കോട്, തിരുവനന്തപുരം ബെല്‍റ്റുകളായിരുന്നു ഇതില്‍ പ്രബലം.
എണ്‍പതുകളുടെ പകുതിയായപ്പോഴേക്കും കൊച്ചിക്കാരും ശക്തരായി. എന്നാല്‍ ഇവരാരും തമ്മില്‍ അനാരോഗ്യമായ മത്സരമില്ലായിരുന്നു. മികച്ച സിനിമകള്‍ എടുക്കുന്നതിനായിരുന്നു എല്ലാവരും പോരാടിയത്. എണ്‍പതുകളുടെ പകുതി മുതലിങ്ങോട്ട് മമ്മൂട്ടിയും മോഹന്‍ലാലുമാണ് മലയാള ചലച്ചിത്രത്തെ നയിച്ചത്. ഇതിനിടെ സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ പല നായകന്മാരും വന്നെങ്കിലും അവര്‍ക്കൊന്നും ഒരു പരിധിക്കപ്പുറം പിടിച്ച് നില്‍ക്കാനായിട്ടില്ല.
തിരുവനന്തപുരം, കൊച്ചി, പാലക്കാട് മേഖലകളില്‍ ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്ന മലയാള സിനിമയെ കൊച്ചി എന്ന തുരുത്തിലേക്ക് എത്തിച്ചത് നടന്‍ ദിലീപാണ്. രണ്ടായിരത്തിന്റെ തുടക്കാലത്ത് ദിലീപ് താരമായി. റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിയ ദിലീപ്, സിദ്ധിഖ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമയെ പാലക്കാട് നിന്ന് കൊച്ചിയിലെത്തിച്ചു. വരിക്കാശേരിമന കേന്ദ്രീകരിച്ച് കഥ പറഞ്ഞിരുന്ന സിനിമകള്‍ അതോടെ ഏതാണ്ട് അവസാനിച്ചിരുന്നു. സൂപ്പര്‍താരമായതോടെ ദിലീപ് സിനിമ തന്റെ കൈപ്പടിയിലൊതുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി.
ആര്‍ക്കും വീഴ‍്ത്താന്‍ പറ്റാത്ത മമ്മൂട്ടിയും മോഹന്‍ലാലും അതിലൊന്നും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഇതിനിടെ ദിലീപ് തന്റെ സിംഹാസനം നിലനിര്‍ത്താന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള പല താരങ്ങളുടെയും അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു. കമലിന്റെ പെരുമഴക്കാലത്തില്‍ പൃഥ്വിരാജിന് വെച്ച വേഷം ദിലീപ് ചോദിച്ച് വാങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നു മലയാള സിനിമ.
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവം പുറംലോകമറിഞ്ഞതോടെയാണ് ദിലീപ് വെട്ടിലായത്. അന്ന് മുതല്‍ തെറ്റുകള്‍ തിരുത്താന്‍ താരസംഘടനയോ, മറ്റ് സംഘടനകളോ തയ്യാറായില്ല. അവരെല്ലാം ദിലീപിനെ സംരക്ഷിക്കുന്ന തിടുക്കത്തിലായിരുന്നു. താരസംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കാന്‍ കാരണം പൃഥ്വിരാജ് എടുത്ത ശക്തമായ നിലപാടായിരുന്നു. ഫെഫ‍്കയും നിര്‍മാതാക്കളുടെ സംഘടനയും ദിലീപിനൊപ്പമായിരുന്നു. അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടും ദിലീപിന് സിനിമ ചെയ്യാനായത് അതുകൊണ്ടാണ്.
സ്ത്രീത്വത്തിന് വിലകല്‍പ്പിക്കാത്ത ചിലരുടെ നിലപാടിനെതിരെ മഞ്ജുവാര്യര്‍, പാര്‍വതി, റിമ കല്ലിംഗല്‍, രേവതി, പത്മപ്രിയ തുടങ്ങിയവര്‍ രംഗത്തെത്തിയെങ്കിലും അവരെ നിശബ്ദരാക്കാന്‍ അമ്മയും മറ്റ് സംഘടനകളും ശ്രമിച്ചു. ഇത് ചൂണ്ടിക്കാട്ടിയ മാധ്യമങ്ങള്‍ക്ക് നേരെ മുകേഷും ഗണേഷും ആക്രോശിച്ചു. ചില നടിമാര്‍ മാധ്യമങ്ങള്‍ക്ക് നേരെ കൂ കൂ വിളിച്ചു. തങ്ങള്‍ തിരുത്താന്‍ തയ്യാറല്ല എന്ന് അമ്മയിലെ അംഗങ്ങള്‍ വിളിച്ച് പറയുകയായിരുന്നു അന്ന്. വനിതാ താരങ്ങളും മുന്‍നിരയിലുണ്ടായിരുന്നു എന്നതാണ് ഏറെ ലജ്ജിപ്പിച്ച കാര്യം.
എതിര്‍ശബ്ദമുയര്‍ത്തിയ നടിമാര്‍ക്കെതിരെ ഫാന്‍സ് അസോസിയേഷനുകളെ കൊണ്ട് സൈബര്‍ ആക്രമണം നടത്തുകയായിരുന്നു ചില താരങ്ങള്‍ ചെയ്തത്. അന്തരിച്ച നടന്‍ തിലകന്‍ താരസംഘടനയുടെ ഉള്‍പ്പെടെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സിനിമയില്‍ നിന്ന് ഒഴിവാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ രഞ്ജിത് ഇന്ത്യന്‍ റുപ്പിയിലൂടെ തിലകനെ വീണ്ടും കൊണ്ടുവന്നു. അമ്മയുടെ ഓഫീസില്‍ അന്തരിച്ച നടീനടന്മാരുടെ ഫോട്ടോകള്‍ വച്ചിട്ടുണ്ടെങ്കിലും അതില്‍ തിലകന്റെ ഫോട്ടോയില്ല. തിലകന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
വീഴ്ചകളുടെ ഉത്തരവാദിത്തം അമ്മ ഭാരവാഹികള്‍ ഏറ്റെടുത്തത് നല്ലതാണ്. എന്നാല്‍ തെറ്റുതിരുത്തി മുന്നോട്ട് പോകേണ്ടതിന് പകരം, രാജിവെച്ച് ഒളിച്ചോടിയത് ഭീരുത്വമാണ്. സിനിമയുടെ നെടുംതൂണായ മമ്മൂട്ടി ഇതുവരെ യാതൊരു പ്രതികരണവും നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന് കൂടി ഉത്തരവാദിത്തമുള്ള കാര്യങ്ങളാണ് നടന്നത്. മമ്മൂട്ടി ഭാരവാഹിയായിരുന്നപ്പോള്‍ നടന്ന സംഭവങ്ങളെ കുറിച്ച് വരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് നാല് പതിറ്റാണ്ടിലധികമായി സിനിമയെ നയിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല എന്ന് പറയാതിരിക്കാന്‍ വയ്യ. സിനിമ ഒരുപാട് കലകളുടെ സങ്കലനമാണ്. അതിനെ പരാജയപ്പെടുത്താന്‍ ആര്‍ക്കുമാകില്ല, എന്നാല്‍ വ്യക്തികളുടെയും സംഘടനകളുടെയും മൂല്യച്യൂതി സിനിമാ മേഖലയ്ക്ക് നാണക്കേടുണ്ടാക്കാനായി എന്നത് സത്യമാണ്.
#MalayalamCinema #Bollywood #IndianCinema #FilmIndustry #Controversy #Kerala #Mohanlal #Dileep