Loss | ക്രെം പട്രോള്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ നിതിന്‍ ചൗഹാന്‍ മരിച്ച നിലയില്‍
● ജോലി ലഭിക്കാത്തതിനെ തുടര്‍ന്നുള്ള വിഷാദമെന്ന് സംശയം.
● സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.
● ജീവനൊടുക്കിയതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മുംബൈ: (KVARTHA) സീരിയല്‍ - റിയാലിറ്റി ഷോ താരം നിതിന്‍ ചൗഹാന്‍ (Nitin Chauhan-35) താമസ സ്ഥലത്ത് മരിച്ച നിലയില്‍. തേരാ യാര്‍ ഹൂണ്‍ മെയിന്‍, ക്രൈം പട്രോള്‍ തുടങ്ങിയ പരമ്പരകളിലെ അഭിനയത്തിന് പേരുകേട്ട നടന്‍ നിതിന്‍ സിംഗ് എന്ന സ്‌ക്രീന്‍ പേരിലും അറിയപ്പെടുന്നുണ്ട്.
സുഹൃത്തും സഹനടനുമായ സുദീപ് സാഹിറാണ് നിതിന്‍ ചൗഹാന്‍ മരണം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്. താരത്തിന്റെ പല സഹപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ആദാരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. മരണവാര്‍ത്തയില്‍ അദ്ദേഹത്തിന്റെ സഹതാരങ്ങളായ തേരാ യാര്‍ ഹൂണ്‍, സുദീപ് സാഹിര്‍, സയന്തനി ഘോഷ് എന്നിവരും സോഷ്യല്‍ മീഡിയയിലൂടെ ദുഃഖം രേഖപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തങ്ങള്‍ക്ക് ഇല്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ നടന്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജോലി ലഭിക്കാത്തതിനാല്‍ നടന്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് പറയുന്നത്.
ദിന്‍ദോഷി പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അജയ് അഫ്‌ലെ പറയുന്നത് ഇങ്ങനെ: നിതിന്‍ ചൗഹാന്‍ ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം നിതിന്റെ ഭാര്യയും മകളും പുറത്തുപോയപ്പോള്‍ കയര്‍ ഉപയോഗിച്ച് സീലിംഗ് ഫാനില്‍ നടന്‍ തൂങ്ങി മരിക്കുകയായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയ ഭാര്യ നിതിന്‍ ചൗഹാന്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് ചൗഹാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പ്രാഥമിക അന്വേഷണത്തില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൗഹാന് ജോലി ലഭിക്കുന്നില്ലെന്നും ഇത് മൂലം വിഷാദാവസ്ഥയിലായിരുന്നുവെന്നും മനസ്സിലാക്കി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകന്റെ ഭൗതികശരീരം ഏറ്റുവാങ്ങാനും അന്ത്യകര്‍മ്മങ്ങള്‍ ഏര്‍പ്പാടാക്കാനുമായി നിതിന്റെ പിതാവ് മുംബൈയിലേക്ക് പോയതായി റിപ്പോര്‍ട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ അലിഗഡ് സ്വദേശിയാണ് നിതിന്‍. പത്ത് വര്‍ഷത്തിലേറെയായി മുംബൈയിലാണ് താമസം.
ചൗഹാന്‍ റിയാലിറ്റി ഷോ ദാദാഗിരി സീസണ്‍ 2 ലും എംടിവി സ്പ്ലിറ്റ്സ്വില്ലയിലും പങ്കെടുത്തിരുന്നു. തേര മേര ഹൂന്‍ മേ എന്ന സീരിയലിലാണ് അവസാനമായി നിതിന്‍ അഭിനയിച്ചത്.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല.മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#NitinChauhan #RIP #Bollywood #TVActor #MentalHealth #Depression #CrimePatrol