Update | രണ്ടാം ഭാഗവുമായി 'വാഴ', ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' പ്രഖ്യാപിച്ചു
വാഴ ഫ്രാഞ്ചൈസിൽ തുടർ സിനിമകൾ വരുമെന്ന ചർച്ചകളും സമൂഹമധ്യങ്ങളിൽ സജീവമാണ്
കൊച്ചി: (KVARTHA) തിയേറ്ററുകളിൽ ശ്രദ്ധേയമായ വിജയം നേടിയ 'വാഴ' സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ഹാഷിർ, അലൻ, അജിൻ ജോയ്, വിനായക് തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങൾ അടങ്ങുന്ന ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
'വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ആദ്യ ഭാഗത്തിന്റെ അവസാനത്തിൽ തന്നെ രണ്ടാം ഭാഗത്തിന്റെ സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും, തിരക്കഥാകൃത്ത് വിപിൻ ദാസാണ് ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
നവാഗതനായ സവിൻ എ എസ് ആണ് 'വാഴ 2' സംവിധാനം ചെയ്യുന്നത്. അഖിൽ ലൈലാസുരൻ ക്യാമറ കൈകാര്യം ചെയ്യും. സംഗീത സംവിധായകനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത 'വാഴ' ഒരു കൂട്ടം സുഹൃത്തുക്കളുടെ സ്കൂൾ, കോളേജ് കാലഘട്ടങ്ങളും പിന്നീട് അവർ നേരിടുന്ന വിവിധ പ്രതിസന്ധികളുമാണ് പ്രമേയമാക്കുന്നത്. രണ്ടാം ഭാഗത്തിൽ മുതിർന്ന യുവാക്കളുടെ ജീവിതമാകാം പ്രമേയമാവുക എന്നാണ് പുറത്ത് വരുന്ന വിവരം.
വാഴ ഫ്രാഞ്ചൈസിൽ തുടർ സിനിമകൾ വരുമെന്ന ചർച്ചകളും സമൂഹമധ്യങ്ങളിൽ സജീവമാണ്.