Vignesh Sivan | 'എന്റെ തങ്കമേ... നീ മണ്ഡപത്തിലേക്ക് വരുന്നത് കാണാന്‍ അതിയായ ആകാംക്ഷ'; വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വധുവിന് വേണ്ടിയുള്ള വിഗ്‌നേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Jun 9, 2022, 09:53 IST
ചെന്നൈ: (www.kvartha.com) തെന്നിന്‍ഡ്യ കാത്തിരുന്ന താരവിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വധുവായ നയന്‍താരയ്ക്ക് വേണ്ടി വിഗ്‌നേഷ് ശിവന്‍ എഴുതിയ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയായിരിക്കുന്നത്. പ്രിയപ്പെട്ടവള്‍ മണ്ഡപത്തിലേക്ക് വരുന്നത് കാണാനായി കാത്തിരിക്കുന്നുവെന്നാണ് വിഗ്‌നേഷ് കുറിച്ചത്.
'ഇന്ന് ജൂണ്‍ 9... ദൈവത്തിനും, പ്രപഞ്ചത്തിനും, എന്റെ പ്രിയപ്പെട്ട മനുഷ്യര്‍ക്കും നന്ദി പറയുന്നു. എല്ലാ നല്ല ഹൃദയങ്ങളും, നല്ല നിമിഷങ്ങളും, ചില നല്ല യാദൃശ്ചികതകളും, അനുഗ്രഹങ്ങളും, എന്നുമുള്ള ചിത്രീകരണവും, പ്രാര്‍ഥനയുമാണ് ജീവിതം അത്രമേല്‍ സുന്ദരമാക്കിയത്. ഇതെല്ലാം എന്റെ പ്രിയപ്പെട്ടവള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. എന്റെ തങ്കമേ... നീ മണിക്കൂറുകള്‍ക്കം മണ്ഡപത്തിലേക്ക് വരുന്നത് കാണാന്‍ അതിയായ ആകാംക്ഷ.
നല്ലത് വരുത്താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ജീവിതത്തിലെ പുതിയൊരു ഏടിന് തുടക്കമിടുന്നു'.
ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ടില്‍ ഹൈന്ദവാചാരപ്രകാരം നടക്കുന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. വിവാഹസത്കാരത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് വിവരം. സംവിധായകന്‍ ഗൗതം മേനോനാണ് വിവാഹച്ചടങ്ങുകളുടെ സംവിധാനം നിര്‍വഹിക്കുന്നതെന്നാണ് സൂചന.
മാധ്യമങ്ങള്‍ക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്നേഷ് ശിവന്‍ അറിയിച്ചു. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.