ബാലഭാസ്‌കറിന്റെ മരണം കൊലപാതകമോ? ആസൂത്രിത അപകടം എന്ന് സോബി, സിബിഐ തെളിവെടുപ്പ് തുടങ്ങി

 


തിരുവനന്തപുരം: (www.kvartha.com 13.08.2020) വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ സംഘം തെളിവെടുപ്പ് തുടങ്ങി. അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കേസിലെ സാക്ഷിയായ കലാഭവന്‍ സോബിക്കൊപ്പമാണ് അന്വേഷണ സംഘത്തിന്റെ പരിശോധന. തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടം നടന്ന സ്ഥലത്ത് സംഘമെത്തി.  

ബാലഭാസ്‌കറിന്റെ മരണം കൊലപാതകമോ? ആസൂത്രിത അപകടം എന്ന് സോബി, സിബിഐ തെളിവെടുപ്പ് തുടങ്ങി

വയലിനിസ്റ്റ് ബാലഭാസ്‌ക്കറും മകളും കൊല്ലപ്പെട്ട വാഹനാപകടത്തിന്റെ ദൃക്‌സാക്ഷി എന്നവകാശപ്പെടുന്നയാളാണ് കലാഭവന്‍ സോബി. അപകടം നടക്കും മുമ്പ് തന്നെ ബാലഭാസ്‌കറിന്റെ വാഹനത്തോട് സാമ്യമുള്ള വാഹനത്തിനു നേരെ ഒരു സംഘം ആളുകള്‍ അക്രമം നടത്തിയെന്നും വാഹനത്തിന്റെ മുന്‍ സീറ്റില്‍ അവശ നിലയില്‍ ഒരാളെ കണ്ടിരുന്നു എന്നുമാണ് സോബിയുടെ മൊഴി. 

കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും മകളും മരിച്ചതും ഭാര്യ ലക്ഷമിക്കും ഡ്രൈവര്‍ അര്‍ജുനും ഗുരുതരമായി പരുക്കേറ്റതും. ഡ്രൈവര്‍ അര്‍ജുന്‍ അമിതവേഗത്തില്‍ കാറോടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുമ്പോള്‍ അവരുടെ മുന്നിലുള്ള ഏറ്റവും വ്യത്യസ്തമായ മൊഴി കലാഭവന്‍ സോബിയുടേതാണ്.

അപകടം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോ മീറ്റര്‍ അകലെയുള്ള പെട്രോള്‍ പമ്പിനു മുന്നിലായിരുന്നു ആക്രമണമെന്നും മൊഴിയുണ്ട്. ഈ മൊഴിയിലെ വസ്തുതാ പരിശോധനയാണ് സിബിഐ നടത്തുന്നത്. ആസൂത്രിത അപകടം എന്നാണ് സോബി പറയുന്നത്. അതിന് താന്‍ ദൃക്‌സാക്ഷി എന്ന നിലയിലുള്ള സോബിയുടെ മൊഴി ഇങ്ങിനെയാണ്: 

അപകടം നടന്ന അന്ന് രാത്രി, കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിക്ക് യാത്ര ചെയ്യുന്നതിനിടെ അപകട സ്ഥലത്തിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ വാഹനം നിര്‍ത്തി വിശ്രമിച്ചു. ഇതിനിടെ സംശയകരമായ സാഹചര്യത്തില്‍ ആറേഴ് യാത്രക്കാരുമായി മറ്റൊരു വാഹനം അവിടെയെത്തി. അതിന് ശേഷം മറ്റൊരു കാര്‍ എത്തിയപ്പോള്‍ ആദ്യ സംഘം ഈ കാര്‍ തല്ലിപ്പൊട്ടിച്ചു. അത് ബാലഭാസ്‌കറിന്റെ കാറാണെന്നും ബാലഭാസ്‌കറിനെ ആക്രമിച്ച ശേഷമാണ് വാഹനം ഇടിപ്പിച്ചതെന്നുമാണ് സോബി പറയുന്നത്. ഇതുകൂടാതെ അപകട സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെപ്പോലെ തോന്നിക്കുന്ന ഒരാളെ കണ്ടെന്നും മൊഴിയുണ്ട്.

ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണ കടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവര്‍ അര്‍ജ്ജുനെ മറയാക്കി സ്വര്‍ണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം.

Keywords: News, Kerala, Thiruvananthapuram, Cinema, Violinist, Entertainment, Death, Inquiry, CBI, Case, Accident, Violinist Balabhaskar death CBI evidence collection with Kalabhavan Sobi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia