Revelation | എന്തുകൊണ്ട് ഇസ്ലാം മതം സ്വീകരിച്ചു? യുവൻ ശങ്കർ രാജയുടെ വെളിപ്പെടുത്തൽ ചർച്ചയായി
● യുവൻ ശങ്കർ രാജ പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ മകനാണ്.
● മാതാവിന്റെ അകാല വിയോഗമാണ് യുവനെ ആഴത്തിൽ ബാധിച്ചത്.
● മതപരിവർത്തനത്തിന് ശേഷം യുവൻ അബ്ദുൽ ഹാലിഖ് എന്ന് പേരുമാറ്റി
ചെന്നൈ: (KVARTHA) ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ ഏറ്റവും പ്രതിഭാശാലികളായ സംഗീത സംവിധായകരിൽ ഒരാളായ യുവൻ ശങ്കർ രാജയുടെ മതപരിവർത്തനം ഇപ്പോഴും ചർച്ചാവിഷയമാണ്. ഇളയരാജയുടെ മകനായ യുവൻ, 2014-ൽ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയിട്ടുള്ള യുവന്റെ പുതിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
തന്റെ മാതാവിന്റെ അകാല വിയോഗം തന്നെ വലിയൊരു ആഘാതത്തിലാക്കിയെന്നും, അതിനുശേഷം താൻ ആത്മീയതയെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു തുടങ്ങിയെന്നും യുവൻ പറയുന്നു. മതപരിവർത്തനത്തിന് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും, ഇസ്ലാമിന്റെ തത്ത്വങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും യുവൻ തുറന്നു പറയുന്നു.
മാതാവിന്റെ മരണത്തിന്റെ ആഘാതം
അമ്മയുടെ മരണശേഷം താൻ ഒരു 'ലോസ്റ്റ് ചൈൽഡ്' ആയി മാറിയെന്ന് യുവൻ പറയുന്നു. അമ്മയെ ഇടയ്ക്കിടെ സ്വപ്‌നം കാണും. അമ്മ എവിടെയാണെന്ന അന്വേഷണം എന്നെ വല്ലാതെ പിടിച്ചുലച്ചു. അമ്മയുടെ അകാലമരണത്തിന് പിന്നാലെ താൻ തികഞ്ഞ മദ്യപാനിയായി മാറി. അതുവരെ പാർട്ടികൾക്ക് പോകുമ്പോഴൊന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. പെട്ടെന്ന് ഒരുനാൾ എനിക്ക് എല്ലാറ്റിനും ഉത്തരം ലഭിച്ചു. ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം.
മുകളിലിരുന്ന് ഒരാൾ എല്ലാം എഴുതിയിട്ടുണ്ട്. അതുപോലെയെ നടക്കൂ എന്ന് ബോധ്യമായി. ഇക്കാര്യം തന്നെ പഠിപ്പിച്ചത് ഇസ്ലാം ആണ്. ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ അച്‌ഛൻ ഇളയരാജ തടഞ്ഞില്ല. ദിവസവും അഞ്ചുനേരം ദൈവത്തോട് പ്രാർത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണെന്നായിരുന്നു അച്‌ഛൻ ചോദിച്ചതെന്ന് യുവൻ കൂട്ടിച്ചേർത്തു. 2015 ൽ വിവാഹത്തിന് പിന്നാലെ യുവൻ അബ്ദുൽ ഹാലിഖ് എന്ന് പേരുമാറ്റുകയും ചെയ്തു.
അരവിന്ദനിൽ നിന്ന് തുടങ്ങിയ സംഗീത ജീവിതം
പതിനാറാം വയസ്സിൽ തന്നെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ പ്രതിഭാശാലി, തന്റെ സംഗീതത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവ സാന്നിധ്യമായി. നാഗരാജൻ സംവിധാനം ചെയ്ത 'അരവിന്ദൻ' എന്ന ചിത്രത്തിലൂടെയാണ് യുവൻ ശങ്കർ രാജ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. യുവന്റെ പ്രതിഭയിൽ ആകൃഷ്ടനായ നിർമ്മാതാവ് ടി ശിവ, ചിത്രത്തിന്റെ മുഴുവൻ സംഗീത സംവിധാനത്തിന്റെ ചുമതല യുവന് നൽകി. തുടർന്ന് നിരവധി ചിത്രങ്ങൾക്ക് യുവൻ സംഗീതം നൽകി. 2000-ൽ പുറത്തിറങ്ങിയ 'ദീന' എന്ന ചിത്രത്തിലെ ബിജിഎം സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു.
വിവാഹങ്ങളും മതം മാറ്റവും
യുവന്റെ വ്യക്തിജീവിതവും വാർത്തകളിൽ നിറഞ്ഞിരുന്നു. സുജയ ചന്ദ്രനെ വിവാഹം കഴിച്ചെങ്കിലും മൂന്ന് വർഷത്തിനുള്ളിൽ വിവാഹമോചനം നേടി. തുടർന്ന് ശിൽപ മോഹനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും വിച്ഛേദിക്കപ്പെട്ടു. ഇതിനിടയിൽ യുവൻ ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറി. തുടർന്ന് 2015 ജനുവരി ഒന്നിന് അദ്ദേഹം സഫ്റൂൺ നിസയെ വിവാഹം കഴിച്ചു. 2016 ഏപ്രിൽ ഏഴിന് യുവനും ഭാര്യയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചു.
#yuvanshankarraja #conversion #islam #spirituality #bollywood #musicdirector