Menstrual Cup | ആര്‍ത്തവ ശുചിത്വ രംഗത്തെ സുരക്ഷിതത്വം: 24 മണിക്കൂറിനുള്ളില്‍ 118 വേദികളിലായി ഒരു ലക്ഷം മെന്‍സ്ട്രല്‍ കപ് വിതരണം; ശ്രദ്ധ നേടി ഹൈബി ഈഡന്റെ പദ്ധതി; ഗിനസ് ബുക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടം പിടിക്കുമെന്ന് പ്രതീക്ഷ
Aug 26, 2022, 11:13 IST
കൊച്ചി: (www.kvartha.com) ആര്‍ത്തവ ശുചിത്വ രംഗത്തു വലിയ മാറ്റവും ഏറെ സുരക്ഷിതത്വ ബോധവും സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന 'കപ് ഓഫ് ലൈഫ്' പദ്ധതി ശ്രദ്ധ നേടുകയാണ്. 24 മണിക്കൂറിനുള്ളില്‍ 118 വേദികളിലായി ഒരു ലക്ഷം മെന്‍സ്ട്രല്‍ കപ് വിതരണം ചെയ്താണ് എറണാകുളം എംപി ഹൈബി ഈഡന്‍ പുതിയ കാംപെയിന് തുടക്കം കുറിക്കുന്നത്. 30, 31 തീയതികളിലാണ് വിതരണം.
30ന് വൈകിട്ട് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അതാത് വേദികളിലേക്കുള്ള കപുകള്‍ കൈമാറും. 31ന് രാവിലെ മുതല്‍ വൈകിട്ട് നാല് വരെ കപുകള്‍ വിതരണം ചെയ്യും. സമാപന ചടങ്ങ് വൈകിട്ട് അഞ്ചിന് ലുലു മാള്‍ ഏട്രിയത്തിലെ പ്രത്യേക വേദിയില്‍ നടക്കും.
മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ തുകയായി ലഭിക്കുന്ന 1.5 കോടി രൂപ ഉപയോഗിച്ചു ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ (ഐഎംഎ) കൊച്ചി ശാഖയുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി എറണാകുളം പാര്‍ലമെന്റ് മണ്ഡല പരിധിയിലാണ് പ്രാവര്‍ത്തികമാക്കുന്നതെങ്കിലും പുറത്തും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പദ്ധതി ഗിനസ് ബുക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ.
മെന്‍സ്ട്രല്‍ കപുകളുടെ പ്രചാരണത്തിനായി ലോകത്തെ ഏറ്റവും വലിയ ക്യാംപെയ്‌നാണ് ഇതെന്ന് ഹൈബി പറയുന്നു. 2018 ലെ പ്രളയകാലത്താണ് സാനിറ്ററി പാഡുകളുടെ ക്ഷാമവും സംസ്‌കരണവും സ്ത്രീകളെ എത്രത്തോളം ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന് ഹൈബി പറഞ്ഞു. കൂടുതല്‍ പഠിച്ചപ്പോഴാണ് മെന്‍സ്ട്രല്‍ കപിന്റെ ഗുണത്തെക്കുറിച്ച് അറിഞ്ഞത്.
കുമ്പളങ്ങി ഗ്രാമപ്പഞ്ചായതിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചത്. 4000 മെന്‍സ്ട്രല്‍ കപുകളാണ് വിതരണം ചെയ്തത്. ഇന്‍ഡ്യയിലെ ആദ്യ സാനിറ്ററി നാപ്കിന്‍ രഹിത പഞ്ചായത് എന്ന പദവിയും കുമ്പളങ്ങിക്ക് ലഭിച്ചു. പൈലറ്റ് പദ്ധതി വിജയിച്ചതോടെയാണ് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലാകെ നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാസത്തിലെ ആര്‍ത്തവ പ്രക്രിയക്കിടെ പുറത്തുവരുന്ന രക്തം ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഉല്‍പന്നമാണ് മെന്‍സ്ട്രല്‍ കപ്. ശരീരവുമായും രക്തവുമായും ഒരു പ്രതിപ്രവര്‍ത്തനവും നടത്താത്ത ഫ്‌ലക്‌സിബിള്‍ മെഡികല്‍ ഗ്രേഡ് സിലികന്‍ ഉപയോഗിച്ചാണ് കപ് നിര്‍മിക്കുന്നത്. ഇതിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നത് ഐഎംഎയിലെ ഡോക്ടര്‍മാരാണ്.
പാഡ് പോലുള്ളവ ഇടയ്ക്കിടെ മാറ്റേണ്ടി വരുന്നത് മൂലമുള്ള അസ്വസ്ഥത, അണുബാധ തുടങ്ങിയവ ഒഴിവാകുമെന്നതാണ് കപിന്റെ പ്രസക്തി. ഒരു കപ് ചുരുങ്ങിയത് നാലോ അഞ്ചോ വര്‍ഷം ഉപയോഗിക്കാമെന്നതിനാല്‍ സാമ്പത്തിക ലാഭമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.