Curry Recipe | ചക്കക്കുരുവും മാങ്ങയും കൊണ്ട് കിടിലന്‍ ചക്കക്കുരു മാങ്ങാകറി തയാറാക്കാം: ആരോഗ്യത്തിനും നല്ലത്
ചക്ക കൊണ്ടും ചക്കക്കുരു കൊണ്ടും, മാങ്ങ കൊണ്ടും നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം
ആരോഗ്യത്തിനും വളരെ നല്ലതാണ്
അടങ്ങിയിരിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങള്‍
കൊച്ചി: (KVARTHA) ഇപ്പോള്‍ ചക്കയുടെ കാലമാണ്. ഇഷ്ടം പോലെ ചക്ക തൊടിയില്‍ നിന്നും കിട്ടും. പോഷക സമൃദ്ധമായ പഴമാണ് ചക്കയും അതിന്റെ കുരുവും എല്ലാം. രുചികരമായ നിരവധി വിഭവങ്ങള്‍ ഇവ രണ്ടും ഉപയോഗിച്ച് ഉണ്ടാക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാവുകയും ചെയ്യും. പഴുത്ത ചക്കയും പച്ച ചക്കയും വിഭവങ്ങള്‍ ഉണ്ടാക്കാന്‍ നല്ലതാണ്. അതുപോലെ തന്നെ ചക്കക്കുരുവും.
ചക്കക്കുരുവില്‍ തയാമിന്‍, റൈബോഫ് ലേവിന്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. സിങ്ക്, അയണ്‍, കാല്‍സ്യം, ചെമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവില്‍ അടങ്ങിയിട്ടുണ്ട്. ചക്കക്കുരു കൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചക്കക്കുരു ഷേക്ക്, ചക്കക്കുരു തോരന്‍ ഇങ്ങനെ പലതും. എന്നാല്‍ ചക്കക്കുരുവും മാങ്ങയും കൊണ്ട് കിടിലന്‍ ചക്കക്കുരു മാങ്ങാകറി ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? എങ്കില്‍ നമുക്ക് തയാറാക്കിയാലോ? കുറഞ്ഞ ചേരുവകള്‍ കൊണ്ട് രുചികരമായ ചക്കക്കുരു മാങ്ങാകറി തയാറാക്കാം. ചോറിനൊപ്പം കൂട്ടാന്‍ വളരെ നല്ലതാണ്.
വേണ്ട ചേരുവകള്‍
അധികം പുളിയില്ലാത്ത മാങ്ങ - 1 എണ്ണം( നീളത്തില്‍ അരിഞ്ഞത്)
തേങ്ങാപ്പാല്‍ - 1 തേങ്ങയുടേത്
ചക്കക്കുരു നീളത്തില്‍ അരിഞ്ഞത് - 1 കപ്പ്
ചെറിയ ഉള്ളി - 3 എണ്ണം ( ചതച്ചത്)
പച്ചമുളക് - 2 എണ്ണം
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ഒന്നര ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
ഉലുവ - ഒരു നുള്ള്
വറ്റല്‍ മുളക് - 2 എണ്ണം
കറിവേപ്പില - 1 തണ്ട്
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
പച്ച മാങ്ങ അരിഞ്ഞതും ചക്കക്കുരു അരിഞ്ഞതും ചുവന്നുള്ളി ചതച്ചതും പച്ചമുളക്, മഞ്ഞള്‍ പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ തേങ്ങയുടെ പാലില്‍ വേവിക്കുക. നല്ല തിളവരുമ്പോള്‍ ഒന്നാം പാലും ചേര്‍ത്ത് വാങ്ങുക. അതിന് ശേഷം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക, ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച് കറിയില്‍ ചേര്‍ക്കുക. ചക്കക്കുരു മാങ്ങാക്കറി തയാര്‍.