അഭയാര്‍ത്ഥികള്‍ക്കിടയിലെ അതിസാര രോഗസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര സമ്മേളനം

 


കൊച്ചി: (www.kvartha.com 30.10.2017) റോഹിംഗ്യ അഭയാര്‍ത്ഥികള്‍ക്കിടയില്‍ അതിസാരം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയേറെയാണെന്ന് ഡയേറിയ രാജ്യാന്തരസമ്മേളനം മുന്നറിയിപ്പു നല്‍കി. അഭയാര്‍ത്ഥികള്‍ ഏറ്റവുമധികമുള്ള ബംഗ്ലാദേശിലാണ് രോഗബാധയ്ക്കുള്ള സാധ്യത ഏറെയുള്ളത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്ന 14-ാമത് ത്രിദിന ഏഷ്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഡയേറിയല്‍ ഡിസീസസ് ആന്‍ഡ് ന്യൂട്രീഷനിലാണ്(അസ്‌കോഡ്) വിദഗ്ധര്‍ ആശങ്കയറിയിച്ചത്.

അഭയാര്‍ത്ഥികള്‍ക്കിടയിലെ അതിസാര രോഗസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര സമ്മേളനം

പ്രാഥമികാരോഗ്യത്തില്‍ ഏറെ മുന്നോട്ടു പോയ ഇന്ത്യയില്‍ ഇപ്പോഴും അതിസാര ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് അസ്‌കോഡ് പ്രസിഡന്റ് പ്രൊഫ എന്‍ കെ ഗാംഗുലി പറഞ്ഞു. ഇത് പലപ്പോഴും റിപോര്‍ട്ട് ചെയ്യപ്പെടുന്നില്ല. അതിസാര രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അത് അധികാരികളെ അറിയിക്കുകയെന്നത് ഈ യജ്ഞത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. രോഗാണുക്കളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും അതിനെ പ്രതിരോധിക്കാനുള്ള മരുന്നുകളുടെ ഗവേഷണത്തിനും ഇത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

അതിസാരം പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാന്‍ കേരള മാതൃക അനുയോജ്യമാണെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ എം രാധാകൃഷ്ണ പിള്ള പറഞ്ഞു. കേരളത്തിലെ ശിശുമരണ നിരക്ക് ആയിരത്തില്‍ ആറു മാത്രമാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിലുള്‍പ്പെടെ കേരള മോഡല്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവേഷണങ്ങളിലൂടെയും നൂതന ചികില്‍സാമാര്‍ഗങ്ങളിലൂടെയും അതിസാരത്തെയും പോഷകാഹാരക്കുറവു മൂലമുണ്ടാകുന്ന രോഗങ്ങളെയും നേരിടാന്‍ ലോകമെങ്ങുമുള്ള വിദഗ്ധരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് ഏഷ്യന്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡയേറിയല്‍ ഡിസീസ് ആന്‍ഡ് ന്യൂട്രിഷന്റെ (അസ്‌കോഡ്)സമ്മേളനം. 'ജീവരക്ഷ: അതിസാര രോഗങ്ങള്‍, ടൈഫോയ്ഡ്, പോഷകാഹാരക്കുറവ്' എന്നിവയ്ക്ക് നൂതന പരിഹാരമാര്‍ഗങ്ങള്‍ എന്നതാണ് പതിന്നാലാമത്തെ സമ്മേളനത്തിന്റെ പ്രമേയം.

മ്യാന്‍മാറിലുണ്ടായ അഭയാര്‍ത്ഥി പ്രശ്‌നം അതിസാര പ്രതിരോധത്തില്‍ ഏറെ വെല്ലുവിളികള്‍ നല്‍കിയെന്ന് അസ്‌കോഡിന്റെ നിയുക്ത പ്രസിഡന്റ് ഡോ ഫിര്‍ദോസി കാദരി പറഞ്ഞു. പതിനായിരക്കണക്കിന് റോഹിംഗ്യ അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശില്‍ അഭയം പ്രാപിച്ചത്. അവര്‍ക്കിടയില്‍ അതിസാരം പടര്‍ന്നു പിടിക്കാനുള്ള സാധ്യത അപകടകരമാം വിധം കൂടിയിരുന്നു. ഈ ഘട്ടത്തില്‍ ലോകാരോഗ്യ സംഘടനയോട് അടിയന്തര സാഹചര്യമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആറു ദിവസം കൊണ്ട് ഏഴു ലക്ഷം കുട്ടികള്‍ക്ക് അതിസാര പ്രതിരോധമരുന്ന് നല്‍കാനായി. ആറു ദിവസത്തിനുള്ളില്‍ ഇത്ര വലിയ പ്രതിരോധയജ്ഞം നടത്തിയത് ലോകത്തിലെ തന്നെ ആദ്യ സംഭവമാണെന്ന് അവര്‍ പറഞ്ഞു.

അതിസാരം എന്നത് ഏഷ്യയുടെ മാത്രം പ്രശ്‌നമല്ലാതായി മാറിയെന്ന് ചടങ്ങില്‍ സംസാരിച്ച അസ്‌കോഡ് മുന്‍ പ്രസിഡന്റ് പ്രൊഫ കെ.എം.എസ് അസീസ് പറഞ്ഞു. ഇന്ന് ദാരിദ്ര്യം അനുഭവിക്കുന്ന ലോകത്തിലെ പല രാജ്യങ്ങളുടെയും ശാപമാണ് അതിസാരം. ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുകയും കൃത്യമായ സമയത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് ഇതിനുള്ള പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പുറമെ ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍നിന്നുമായി 61 ചികില്‍സകര്‍ സമ്മേളനത്തില്‍ പ്രബന്ധാവതരണം നടത്തുന്നുണ്ട്. ഈ മേഖലയിലെ പ്രശസ്തമായ ബംഗ്ലദേശിലെ ഇന്റര്‍നാഷനല്‍ ഡയേറിയല്‍ ഡിസീസ് റിസര്‍ച്ച് സെന്റര്‍(ഐസിഡിഡിആര്‍), ഫരീദാബാദിലെ ട്രാന്‍സ്‌ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട്(ടിഎച്ച്എസ്ടിഐ), ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷനല്‍(ഇന്‍ക്ലെന്‍ ഇന്റ്), കൊല്‍ക്കത്ത നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോളറ ആന്‍ഡ് എന്‍ട്രിക് ഡിസീസസ് എന്നിവയും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമാണ് സമ്മേളനവുമായി സഹകരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, National, Health, News, Conference, Refugee Camp,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia