ആന്റിവെനം നൽകിയിട്ടും പാമ്പുകടിയേറ്റയാൾ മരിക്കുന്നത് എന്തുകൊണ്ട്?

 
 A Person receiving Antivenom Treatment For A Snakebite
 A Person receiving Antivenom Treatment For A Snakebite

Representational Image Generated by Meta AI

● മൃഗ പ്രോട്ടീനുകൾ അലർജിക്ക് കാരണമാകാം.
● വിഷം അവയവങ്ങളിൽ കടന്നാൽ ചികിത്സയില്ല.
● കൃത്യ സമയത്ത് നൽകിയാൽ ഫലപ്രദം.
● പുതിയ മരുന്നുകൾ കണ്ടെത്താനുള്ള ഗവേഷണം നടക്കുന്നു.

റോക്കി എറണാകുളം 

(KVARTHA) നമ്മുടെ നാട്ടിൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. പാമ്പുകടിയേറ്റാൽ ജീവൻ രക്ഷിക്കാനുപയോഗിക്കുന്ന മരുന്നാണ് ആന്റിവെനം. അതാണ് കൂടുതൽ പേർക്കും അറിയാവുന്നത്. പക്ഷേ, ഈ മരുന്ന് ഉപയോഗിച്ചാൽ പോലും ചിലപ്പോൾ രോഗി മരിക്കുന്നത് കാണാം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് ഇവിടെ പറയുന്നു.

പാമ്പുകടിയേറ്റാൽ ജീവൻ രക്ഷിക്കാനുപയോഗിക്കുന്ന മരുന്നാണ് ആൻ്റി സ്നേക്ക് വെനം- എ എസ് വി  (Anti Snake Venom-ASV). 1800-കളുടെ അവസാനത്തിൽ കണ്ടുപിടിച്ച ഈ മരുന്ന് 1950 മുതൽ വ്യാപകമായി ഉപയോഗിക്കുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ആൽബർട്ട് കാൽമെറ്റാണ് ഇത് കണ്ടുപിടിച്ചത്. 

ഒരു അന്യവസ്തു പ്രവേശിച്ചാൽ അതിനെ തുരത്തിയോടിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ശരീരം സ്വയം ചെയ്യും എന്ന തത്വമാണ് എ എസ് വി -യുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. കുതിര, ഒട്ടകം തുടങ്ങിയ മൃഗങ്ങളിൽ ചെറിയ അളവിൽ പാമ്പിൻ വിഷം കുത്തിവച്ച് അവയുടെ രക്തത്തിൽ ഉണ്ടാകുന്ന ആന്റിബോഡികൾ വേർതിരിച്ചെടുത്ത് ശുദ്ധീകരിച്ചാണ് എ എസ് വി നിർമ്മിക്കുന്നത്. 

എ എസ് വി നൽകുന്നതിലൂടെ അലർജിയുണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, കൃത്യസമയത്ത് നൽകിയാൽ ജീവൻ രക്ഷിക്കാൻ ഈ മരുന്നിന് കഴിയും. ലോകാരോഗ്യ സംഘടനയുടെ അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകളുടെ പട്ടികയിൽ എ എസ് വി ഉൾപ്പെടുന്നു. 

കടിയേറ്റ ഭാഗത്ത് നീര്, വേദന, രക്തസ്രാവം, കാഴ്ച മങ്ങൽ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എ എസ് വി നൽകണം. മിക്ക എ എസ് വി കളിലും മൂർഖൻ, വെള്ളിക്കെട്ടൻ, അണലി തുടങ്ങിയ പാമ്പുകളുടെ വിഷത്തിനെതിരെയുള്ള ആന്റിബോഡികൾ അടങ്ങിയിരിക്കുന്നു.

എ എസ് വി നൽകുന്നതിന് കൃത്യമായ ഡോസില്ല. സാധാരണയായി 10-20 വയൽ വരെ നൽകാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ഡോസാണ് നൽകുന്നത്. എ എസ് വി നൽകുന്ന സമയത്ത് അലർജിയോ, ശ്വാസതടസ്സമോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ എ എസ് വി നൽകാവൂ.

എത്രതന്നെ ശുദ്ധീകരിച്ചാലും വളരെ ചെറിയ അളവിലെങ്കിലും മൃഗങ്ങളുടെ മറ്റു പ്രോട്ടീനുകളും എ എസ് വി -യിൽ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. എ എസ് വി മനുഷ്യരിൽ പ്രയോഗിക്കേണ്ടി വരുമ്പോൾ ഈ മൃഗ പ്രോട്ടീനുകളെ അന്യവസ്തുവായി ശരീരം പരിഗണിക്കാനും അതുവഴി ചെറുതോ, ചിലപ്പോൾ വലിയ അളവിലോ ഉള്ള അലർജി രൂപപ്പെടാൻ സാധ്യത നിലനിൽക്കുന്നു. 

സാധാരണ മറ്റു അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളേക്കാൾ കൂടുതൽ തീവ്രമായ അലർജി എ എസ് വി -ക്ക് വരാൻ കാരണം ഈ അന്യ പ്രോട്ടീനുകളുടെ സാന്നിധ്യമാണ്. കടിയേറ്റ ഭാഗത്തു നിന്നും രക്തത്തിൽ പ്രവേശിച്ച് ഒഴുകി നടക്കുന്ന വിഷത്തെ നിർവീര്യമാക്കാൻ മാത്രമേ എ എസ് വി-ക്ക് കഴിയൂ. 

വിഷം ശരീരത്തിലെ വിവിധ അവയവങ്ങളിൽ കടന്നു കഴിഞ്ഞാൽ അതിനെ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള കഴിവില്ല. അത്തരം ഒരു മരുന്ന് ഇന്ന് നിലവിൽ ഇല്ലാത്തതാണ് പാമ്പുകടിയിൽ ചികിത്സ തേടിയ ശേഷവും ആളുകൾ മരിക്കാനുള്ള കാരണം. ഭാവിയിൽ അങ്ങനെയൊരു കണ്ടുപിടുത്തമുണ്ടായാൽ പാമ്പുകടി മൂലമുള്ള മരണങ്ങൾ ഗണ്യമായി കുറയും.

വിഷബാധ സംശയിച്ചാൽ ഒട്ടും സമയം കളയാതെ എ എസ് വി നൽകേണ്ടതുണ്ട്. വൈകുന്തോറും എ എസ് വി പരാജയപ്പെടാനുള്ള സാധ്യത കൂടിക്കൊണ്ടിരിക്കും. ഇന്ന് ഇന്ത്യയിൽ ലഭ്യമായ എ എസ് വി -യിൽ മൂർഖൻ, വെള്ളിക്കെട്ടൻ, റസ്സൽസ് വൈപ്പർ, സോ സ്കെയിൽഡ് വൈപ്പർ (Russell's viper, saw scaled viper) എന്നീ രണ്ടിനം അണലികൾക്കുമെതിരെയുള്ള മരുന്ന് അടങ്ങിയിരിക്കുന്നു. പിറ്റ് വൈപ്പർ (Pit viper) എന്ന മറ്റൊരിനം അണലിയുടെ വിഷം മനുഷ്യനെ കൊല്ലാൻ മാത്രം ശക്തമല്ല എന്ന ധാരണയിൽ നിലവിലെ എ എസ് വി-യിൽ ഉൾപ്പെടുത്തിയിട്ടില്ല. 

എന്നാൽ  Hump-nosed pit viper കടിച്ച് അപൂർവമായി ആളുകൾ മരണപ്പെടുന്ന സാഹചര്യം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഭാവിയിൽ അതിനുള്ള ആന്റിബോഡി കൂടെ എ എസ് വി -യിൽ ഉൾപ്പെടുത്താൻ ആലോചനയുണ്ടെന്ന് കേൾക്കുന്നു. രാജവെമ്പാലയുടെ കടി നാട്ടിൻപുറങ്ങളിൽ വളരെ അപൂർവമായതിനാൽ അതിനെയും എ എസ് വി -യിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മരുന്ന് കൊടുത്ത ശേഷം എത്രത്തോളം നില മെച്ചപ്പെട്ടു എന്ന് വിലയിരുത്തിയാണ് വീണ്ടും കൊടുക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നത്. ഡോസിന്റെ കാര്യത്തിൽ മുതിർന്നവർ, കുട്ടികൾ എന്നോ ഗർഭിണിയെന്നോ വ്യത്യാസമില്ല. എല്ലാവർക്കും ഒരേപോലെയാണ്. 

പാമ്പ് ഇതൊന്നും നോക്കിയല്ലല്ലോ കടിക്കുന്നത്. ഇൻജക്ട് ചെയ്യപ്പെടുന്ന വിഷത്തിന്റെ അളവും, ശരീരഭാരവും തുലനം ചെയ്തു നോക്കുമ്പോൾ കുട്ടികളിൽ പാമ്പുകടി മൂലമുള്ള അപകടം മുതിർന്നവരേക്കാൾ കൂടുതലായിരിക്കും.

പാമ്പുവിഷബാധയുടെ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാതെ സാധാരണ എ എസ് വി നൽകാറില്ല. കൂടുതൽ കടികളും വിഷമില്ലാത്ത പാമ്പുകളുടെയാണ്. വിഷമുള്ള പാമ്പുകളുടെ കടിയിൽ തന്നെ 30% വരെ വിഷമേൽക്കാത്ത കടികളുമാണ്. 

അതിനാൽ എ എസ് വി പോലത്തെ വില കൂടിയതും, ലഭ്യത കുറഞ്ഞതും അപൂർവമെങ്കിലും ഗുരുതരമായ അലർജിക്ക് വഴിവെച്ചേക്കാവുന്നതുമായ ഒരു മരുന്ന് വെറും ഒരു സംശയത്തിന്റെ പേരിൽ മാത്രം ഒരാളിൽ ഡോക്ടർമാർ പ്രയോഗിക്കാറില്ല.

വളരെ കുറച്ചു കമ്പനികൾ മാത്രമേ എ എസ് വി വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്നുള്ളൂ. ഒരു വയലിന് 350-500 രൂപ വരെ വില വരുന്നുണ്ട്. ചിലപ്പോൾ വേണ്ടത്ര അളവിൽ എ എസ് വി മാർക്കറ്റിൽ ലഭ്യമല്ലാതാകുന്ന സന്ദർഭങ്ങൾ വരെ ഉണ്ടാവാറുണ്ട്.

പാമ്പുകടിക്ക് ആന്റിവെനം നൽകിയാലും ചിലപ്പോൾ രോഗി മരിക്കുന്നത് എന്തുകൊണ്ട് എന്നുള്ളതിനെക്കുറിച്ച് ഒരു ധാരണ എല്ലാവർക്കും ലഭിച്ചു എന്ന് കരുതുന്നു. പാമ്പ് കടിയേൽക്കാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ കാര്യം. ഈ അറിവ് കൂടുതൽ പേരിലേക്ക് എത്തിക്കുമല്ലോ..


ഈ അറിവ് മറ്റുള്ളവരിലേക്കും എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കൂ!

Article Summary: Antivenom is the primary treatment for snakebites, but fatalities still occur. This is due to potential allergic reactions to the animal-derived proteins in antivenom and the lack of effective treatment once the venom spreads to vital organs. Timely administration is crucial for antivenom to be effective.


Hashtags: #Snakebite, #Antivenom, #MedicalScience, #HealthAwareness, #KeralaHealth, #FirstAid

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia