Protest | ആശാ വർക്കർമാർ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്; ജെ പി നദ്ദയെ കാണാൻ വീണാ ജോർജ്; നിർണായക തീരുമാനം ഉണ്ടാകുമോ?


● ആരോഗ്യ മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടു.
● ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യം.
● 5 ലക്ഷം രൂപയുടെ റിട്ടയർമെന്റ് ആനുകൂല്യം നൽകണമെന്നും വർക്കർമാർ.
തിരുവനന്തപുരം: (KVARTHA) ആരോഗ്യ മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരം കടുപ്പിക്കാൻ ആണ് ആശ വർക്കർമാർ. വ്യാഴാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ആദ്യഘട്ടത്തിൽ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എ എം ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് വ്യാഴാഴ്ച രാവിലെ 11 മണി മുതൽ നിരാഹാര സമരം നടത്തുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ സമരം ശക്തമാക്കാൻ തീരുമാനിച്ചത്.
ആശാ വർക്കർമാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക എന്നതാണ്. കൂടാതെ, തൊഴിലാളികൾക്ക് 5 ലക്ഷം രൂപയുടെ റിട്ടയർമെന്റ് ആനുകൂല്യം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. നിലവിൽ ആശാ വർക്കർമാർക്ക് നിശ്ചിത വിരമിക്കൽ പ്രായമില്ല. പ്രതിദിനം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നതിനാൽ നിശ്ചിത ജോലി സമയം നിശ്ചയിക്കണമെന്നും ആശ വർക്കർമാർ ആവശ്യപ്പെടുന്നു.
അതേസമയം, ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് മാത്രമേ അധികാരമുള്ളൂ എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ മന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി ചർച്ച നടത്താനായി ന്യൂഡൽഹിയിലേക്ക് തിരിച്ചു. ഈ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനം ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് ഏവരും. 2023-24 വർഷത്തെ ദേശീയ ആരോഗ്യ മിഷൻ (എൻഎച്ച്എം) പദ്ധതി പ്രകാരം ആശാ വർക്കർമാരുടെ ശമ്പളം ഉൾപ്പെടെയുള്ള വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി കേന്ദ്ര സർക്കാരിൽ നിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് കേരള സർക്കാരിന്റെ വാദം.
ആശാവർക്കർമാരുടെ സമരത്തെക്കുറിച്ചുള്ള ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Asha workers in Kerala are set to begin an indefinite hunger strike after talks with the health minister failed. Their demands include increasing honorarium to ₹21,000 and providing retirement benefits. Minister Veena George is traveling to Delhi to meet JP Nadda to discuss the issue, as the state government claims lack of central funds.
#AshaWorkers #HungerStrike #VeenaGeorge #JPNadda #KeralaHealth #Protest