നഴ്‌സിംഗ് ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരം: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് അവാര്‍ഡ് ഗ്രാന്‍ഡ് ജൂറി അംഗങ്ങള്‍ ഇവരാണ്


● നാലാം പതിപ്പിൽ ഒരു ലക്ഷത്തിലധികം അപേക്ഷകൾ.
● 250,000 ഡോളർ സമ്മാനത്തുകയുള്ള പുരസ്‌കാരം.
● 199 രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാർ പങ്കാളികളാകും.
● മെയ് 26ന് ദുബായിൽ പുരസ്‌കാരദാന ചടങ്ങ്.
ദുബൈ: (KVARTHA) ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവനദാതാക്കളിൽ ഒന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, യുഎഇയിലെ ദുബൈ ആതിഥേയത്വം വഹിക്കുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡ്‌സ് 2025-ൻ്റെ ഗ്രാന്‍ഡ് ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. ഇതിലെ വിജയിക്ക് 250,000 യുഎസ് ഡോളറിൻ്റെ വലിയ സമ്മാനത്തുക ലഭിക്കും.
ഇത്തവണ 199 രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരിൽ നിന്ന് 100,000-ൽ അധികം രജിസ്ട്രേഷനുകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം നടന്ന മൂന്നാം പതിപ്പിൽ ലഭിച്ച 78,000-ൽ അധികം രജിസ്ട്രേഷനുകളെക്കാൾ 28 ശതമാനം വർധനയാണിത്. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡ്‌സ് 2025 മെയ് 26-ന് യുഎഇയിലെ ദുബൈയിൽ വെച്ച് നടക്കും.
ആരോഗ്യ പരിപാലന രംഗത്തെ പ്രമുഖരായ അഞ്ച് ആഗോള വിദഗ്ധരാണ് ഗ്രാന്‍ഡ് ജൂറിയിൽ ഉൾക്കൊള്ളുന്നത്. ബോട്‌സ്‌വാനയുടെ മുൻ ആരോഗ്യ മന്ത്രിയും പാർലമെൻ്റ് അംഗവും, ആഫ്രിക്കൻ ലീഡേഴ്സ് മലേറിയ അലയൻസ് സ്പെഷ്യൽ അംബാസഡറും, ഗ്ലോബൽ എച്ച്ഐവി പ്രിവൻഷൻ കോഅലീഷൻ സഹ-അധ്യക്ഷയുമായ ഷൈയ്‌ല ട്‌ലോ, സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഡബ്ല്യൂഎച്ച്ഒ കൊളാബറേറ്റിംഗ് സെന്റർ ഫോർ നഴ്‌സിങ്ങിൻ്റെ അഡ്ജൻ്റ് പ്രൊഫസറും, ഹ്യൂമൺ റിസോഴ്‌സസ് ഫോർ ഹെൽത്ത് ജേണലിൻ്റെ എഡിറ്റർ എമെരിറ്റസുമായ ജെയിംസ് ബുക്കാൻ, ഒബിഇ ( OBE -ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടീഷ് എമ്പയർ) അവാർഡ് ജേതാവും, സ്വതന്ത്ര ഹെൽത്ത് കെയർ കൺസൾട്ടൻ്റും, എൻഎച്ച്എസ് (NHS -സെൻട്രൽ-നോർത്ത് വെസ്റ്റ് ലണ്ടൻ മൂൺ) സിഇഒയും, റോയൽ കോളേജ് ഓഫ് നഴ്സിങ്ങിൻ്റെ മുൻ സിഇഒയുമായ ഡോക്ടർ പീറ്റർ കാർട്ടർ, ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ പ്രസിഡൻ്റ് ഇലക്റ്റും, ഫ്രാൻസിലെ (AXA -എസ്സൻഷ്യൽ സീനിയർ കൺസൾട്ടൻ്റ്) ഹാർബ്ര-ൻ്റെ ബോർഡ് ചെയറും, യുകെയിലെ ഹെൽത്ത് ഫോർ ഓൾ (Health4all ) അഡ്വൈസറി മാനേജിംഗ് ഡയറക്ടറുമായ ഡോ. നിതി പാൽ, ഏഷ്യാ ഹെൽത്ത് കെയർ ഹോൾഡിംഗ്‌സ് എക്സിക്യൂട്ടീവ് ചെയർമാനും, ടിപിജി (TPG -ഗ്രോത്ത് സീനിയർ അഡ്വൈസർ) നിയോനേറ്റ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ജനറൽ കൗൺസിൽ മെമ്പറുമായ വിശാൽ ബാലി എന്നിവരാണ് ഗ്രാൻഡ് ജൂറി അംഗങ്ങൾ.
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡ്‌സ് നാലാം പതിപ്പിലേക്ക് കടക്കുമ്പോൾ, ഈ പുരസ്‌കാര വേദി നേടിയ വളർച്ചയും ആഗോള ആരോഗ്യ പരിപാലന രംഗത്ത് ഈ അംഗീകാരം ചെലുത്തിയ സ്വാധീനവും കാണുന്നത് സന്തോഷകരമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.
199 രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരിൽ നിന്ന് 100,000-ൽ അധികം രജിസ്‌ട്രേഷനുകൾ ലഭിച്ചത് ഈ പുരസ്‌കാരത്തിനുള്ള മികച്ച പ്രതികരണമാണ് സൂചിപ്പിക്കുന്നത്. ആഗോളതലത്തിലെ നഴ്‌സിംഗ് മികവിനെ അംഗീകരിക്കാനുള്ള അവസരമാണിത്. മികച്ച 10 മത്സരാർത്ഥികളിൽ നിന്ന് സമൂഹത്തിനും ആരോഗ്യ പരിപാലന രംഗത്തിനും മികച്ച സംഭാവനകൾ നൽകിയ ഒരു നഴ്‌സിനെ വിജയിയായി തിരഞ്ഞെടുക്കുക എന്നത് ഗ്രാൻഡ് ജൂറിയുടെ പ്രധാന വെല്ലുവിളിയാണ്. ഏറ്റവും മികച്ച നഴ്‌സിനെ കാത്തിരിക്കുന്നത് ഈ അഭിമാനകരമായ അവാർഡും 250,000 യുഎസ് ഡോളറിൻ്റെ സമ്മാനത്തുകയുമാണെന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.
ഈ ഉദ്യമത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഗ്രാൻഡ് ജൂറി അംഗങ്ങൾക്ക് ഡോ. ആസാദ് മൂപ്പൻ നന്ദി അറിയിച്ചു. ഏഷ്യ ഹെൽത്ത് കെയർ ഹോൾഡിംഗ്‌സിൻ്റെ എക്സിക്യൂട്ടീവ് ചെയർമാൻ വിശാൽ ബാലിയെ ഈ പതിപ്പിലെ ഗ്രാൻഡ് ജൂറിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ പരിപാലന സംവിധാനങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തുന്നതിലുള്ള അദ്ദേഹത്തിൻ്റെ അനുഭവപരിചയവും, ആഗോള ആരോഗ്യ പരിപാലന രംഗത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയും ഈ ജൂറി പാനലിന് മുതൽക്കൂട്ടാകുമെന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ്‌സ് 2025-ൻ്റെ ഗ്രാൻഡ് ജൂറി അംഗമായ വിശാൽ ബാലിക്ക് ആഗോള ആരോഗ്യ പരിപാലന രംഗത്ത് 30 വർഷത്തെ പരിചയസമ്പത്തുണ്ട്. രോഗി പരിചരണത്തിൽ അത്യാധുനിക സംവിധാനങ്ങൾ കൊണ്ടുവരുന്നതിന് അദ്ദേഹം നിരന്തരം പരിശ്രമിക്കുന്നു. അദ്ദേഹത്തിൻ്റെ ജൂറിയിലേക്കുള്ള വരവ് ഈ പുരസ്‌കാര ഉദ്യമത്തിന് വലിയ നേട്ടമാണ്. നഴ്‌സിംഗ് എന്നത് സാമർത്ഥ്യം, കരുതൽ, അനുകമ്പ എന്നിവയുടെ സംയോജനമാണെന്ന് വിശാൽ ബാലി അഭിപ്രായപ്പെട്ടു.
ഓരോ നഴ്‌സും ശുഭാപ്തിവിശ്വാസത്തിൻ്റെയും, പ്രതീക്ഷയുടെയും, മാറ്റത്തിൻ്റെയും പ്രതീകമാണ്. മറ്റുള്ളവരുടെ നന്മയ്ക്കായി സ്വയം സമർപ്പിക്കുകയും, രോഗികളെ ആത്മാർത്ഥമായി പരിചരിക്കുകയും ചെയ്യുന്ന നഴ്‌സുമാർ സമൂഹത്തിൻ്റെ നിർണായക ഭാഗമാണ്. അവർ സഹാനുഭൂതിയും കരുണയും പ്രകടിപ്പിക്കുന്നു. ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ്‌സ്, നഴ്‌സിംഗ് രംഗത്ത് ജീവിതകാലം മുഴുവൻ സംഭാവന നൽകിയവരെ അംഗീകരിക്കാനും ആദരിക്കാനുമുള്ള ഒരു മികച്ച ഉദ്യമമാണ്. ഇത് വ്യക്തികൾക്കും സമൂഹത്തിനും ആഗോള ജനസംഖ്യയ്ക്കും മെച്ചപ്പെട്ട ആരോഗ്യ പരിപാലന സംവിധാനങ്ങൾ നൽകിയിട്ടുണ്ട്. ഈ ഗ്രാൻഡ് ജൂറിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൊഫസർ ഷൈയ്‌ല ട്‌ലോ, തൻ്റെ കരിയറിലുടനീളം ദേശീയ നഴ്‌സിംഗ്, മെഡിക്കൽ വിദ്യാഭ്യാസ പരിപാടികളുടെ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബോട്സ്വാനയിലെ മുൻ ആരോഗ്യമന്ത്രിയും, ബോട്സ്വാന സർവകലാശാലയിലെ മുൻ നഴ്‌സിംഗ് പ്രൊഫസറും, ആംഗ്ലോഫോൺ ആഫ്രിക്കക്കായുള്ള പ്രാഥമിക ആരോഗ്യ സംരക്ഷണത്തിലെ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ഡെവലപ്‌മെന്റിനായുള്ള ഡബ്ല്യുഎച്ച്ഒ സഹകരണ കേന്ദ്രത്തിൻ്റെ ഡയറക്ടറുമാണ് അവർ.
നഴ്‌സുമാർ ജീവിതങ്ങൾ മാറ്റിമറിക്കുന്ന നിർണായകമായ പങ്ക് വഹിച്ച നിരവധി സന്ദർഭങ്ങൾ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പ്രൊഫ. ഷൈയ്‌ല ട്‌ലോ പറഞ്ഞു. ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ്‌സ് 2025-ൽ വീണ്ടും ഗ്രാൻഡ് ജൂറിയുടെ ഭാഗമാകുമ്പോൾ, ലോകമെമ്പാടുമുള്ള നഴ്‌സുമാർ നിരവധി വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ ചെയ്യുന്ന ജോലിയെക്കുറിച്ച് കൂടുതൽ അറിയാനും പ്രചോദനം നേടാനും സാധിക്കുന്നു. ആഗോളതലത്തിൽ നഴ്‌സിംഗ് സമൂഹം നൽകുന്ന അതുല്യമായ സേവനങ്ങളുടെ അംഗീകാരമാണിത് എന്നും അവർ വ്യക്തമാക്കി.
പ്രൊഫസർ ജെയിംസ് ബുക്കാൻ, പോളിസി നിർമ്മാതാവ്, പോളിസി അനലിസ്റ്റ്, ഹെൽത്ത് വർക്ക്ഫോഴ്സ്, ഹെൽത്ത് സിസ്റ്റംസ് കൺസൾട്ടൻ്റ് എന്നീ നിലകളിൽ വിപുലമായ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ ഡബ്ല്യുഎച്ച്ഒ കൊളാബറേറ്റിംഗ് സെന്ററിൽ അഡ്ജൻ്റ് പ്രൊഫസറും, ഹ്യൂമൺ റിസോഴ്‌സ് ഫോർ ഹെൽത്ത് ജേണലിൻ്റെ എഡിറ്റർ എമെരിറ്റസുമാണ് അദ്ദേഹം.
നഴ്‌സുമാരാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പരിപാലന സംവിധാനത്തിൻ്റെ നട്ടെല്ല്. പ്രതിസന്ധി ഘട്ടങ്ങളിൽ അവരാണ് നേതൃനിരയിലേക്ക് ഉയർന്ന് പരിചരണവും കരുതലും നൽകുന്നത്. ഈ അവാർഡ് തുടങ്ങിയത് മുതൽ ജൂറിയുടെ ഭാഗമായ തനിക്ക് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്‌സുമാരുടെ നവീകരണം, സുരക്ഷിതത്വം, സ്വാധീനം എന്നിവയുടെ അതുല്യമായ കഥകൾ നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്.
ഈ അവാർഡ് അവരുടെ സംഭാവനകളെ ആഘോഷിക്കുക മാത്രമല്ല, ആരോഗ്യ പരിപാലന നയങ്ങളിലും, വിതരണത്തിലും ഈ തൊഴിലിൻ്റെ പ്രചാരണത്തിലും സ്വാധീനത്തിലും മാറ്റങ്ങൾ സൃഷ്ടിക്കുന്ന സുപ്രധാന വേദിയാണ് എന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഹെൽത്ത് കെയർ കൺസൾട്ടൻ്റും, റോയൽ കോളേജ് ഓഫ് നഴ്സിങ്ങിൻ്റെ മുൻ സിഇഒയുമായ ഡോ. പീറ്റർ കാർട്ടർക്ക് ഈ രംഗത്ത് വൈവിധ്യമാർന്ന അനുഭവങ്ങളുണ്ട്. മികച്ച ഫെലോഷിപ്പുകൾ നേടിയ അദ്ദേഹം എൻഎച്ച്എസ് സേവനത്തിന് ശേഷം ഓബിഇ പോലുള്ള ബഹുമതികളും നേടിയിട്ടുണ്ട്. ആർസി എൻ (RCN)-ൽ ജോലി ചെയ്ത ശേഷം അദ്ദേഹം രാജ്യത്തിനകത്തും വിദേശത്തും സേവനമനുഷ്ഠിച്ചു. തൻ്റെ കരിയറിലുടനീളം ഒരു നഴ്‌സായി ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, നഴ്‌സുമാരുടെ പ്രാവീണ്യവും സമർപ്പണവും ആരോഗ്യ പരിപാലന രംഗത്തെ മാറ്റിമറിക്കുന്നുവെന്നും ഡോ. പീറ്റർ കാർട്ടർ പറഞ്ഞു.
നഴ്‌സിങ്ങിൻ്റെ മികവ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ്‌സ് ആ ദൗത്യമാണ് നിർവഹിക്കുന്നത്. രോഗീ പരിചരണവും മികച്ച ജോലിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ പരിശ്രമിക്കുന്നവരെ ആഘോഷിക്കുന്നതാണ് ഈ ഉദ്യമം എന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ പ്രസിഡൻ്റ് ഇലക്റ്റും, ഫ്രാൻസിലെ എസ്സൻഷ്യൽ സീനിയർ കൺസൾട്ടൻ്റും, ഹാർബ്ര ബോർഡ് ചെയറും, യുകെയിലെ ഹെൽത്ത് ഫോർ ഓൾ (Health4All) അഡ്വൈസറി മാനേജിംഗ് ഡയറക്ടറുമായ ഡോ. നിതി പാൽ ദീർഘവീക്ഷണമുള്ള മുതിർന്ന ക്ലിനിക്കൽ വ്യക്തിത്വമാണ്. യുകെയിലെ ബർമിംഗ്ഹാമിൽ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് അദ്ദേഹം 44 രാജ്യങ്ങളിലെ ആരോഗ്യ പരിപാലന രംഗത്തിന് ഗുണകരമാകുന്ന സംഭാവനകൾ നൽകിയിട്ടുണ്ട്.
രോഗി പരിചരണത്തിൻ്റെ കേന്ദ്രസ്ഥാനത്തുള്ള നഴ്‌സുമാരുടെ സംഭാവനകളില്ലാതെ ആരോഗ്യ പരിപാലന രംഗത്തിന് നവീകരണത്തോടെ നിലനിൽക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിലും പുതിയ സമീപനങ്ങളോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനും അവരുടെ പങ്ക് അംഗീകരിക്കുന്നത് പ്രധാനമാണ്. ഒരു ജൂറി അംഗം എന്ന നിലയിൽ അവരുടെ സമർപ്പണവും ആത്മാർത്ഥതയും കൊണ്ട് ആരോഗ്യ പരിപാലന രംഗത്തെ പുനർനിർമ്മിക്കുന്ന പല അസാധാരണമായ ഉദാഹരണങ്ങളും താൻ കണ്ടിട്ടുണ്ട്. അവരുടെ വിലപ്പെട്ട സേവനങ്ങളെ ആദരിക്കുന്ന ഈ ഉദ്യമത്തിൻ്റെ ഭാഗമാകാൻ വീണ്ടും കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡിൻ്റെ ഈ പതിപ്പിനായി ആസ്റ്റര്‍, ഏണസ്റ്റ് ആന്റ് യംഗ് എല്‍എല്‍പി (EY) യെ 'പ്രോസസ് അഡ്വൈസര്‍' ആയി നിയമിച്ചിട്ടുണ്ട്. നിർവചിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അപേക്ഷകൾ ഏണസ്റ്റ് ആൻഡ് യംഗ് അവലോകനം ചെയ്യും. ഒരു സ്വതന്ത്ര വിദഗ്ധ സമിതി എൻട്രികളുടെ ഷോർട്ട്‌ലിസ്റ്റിംഗ് പ്രക്രിയ പൂർത്തിയാക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഫൈനലിസ്റ്റുകളുടെ ഒരു ലിസ്റ്റ് ഗ്രാൻഡ് ജൂറിക്ക് സമർപ്പിക്കുകയും ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകൾ പരിശോധിച്ച്, അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മികച്ച 10 നഴ്‌സുമാരിൽ നിന്ന് ഗ്രാൻഡ് ജൂറി ഈ വർഷത്തെ അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കും.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary: Aster DM Healthcare announced the Grand Jury for the Aster Guardians Global Nursing Award 2025 in Dubai. The award received over 100,000 registrations from 199 countries, with a grand prize of $250,000 USD.
#AsterGuardians #NursingAward #GlobalHealthcare #Nurses #HealthcareHeroes #Dubai