Medical Miracle | ശ്വാസനാളം അടഞ്ഞ കുഞ്ഞിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പുതുജീവന്‍; സാധ്യമായത് ശസ്ത്രക്രിയയില്ലാതെ 

 
Baby Saved from Surgery with Bronchoscopy at Aster MIMS Kannur
Baby Saved from Surgery with Bronchoscopy at Aster MIMS Kannur

Photo: Aster MIMS Media

● ചികിത്സിച്ചത് പള്‍മണോളജി വിഭാഗം ഡോക്ടര്‍മാര്‍.
● ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.
● മുലയൂട്ടുമ്പോള്‍ കുഞ്ഞിന് നീല നിറമാകുകയായിരുന്നു.

കണ്ണൂര്‍: (KVARTHA) ശ്വാസകോശത്തിലെ പ്രധാന നാളിയായ ട്രക്കിയ ചുരുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മൂന്നര മാസം മാത്രം പ്രായമുള്ള പാനൂര്‍ പുത്തൂര്‍ സ്വദേശിയായ കുഞ്ഞിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ബ്രോങ്കോസ്‌കോപ്പിയിലൂടെ പുതുജീവന്‍. സാധാരണ ഗതിയില്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തെയാണ് ശസ്ത്രക്രിയയില്ലാതെ അതിജീവിക്കുവാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ പള്‍മണോളജി വിഭാഗം ഡോക്ടര്‍മാര്‍ക്ക് സാധിച്ചത്.

ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ സാഹചര്യത്തില്‍ ആയിരുന്നു കുഞ്ഞ് ആദ്യമായി ചികിത്സ തേടിയെത്തിയത്. വെന്റിലേറ്റര്‍ പിന്തുണ ഉള്‍പ്പെടെ ആവശ്യമായി വന്ന കുഞ്ഞിന് ഒരു മാസത്തോളം ചികിത്സ അനിവാര്യമായി വന്നു. തുടര്‍ന്ന് അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്യാനും സാധിച്ചു. എന്നാല്‍ പിന്നീട് കുഞ്ഞിന് ശ്വാസതടസവും ശ്വസിക്കുമ്പോള്‍ കുറുകലും ശ്രദ്ധയില്‍ പെട്ടു. മാത്രമല്ല മുലയൂട്ടുമ്പോള്‍ കുഞ്ഞിന് നീല നിറമാകുന്നതും മാതാവ് ശ്രദ്ധിച്ചു. ഈ അവസ്ഥയിലാണ് കുഞ്ഞിനെ വീണ്ടും കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ എത്തിച്ചത്.

വിശദ പരിശോധനയില്‍ ശ്വാസനാളം ചുരുങ്ങിയതായി മനസിലാക്കി. ന്യുമോണിയയുടെ പ്രത്യാഘാതങ്ങളില്‍ ഒന്നാണ് ഇത്. അതീവ ഗുരുതരമായ ഈ സാഹചര്യത്തെ അതിജീവിക്കാന്‍ ശസ്ത്രക്രിയയാണ് പ്രധാന മാര്‍ഗം. എന്നാല്‍ മൂന്ന് മാസം മാത്രം പ്രായമുള്ളതിനാല്‍ ശസ്ത്രക്രിയ ഒഴിവാക്കി ബ്രോങ്കോസ്‌കോപ്പി ചെയ്യാന്‍ പള്‍മണോളജി വിഭാഗം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ബ്രോങ്കോസ്‌കോപ്പിക്ക് ശേഷം കുഞ്ഞിനെ പൂര്‍ണ ആരോഗ്യവാനായി ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിച്ചുവെന്ന് ഡോ. വിഷ്ണു ജി കൃഷ്ണന്‍ പറഞ്ഞു.

ഇന്റര്‍വെന്‍ഷണല്‍ പള്‍മനോളജി വിഭാഗത്തിലെ ഡോ. വിഷ്ണു ജി കൃഷ്ണന്‍, ഡോ. അവിനാഷ് മുരുഗന്‍, തൊറാസിക് സര്‍ജറി വിഭാഗം ഡോ ദിന്‍രാജ്, നിയോനറ്റൊളജി വിഭാഗം ഡോ. ഗോകുല്‍ ദാസ്, ഇ എന്‍ ടി വിഭാഗം ഡോ. മനു തുടങ്ങിയവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.

ഇത്തരത്തിലുള്ള അസുഖങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനും വേണ്ടി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ട്രെക്കിയ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് സി സുനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍  ഡോ. ശ്രീജിത്ത് എം ഒ, ഡോ വിഷ്ണു ജി കൃഷ്ണന്‍, ഡോ അവിനാഷ് മുരുഗന്‍, ഡോ.ദിന്‍രാജ് ,ഡോ ഗോകുല്‍ദാസ്, ആസ്റ്റര്‍ മിംസ് എ ജി എം ഓപ്പറേഷന്‍സ് വിവിന്‍ ജോര്‍ജ്, ഡെപ്യൂട്ടി സി എം എസ് ഡോ. അമിത് ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

#AsterMIMS #Kannur #bronchoscopy #babysaved #medicalmiracle #KeralaHealthcare

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia