Crisis | കര്‍ണാടക ബെല്ലാരിയില്‍ പ്രസവവാര്‍ഡിലെ അമ്മമാരുടെ കൂട്ടമരണം; ഉന്നതതല അന്വേഷണത്തിന് നാലംഗ സംഘത്തെ നിയോഗിച്ചു

 
Bellary Hospital Deaths Spark Investigation
Bellary Hospital Deaths Spark Investigation

Photo Credit: X/Siddaramaiah

● മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ പ്രസവിച്ച അഞ്ച് അമ്മമാര്‍ മരിച്ചു.
● കിഡ്നിയിലടക്കം മുറിവുകളുമായി 2 പേര്‍ അത്യാസന്ന നിലയില്‍.
● മാതൃ മരണത്തില്‍ അഞ്ച് ലക്ഷം രൂപ ധനസഹായം.
● കര്‍ണാടക ഡ്രഗ് കണ്‍ട്രോളറെ സസ്പെന്‍ഡ് ചെയ്തു.

ബെംഗ്‌ളൂരു: (KVARTHA) കര്‍ണാടകയില്‍ ബെല്ലാരിയില്‍ സര്‍ക്കാരാശുപത്രിയിലെ മാതൃ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. സംഭവം വിവാദമായതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് നാലംഗ സംഘത്തെ നിയോഗിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 

സംഭവം ഗൗരവമായി കണ്ട് കര്‍ണാടക ഡ്രഗ് കണ്‍ട്രോളര്‍ ഉമേഷ് എസ്സിനെ സസ്പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്തെ മരുന്ന് സംഭരണകേന്ദ്രങ്ങളിലെല്ലാം സമഗ്ര അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. 

മൂന്ന് ദിവസത്തിനിടെ പ്രസവവാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത അഞ്ച് അമ്മമാരാണ് മരിച്ചത്. നവംബര്‍ 9 മുതല്‍ 11 വരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്. ഈ മൂന്ന് ദിവസത്തില്‍ 34 സ്ത്രീകള്‍ പ്രസവിച്ചതില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി. കിഡ്നിയിലടക്കം ഗുരുതര മുറിവുകളുണ്ട്. ഇവരില്‍ അഞ്ച് പേരാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ അത്യാസന്ന നിലയിലാണ്. 

റിങേഴ്‌സ് ലാക്‌റ്റേറ്റ് എന്ന ഐവി ഫ്‌ലൂയിഡ് നല്‍കിയ ശേഷമാണ് ഇവര്‍ക്കെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് വിവരം. സോഡിയം ലാക്‌റ്റേറ്റ് ഇഞ്ചക്ഷനാണ് റിങേഴ്‌സ് ലാക്‌റ്റേറ്റ് എന്നത്. രക്തസമ്മര്‍ദ്ദം കുറവുള്ള ആളുകള്‍ക്ക് കൊടുക്കുന്ന സാധാരണ ഇഞ്ചക്ഷനാണ്. ഇലക്ട്രോലൈറ്റ് കൗണ്ട് നിലനിര്‍ത്താനാണിത്. അപകട സാധ്യതയുള്ള ഒന്നല്ല ഈ മരുന്ന്. 

എന്നാല്‍ ബെല്ലാരിയില്‍ വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചവയാണെന്നും ഇതിനാലാണ് ദുരന്തമുണ്ടായതെന്നുമാണ് നിഗമനം. മരിച്ച അമ്മമാരൊന്നും അതീവ അപകട സാധ്യതയുള്ള ഗര്‍ഭിണികളുടെ വിഭാഗത്തിലായിരുന്നില്ല. ഇവര്‍ക്കെല്ലാം സിസേറിയനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ബംഗാള്‍ ആസ്ഥാനമായുള്ള പശ്ചിംബംഗ ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്ന് ഉല്‍പ്പാദിപ്പിച്ച് നല്‍കിയത്.

#BellaryDeaths #Karnataka #India #HospitalDeaths #MedicalNegligence #PublicHealth #JusticeForVictims

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia