Banana Peel | 'വാഴപ്പഴം' കഴിച്ചാൽ ഇനി തൊലി കളയേണ്ട; പല വിധത്തിൽ ഉപയോഗിക്കാം
● വാഴപ്പഴം ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ മികച്ച സ്രോതസ്സാണ്, അവയുടെ തൊലികളും ഇത് തന്നെയാണ് ചെയ്യുന്നത്.
● ഇനി പഴത്തൊലികൾ കളയേണ്ടതില്ല, വാഴത്തൊലികൾ നിങ്ങളുടെ തോട്ടത്തിൽ വിവിധ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും.
● ഒരു ബക്കറ്റിലേക്ക് കുറച്ച് വാഴത്തൊലി ഇട്ട് വെള്ളം ഒഴിച്ച് കുറച്ച് ദിവസം വെക്കുക.
കെ ആർ ജോസഫ്
(KVARTHA) മലയാളികളെ സംബന്ധിച്ച് നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വല്ലപ്പോഴെങ്കിലും ഒരു വാഴപ്പഴം കഴിക്കുകയെന്നത്. യാത്ര ചെയ്യുമ്പോൾ പോലും ക്ഷീണം മാറ്റാൻ ഒരു ചായയ്ക്ക് ഒപ്പം ഒരു പഴവും വാങ്ങി കഴിക്കുന്നവർ ധാരാളം പേരുണ്ട്. അത്രയ്ക്ക് പ്രിയപ്പെട്ടതാണ് എല്ലാവർക്കും വാഴപ്പഴങ്ങൾ. വാഴപ്പഴം കഴിക്കുന്നത് നല്ലത് തന്നെ. എന്നാൽ അത് കഴിച്ചശേഷം അതിൻ്റെ തൊലി എവിടെയെങ്കിലും വലിച്ചെറിയുന്നവരാണ് നമ്മിൽ പലരും.
പഴത്തൊലിയെ ഉപയോഗശൂന്യമായ വസ്തുവായി കാണാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ഏറെയും പേർ. എന്നാൽ അങ്ങനെ അല്ല. പഴത്തൊലിയ്ക്കും അതിൻ്റേതായ ഗുണഗണങ്ങൾ ഉണ്ടെന്നും അത് വെറുതെ വലിച്ചെറിഞ്ഞ് കളയരുതെന്നും സൂചിപ്പിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ചെറുകിട തോട്ടക്കാർക്ക് ഉപകാരപ്പെടുന്ന എട്ട് കാര്യങ്ങളാണ് ഈ കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്.
പഴത്തൊലിയുടെ ഗുണങ്ങൾ
കുറിപ്പിൽ പറയുന്നത്: 'വാഴപ്പഴം കഴിച്ചാൽ ഇനി തൊലി കളയേണ്ട.. തോട്ടങ്ങളിൽ പല വിധത്തിൽ ഉപയോഗിക്കാം. വാഴപ്പഴം ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ മികച്ച സ്രോതസ്സാണ്, അവയുടെ തൊലികളും ഇത് തന്നെയാണ് ചെയ്യുന്നത്. അവ വേഗത്തിൽ വിഘടിക്കുന്നതിന് സഹായിക്കുന്നു. അത് മണ്ണിന് പോഷണം നൽകുന്നതിന് സഹായിക്കുന്നു.
വാഴപ്പഴം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഴമാണ്, എന്നാൽ പഴം കഴിച്ചതിന് ശേഷം തൊലി വലിച്ചെറിയുന്നതാണ് പതിവ്. ഇനി പഴത്തൊലികൾ കളയേണ്ടതില്ല, വാഴത്തൊലികൾ നിങ്ങളുടെ തോട്ടത്തിൽ വിവിധ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. ഈ മാർഗങ്ങൾ ചെറുകിട തോട്ടക്കാർക്ക് തീർച്ചയായും ഉപകാരപ്പെടും
1. ഒരു ബക്കറ്റിലേക്ക് കുറച്ച് വാഴത്തൊലി ഇട്ട് വെള്ളം ഒഴിച്ച് കുറച്ച് ദിവസം വെക്കുക. കുറച്ച് നാളുകൾക്ക് ശേഷം ഇത് എടുത്ത് ഉപയോഗിക്കാവുന്നതാണ്. വാഴപ്പഴത്തൊലിയിലെ ധാതുക്കളും, പോഷകങ്ങളും വെള്ളത്തിലേക്ക് ലയിക്കുന്നു. ഇത് നിങ്ങളുടെ പൂക്കളേയും, പച്ചക്കറികളേയും പോഷകങ്ങളാൽ സമ്പുഷ്ടമാക്കുകയും വളർച്ചയെ പ്രാത്സാഹിപ്പിക്കുകയും ചെയ്യുന്നു.
2. വാഴത്തോലിൽ പൊട്ടാസ്യത്തിൻ്റെ ഉയർന്ന സാന്ദ്രതയുണ്ട്. ചെടികൾക്ക് പൂക്കൾ ഉണ്ടാകുന്നതിനുള്ള പ്രധാന പോഷകമാണ് ഇത്. സസ്യകോശങ്ങൾക്കിടയിൽ പോഷകങ്ങളും ജലവും കൈമാറ്റം ചെയ്യുന്നതിനും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും പൊട്ടാസ്യം സഹായിക്കുന്നു. ചെയ്യേണ്ടത് വാഴത്തോൽ കഷ്ണങ്ങളായി മുറിച്ച് മണ്ണിൽ ഇട്ട് കൊടുക്കാം.
3. വാഴപ്പഴത്തിൻ്റെ തോൽ ഗ്രൈൻ്ററിൽ ഇട്ട് ചതച്ച ശേഷം മണ്ണിൽ കലർത്താവുന്നതാണ്, ഇത് കാലക്രമേണ ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രധാന പോഷകങ്ങൾ മണ്ണിലേക്ക് ലയിപ്പിക്കുന്നതിന് സഹായിക്കുന്നു.
4. ഈച്ചകളെ ഒഴിവാക്കുന്നതിന് വാഴപ്പഴത്തിൻ്റെ തൊലി ഉപയോഗിക്കാവുന്നതാണ്, വാഴപ്പഴത്തിൻ്റെ തൊലി മുറിച്ച് ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ട് കുറച്ച് ആപ്പിൾ സൈഡർ വിനഗർ ഒഴിക്കുക, ഒരു പോളിത്തീൻ ഉപയോഗിച്ച് മൂടിയതിന് ശേഷം അതിന് മുകളിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുക, ഇത് ഈച്ചകളെ ആകർഷിക്കുകയും അവ നശിച്ച് പോകുകയും ചെയ്യുന്നു.
5. വാഴപ്പഴത്തിൻ്റെ തോലുകൾ ബയോഡീഗ്രേഡബിൾ ആയതിനാൽ പെട്ടെന്ന് വിഘടിക്കുന്നതിന് സഹായിക്കുന്നു, വാഴപ്പഴത്തിൻ്റെ ഏറ്റവും നല്ല ഉപയോഗങ്ങളിലൊന്ന് അവയെ കമ്പോസ്റ്റിലേക്ക് ചേർക്കുന്നതാണ്. കമ്പോസ്റ്റിലേക്ക് ചേർക്കുന്നതിന് മുമ്പ് അവ അരിഞ്ഞോ അല്ലെങ്കിൽ അരച്ചോ ചേർക്കണം, അല്ലെങ്കിൽ അത് സ്ലഗുകളെ ആകർഷിക്കും.
6. തക്കാളി ചെടികൾ തഴച്ചു വളരുന്നതിനും നന്നായി വിളവ് തരുന്നതിനും വാഴപ്പഴത്തിൻ്റെ തോലുകൾ സഹായിക്കും. വാഴത്തോലിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം എന്നിവ മണ്ണിനെ സമ്പുഷ്ടമാക്കുന്നു, ഇത് തക്കാളിക്ക് നല്ല വിളവ് ലഭിക്കുന്നതിന് സഹായിക്കുന്നു.
7. നിങ്ങൾ തൈകൾ നട്ട് പിടിപ്പിക്കുന്നതിനൊപ്പം തന്നെ വാഴത്തോലുകൾ കഷ്ണങ്ങളാക്കി ഇടുന്നത് ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് സഹായിക്കുന്നു.
8. കാത്സ്യം, ഫോസ്ഫറസുകൾ, മഗ്നീഷ്യം, സൾഫർ എന്നിവയുടെ നല്ല ഉറവിടമായത് കൊണ്ട് തന്നെ റോസാപ്പൂക്കൾക്ക് പ്രതിരോധശേഷി നൽകുന്നതിനും നന്നായി പൂക്കൾ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്നു.
പഴത്തൊലിയെക്കുറിച്ച് അറിഞ്ഞപ്പോൾ അതിശയിച്ചുപോയില്ലേ? പഴം കഴിച്ച ശേഷം നാം അലക്ഷ്യമായി വലിച്ചെറിയുന്ന പഴത്തൊലിക്ക് ഇത്രയും ഉപയോഗങ്ങളുണ്ടെന്ന് ആർക്കറിയാമായിരുന്നു! ഇനിമുതൽ പഴത്തൊലി ഒരു വെറും അവശിഷ്ടമല്ല, മറിച്ച് നമുക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു സമ്പത്താണ്. ഈ അറിവ് പകരുന്ന ലേഖനം കൂടുതൽ പേരിലേക്ക് എത്തിക്കാൻ ശ്രമിക്കാം.
#BananaPeel, #SustainableLiving, #GardeningTips, #EcoFriendly, #NaturalFertilizer, #PlantCare