Raw Milk | പാലിലൂടെയും പക്ഷിപ്പനി പരത്തുന്ന രോഗാണു നിങ്ങളുടെ ശരീരത്തിലും എത്തിയേക്കാം; പുതിയ പഠനം പറയുന്നത് ഇങ്ങനെ
ഇ.കോളി, സാല്‍മൊണല്ല, ലിസ്റ്റീരിയ തുടങ്ങിയ ഹാനികരമായ ബാക്ടീരിയകള്‍ ശരീരത്തിലെത്തും.
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വളരെയധികം ദോഷം ചെയ്യും.
സസ്യങ്ങളില്‍ നിന്നെടുക്കുന്ന പാല്‍ കുടിക്കാന്‍ ഭയക്കണ്ട.
കൊച്ചി: (KVARTHA) പക്ഷികളില്‍ നിന്നും പക്ഷികളിലേക്ക് വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി എന്നറിയപ്പെടുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ. സാധരണ ഗതിയില്‍ ഇത് പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാറില്ല. എന്നാല്‍ വളരെ വിരളമായി വൈറസിന് രൂപഭേദം വന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്.
കോഴി, താറാവ്, കാട, ടര്‍ക്കി, അലങ്കാര പക്ഷികള്‍ ഇവയെയാണ് ഇത് ബാധിക്കുന്നത്. പ്രധാനമായും പക്ഷികളുടെ സ്രവങ്ങളിലൂടെയും, കഷ്ടത്തിലൂടേയും ചെറുകണികകള്‍ വഴി വായുവിലൂടെ പകരുന്ന ഒരു ശ്വാസകോശ രോഗമാണിത്.
അതിനാല്‍ ഇവയിലേതെങ്കിലുമായി അടുത്ത് ഇടപെഴകുന്നവര്‍, സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, കോഴി കച്ചവടം ചെയ്യുന്നവര്‍, ഇറച്ചി കച്ചവടക്കാര്‍, പാചകം ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുമ്പോള്‍, പശു, ആട് തുടങ്ങിയവുടെ പാല്‍ പച്ചയോടെ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് യുഎസില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. പക്ഷിപ്പനി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിളപ്പിക്കാതെ പാല്‍ കുടിക്കുന്നതിലൂടെ മനുഷ്യ ശരീരത്തിലേക്കും ഈ അണുക്കള്‍ എത്തിച്ചേരുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
പക്ഷിപ്പനി പകര്‍ചവ്യാധിയായതിനാല്‍, അത് കന്നുകാലികളെയും ബാധിക്കാറുണ്ട്. അതിനാല്‍, പാല്‍ കുടിക്കുന്നതിന് മുമ്പ് നന്നായി തിളപ്പിക്കുക. അല്ലെങ്കില്‍ ഇ.കോളി, സാല്‍മൊണല്ല, ലിസ്റ്റീരിയ തുടങ്ങിയ ഹാനികരമായ ബാക്ടീരിയകള്‍ നമ്മുടെ ശരീരത്തിലെത്തും. ഇതിലൂടെ ഭക്ഷ്യവിഷബാധയും അണുബാധയും ഉണ്ടായേക്കാം. ജീവന് തന്നെ ഭീഷണി ആയേക്കാം.
പാല്‍ തിളപ്പിച്ച് കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഭക്ഷ്യജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ ഇത് കാരണമാകുന്നു. കൂടാതെ, പാല്‍ തിളപ്പിക്കുന്നതിലൂടെ അതിലുള്ള എന്‍സൈമുകളെ നിര്‍ജീവമാക്കുകയും ഏറെനേരെ കേടുകൂടാതിരിക്കാനും സഹായിക്കുന്നു. മാത്രമല്ല, പശുവിന് പക്ഷിപ്പനി ബാധിച്ചാല്‍, അതിന്റെ പാലില്‍ ഉയര്‍ന്ന അളവില്‍ വൈറസ് കണ്ടെത്താനാകും. എന്നാല്‍, പാസ്ചറൈസേഷന്‍ പ്രക്രിയ വൈറസിനെ കൊല്ലുകയോ നിര്‍ജീവമാക്കുകയോ ചെയ്യുന്നുവെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു.
പാസ്ചറൈസ് ചെയ്യാത്ത പാല്‍ കുടിക്കുന്നത് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വളരെയധികം ദോഷം ചെയ്യുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍, ബദാം, സോയ, ഓട്സ്, തേങ്ങ എന്നിവയില്‍ നിന്നെടുക്കുന്ന പാല്‍ ചൂടാക്കാതെ കുടിക്കുന്നതുകൊണ്ട് ദോഷമില്ല. സസ്യങ്ങളില്‍ നിന്നെടുക്കുന്നതിനാല്‍ ഇതില്‍ രോഗാണുക്കള്‍ ഉണ്ടാകുമെന്ന ഭയവും വേണ്ടെന്നാണ് വിദഗ്ധരുടെ ഉപദേശം.