Miracle | ദുബൈയില്‍ ക്രിക്കറ്റ് പന്ത് കണ്ണിലിടിച്ച് ഗുരുതരമായി പരുക്കേറ്റ ബാലന് അത്ഭുത രക്ഷ; കാഴ്ചശക്തിക്ക് കോട്ടം തട്ടാതെ ഡോക്ടര്‍മാര്‍ രക്ഷിച്ചു

 
Boy suffers freak injury after cricket ball hits eye; Dubai doctors save his vision
Boy suffers freak injury after cricket ball hits eye; Dubai doctors save his vision

Representational Image Generated by Meta AI

● ദുബായിൽ ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ബാലന് ഗുരുതരമായ കണ്ണിന് പരിക്കേറ്റു.
● ലേസർ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചു പിടിക്കാൻ സാധിച്ചു.
● ഡോക്ടർമാരുടെ അത്ഭുതകരമായ ഇടപെടൽ.

ദുബൈ: (KVARTHA) ക്രിക്കറ്റ് പന്ത് കണ്ണിലിടിച്ച് ഗുരുതരമായി പരുക്കേറ്റ ബാലന് അത്ഭുത രക്ഷ; 13 വയസ്സുള്ള ഒരു ഇന്ത്യന്‍ ബാലന്റെ കാഴ്ചശക്തിക്ക് കോട്ടം തട്ടാതെ ഡോക്ടര്‍മാര്‍ രക്ഷിച്ചു. പന്ത് കണ്ണിലിടിച്ച് ഗുരുതരമായ പരുക്കേല്‍ക്കുകയും ഇത് റെറ്റിനയില്‍ വലിയൊരു വിള്ളലിന് (Giant Retinal Tear) കാരണവുമായി. 

ഇത്തരമൊരു സാഹചര്യത്തില്‍ ഗുരുതരമായ അവസ്ഥയില്‍ ആണെങ്കില്‍പോലും തിരിച്ചറിയാന്‍ സാധിക്കില്ല. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട് ചികിത്സിച്ചില്ലെങ്കില്‍ റെറ്റിന അടര്‍ന്നുപോവുകയും (Retinal Detachment) കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സുഹൃത്തുക്കളോടൊപ്പം പാര്‍ക്കിംഗ് സ്ഥലത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് പന്ത് കുട്ടിയുടെ ഇടത് കണ്ണില്‍ കൊണ്ടത്. വേദന, ചുവപ്പ്, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആദ്യം ഐസ് വെക്കുകയും പിന്നീട് ആസ്റ്റര്‍ ക്ലിനിക്ക് ബുര്‍ ദുബായില്‍ ചികിത്സ തേടുകയുമായിരുന്നു.

തുടര്‍ന്ന് മൻഖൂൽ ആസ്റ്റർ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് സ്‌പെഷ്യലിസ്റ്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ. ഗസ്സാല ഹസന്‍ മന്‍സൂരി വിശദമായ പരിശോധന നടത്തി. അതില്‍ കുട്ടിയുടെ ഇടത് കണ്ണിലെ റെറ്റിനയില്‍ വിള്ളലും ഒന്നിലധികം പൊട്ടലുകളും കണ്ടെത്തി.

റെറ്റിനയുടെ വ്യക്തമായ ചിത്രീകരണവും (Fundus Photography), ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രാഫി (OCT) എന്ന ആധുനിക സ്‌കാനിംഗും ഉള്‍പ്പെടെയുള്ള പരിശോധനയില്‍ റെറ്റിനയുടെ 90 ഡിഗ്രിയില്‍ അധികം വ്യാപിച്ചു കിടക്കുന്ന വലിയ വിള്ളല്‍ കണ്ടെത്തി. ഇത് റെറ്റിന അടര്‍ന്നുപോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണെന്ന് പരിശോധനയില്‍ മനസ്സിലായി. 

ഡോക്ടര്‍ ഉടന്‍തന്നെ നോണ്‍-ഇന്‍വേസീവ് പ്രിവന്റീവ് ലേസര്‍ ട്രീറ്റ്‌മെന്റ് (Prophylactic Laser Barrage) നിര്‍ദ്ദേശിച്ചു. ഈ ലേസര്‍ ചികിത്സയിലൂടെ വിള്ളല്‍ അടയ്ക്കുകയും റെറ്റിന അടര്‍ന്നുപോകാതെ സംരക്ഷിക്കുകയും ചെയ്തു. വെറും 15-20 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കിയ ഈ ലേസര്‍ ചികിത്സ വേദനയില്ലാത്ത രീതിയില്‍, കണ്ണിന് മരവിപ്പ് നല്‍കുന്ന തുള്ളിമരുന്ന് ഉപയോഗിച്ചാണ് നടത്തിയത്. ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ കാഴ്ച പൂര്‍ണമായി തിരിച്ചുകിട്ടി. ലേസര്‍ ചികിത്സിച്ച ഭാഗങ്ങള്‍ പൂര്‍ണമായും സുഖം പ്രാപിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഡോ. ഗസ്സാല പറയുന്നതനുസരിച്ച്, ഇത്തരം സാഹചര്യങ്ങളില്‍ കൃത്യ സമയത്തുള്ള രോഗനിര്‍ണയവും ചികിത്സയും അത്യന്താപേക്ഷിതമാണ്. സമയബന്ധിതമായ ലേസര്‍ ചികിത്സയിലൂടെ കുട്ടിയുടെ കാഴ്ച രക്ഷിക്കാന്‍ സാധിച്ചു. വലിയ റെറ്റിനല്‍ വിള്ളലുകള്‍ താരതമ്യേന അപൂര്‍വമാണ്. റെറ്റിനയുടെ 90 ഡിഗ്രിയില്‍ കൂടുതല്‍ വ്യാപിച്ചു കിടക്കുന്ന ഇത്തരം വിള്ളലുകള്‍ ചികിത്സിച്ചില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടുന്നതിന് വരെ കാരണമാകുന്ന റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റിലേക്ക് നയിച്ചേക്കാം. കുട്ടികളില്‍ ഇത്തരം അവസ്ഥകള്‍ ചികിത്സിക്കാന്‍ പ്രയാസമാണ്, കാരണം പരിക്കുകള്‍ മൂലമുള്ള മറ്റ് സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

നേരത്തെ തന്നെ ഗുരുതര പരുക്ക് കണ്ടെത്തി ചികിത്സ നടത്തിയതിനാല്‍ കുട്ടിക്കും കുടുംബത്തിനും വലിയ ആശ്വാസമായി. ഡോക്ടര്‍മാരുടെ കൃത്യമായ ഇടപെടല്‍ കുട്ടിയുടെ കാഴ്ച ശക്തി വീണ്ടെടുക്കാന്‍ സഹായിച്ചു.

#eyehealth #medicalmiracle #lasersurgery #retinaltear #childhealth #dubai #india

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia