Breast Cancer | മുലയൂട്ടുന്ന മാതാവാണോ നിങ്ങള്‍? എങ്കില്‍ സ്താനാര്‍ബുദ സാധ്യത കുറവെന്ന് വിദഗ്ധർ; കാരണമിതാണ്!
മുലപ്പാല്‍ കുഞ്ഞിന് പൂര്‍ണ പോഷണം നല്‍കുന്നു, മാതാവും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു.
ന്യൂഡൽഹി: (KVARTHA) ഇന്ന് സ്ത്രീകള്‍ക്കിടയില്‍ കടുത്ത വെല്ലുവിളിയായി ഉയര്‍ന്നുവരുന്ന രോഗാവസ്ഥയാണ് സ്തനാര്‍ബുദം. ലോകത്തില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സ്ത്രീകളാണ് സ്തനാര്‍ബുദത്തെത്തുടര്‍ന്ന് മരണപ്പെടുന്നത്. 35 വയസിനും 55 വയസിനും ഇടയിലുളള സ്ത്രീകളിലാണ് സ്തനാര്‍ബുദം കൂടുതലായി കണ്ടുവരുന്നത്. സ്തനത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച് മുലയൂട്ടുന്ന സ്ത്രീകളില്‍ സ്തന, അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത വളരെ കുറവാണ്.
അതിനാല്‍ കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നതിനും സ്തനാര്‍ബുദത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും മുലയൂട്ടാന്‍ അമ്മമ്മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (NFHS) 4 ഉം 5 ഉം അനുസരിച്ച്, 55% കുട്ടികള്‍ മാത്രമേ മുലപ്പാല്‍ മാത്രം കുടിക്കുന്നുള്ളൂ (മറ്റ് ദ്രാവകങ്ങളോ ഖരപദാര്‍ഥങ്ങളോ നല്‍കാതെ മുലപ്പാല്‍ മാത്രം കുടിക്കുന്ന ശിശുക്കള്‍). പൂനെയിലെ അപ്പോളോ സ്‌പെക്ട്രയിലെ ഗൈനക്കോളജിസ്റ്റായ ഡോ. നിതിന്‍ ഗുപ്തെ പറയുന്നതനുസരിച്ച്, മുലയൂട്ടല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതിനുള്ള കാരണം മുലയൂട്ടുന്ന സമയത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്.
ടിജിഎച്ച്-ഓങ്കോ ലൈഫ് കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ മൃണാല്‍ പരബ് പറയുന്നതനുസരിച്ച് മുലയൂട്ടല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളുടെ പക്വതയെ പ്രോത്സാഹിപ്പിക്കുകയും കേടായ കോശങ്ങളെ മുഴകളായി മാറുന്നതിന് മുമ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല 'മുലയൂട്ടുന്ന സ്ത്രീകള്‍ പലപ്പോഴും സമതുലിതമായ ജീവിതശൈലി നിലനിര്‍ത്തുന്നു, അതില്‍ പോഷകസമൃദ്ധമായ ഭക്ഷണവും പതിവ് ശാരീരിക പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇത് അവരുടെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു', ഡോ.പരാബ് വിശദീകരിക്കുന്നു.
അതിനാല്‍ ആദ്യത്തെ 8-10 മാസങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂള്ളു എന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. സ്തന കോശങ്ങളിലെ മുഴകള്‍, സ്തനവലിപ്പത്തിലും രൂപത്തിലും വരുന്ന മാറ്റങ്ങള്‍, തലകീഴായ മുലക്കണ്ണുകള്‍, മുലക്കണ്ണ് സ്രവങ്ങള്‍ എന്നിവയാണ് സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളായി കരുതപ്പെടുന്നത്.
അങ്കുര ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രീഷ്യന്‍ ആന്‍ഡ് ഗൈനക്കോളജിസ്റ്റ് ഡോ.പ്രസാദ് കുലത്ത് പറയുന്നത്, കുറഞ്ഞത് ആറുമാസമെങ്കിലും മുലയൂട്ടുന്ന അമ്മമാരില്‍ ആര്‍ത്തവവിരാമത്തിനു മുമ്പും ശേഷവുമുള്ള സ്തനാര്‍ബുദ സാധ്യത കുറയുന്നു എന്നാണ്. കാരണം മുലയൂട്ടല്‍ ഹോര്‍മോണില്‍ വ്യതിയാനം വരുത്തുകയും ഇത് ആര്‍ത്തവത്തെ വൈകിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്ന ഈസ്ട്രജന്റെ എക്‌സ്‌പോഷര്‍ കുറയ്ക്കുന്നു. മുലയൂട്ടുന്ന സമയത്ത് സ്ത്രീകള്‍ സ്തനകലകള്‍ ചൊരിയുകയും ഡിഎന്‍എ തകരാറുള്ള കോശങ്ങള്‍ നീക്കം ചെയ്യുകയും ക്യാന്‍സറിനെ തടയുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
എന്നിരുന്നാലും മുലയൂട്ടല്‍ സ്തനാര്‍ബുദ സാധ്യതയെ ഗണ്യമായി കുറയ്ക്കുമെങ്കിലും, ഇത് ഒരു ഉറപ്പ് നല്‍കുന്ന പ്രതിരോധ മാര്‍ഗമല്ല. മതിയായ പാല്‍ ലഭ്യത ഉറപ്പാക്കാന്‍ മുലയൂട്ടല്‍ വിദഗ്ധരില്‍ നിന്ന് സ്ത്രീകള്‍ പിന്തുണ തേടുകയും ആവശ്യമെങ്കില്‍ ബ്രെസ്റ്റ് പമ്പുകള്‍ ഉപയോഗിക്കുന്നത് പരിഗണിക്കുകയും വേണം. കാന്‍സര്‍ പ്രതിരോധത്തിനു പുറമേ, മുലയൂട്ടല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും അവരുടെ മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പൂനെയിലെ അപ്പോളോ സ്‌പെക്ട്രയിലെ ഗൈനക്കോളജിസ്റ്റായ ഡോ. നിതിന്‍ ഗുപ്‌തെ വെളിപ്പെടുത്തുന്നതനുസരിച്ച്, മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആസ്ത്മ, പൊണ്ണത്തടി, ചെവി, ശ്വാസകോശ സംബന്ധമായ അണുബാധകള്‍, പെട്ടെന്നുള്ള ശിശുമരണ സിന്‍ഡ്രോം, വയറിളക്കം പോലുള്ള ദഹനനാളത്തിലെ അണുബാധകള്‍ എന്നിവയ്ക്കുള്ള സാധ്യത കുറവാണ്. അതേസമയം അമ്മമാരില്‍ മുലയൂട്ടല്‍ ഉയര്‍ന്ന രക്തം തടയാന്‍ സഹായിക്കും. മാത്രമല്ല സമ്മര്‍ദ്ദം, ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സ്തന, അണ്ഡാശയ അര്‍ബുദങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.
അതിനാല്‍ ആദ്യത്തെ ആറ് മാസത്തേക്ക് എക്സ്‌ക്ലൂസീവ് ബ്രെസ്റ്റ് ഫീഡിംഗും തുടര്‍ന്നുള്ള ആറ് മാസം പൂരക ഭക്ഷണങ്ങള്‍ക്കൊപ്പം മുലയൂട്ടല്‍ തുടരണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ശരീരത്തിൽ ഏതെങ്കിലും അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്‌ടറെ സമീപിക്കാൻ ശ്രദ്ധിക്കുക.