Life Style | രാത്രിയിലെ വ്യായാമം മുതൽ മുള്ളോടെ ചെറുമീനുകൾ കഴിക്കുന്നത് വരെ; ആരോഗ്യം നിലനിർത്താൻ 9 നുറുങ്ങുവിദ്യകൾ
ആർത്തവവിരാമത്തിനുശേഷം സ്ത്രീകളിൽ ഹൃദ്രോഗസാധ്യത വർധിക്കുന്നു. പക്ഷേ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ ഈ പ്രശ്നത്തെ മറികടക്കാമെന്നാണ് പറയുന്നത്
ന്യൂഡെൽഹി: (KVARTHA) നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള ചില നുറുങ്ങു വിദ്യകൾ നിർദേശിക്കുകയാണ് അമേരിക്കയിലെ ഗവേഷകയും ആരോഗ്യ വിദഗ്ധയുമായ കെയ്റ്റ്ലിൻ റെയ്ലി. എന്തൊക്കെ ശീലങ്ങളാണ് നമ്മുടെ ആരോഗ്യവും ജീവിത ശൈലിയും മെച്ചപ്പെടുത്തുക എന്നറിയാം.
രാത്രിയിലെ വ്യായാമം
വൈകുന്നേരം ആറ് മണിക്കും അർധരാത്രിക്കും ഇടയിൽ വ്യായാമം ചെയ്യുന്നത് പൊണ്ണത്തടി കുറക്കാൻ സഹായിക്കുമെന്ന് ഗ്രാനഡ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാനും സാധിക്കുമെന്നാണ് പറയുന്നത്.
വൃത്തി
ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്ന മറ്റൊരു ഘടകം വൃത്തിയാണ്. ഏറ്റവും വൃത്തിയുള്ള സ്ഥലത്ത് ജീവിക്കുന്നവർക്ക് നല്ല മാനസികാരോഗ്യം ഉണ്ടാകുമെന്നാണ് അഭിപ്രായം. അതോടൊപ്പം തന്നെ, ആഹാരം കഴിക്കുമ്പോഴും മറ്റും ഈ വൃത്തി പാലിക്കണം. വ്യക്തി ശുചിത്വം പാലിക്കുന്നതു വഴി പല അസുഖ സാധ്യതകളെയും മറികടക്കാനാവും.
ബീറ്റ്റൂട്ട്
ആർത്തവവിരാമത്തിനുശേഷം സ്ത്രീകളിൽ ഹൃദ്രോഗസാധ്യത വർധിക്കുന്നു. പക്ഷേ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ ഈ പ്രശ്നത്തെ മറികടക്കാമെന്നാണ് കെയ്റ്റ്ലിൻ റെയ്ലി പറയുന്നത്. ഇത്, രക്തധമനികളുടെ മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കും. ഈ ജ്യൂസ് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പെൻ സ്റ്റേറ്റ് പഠനം കണ്ടെത്തി. ബീറ്റ്‌റൂട്ടിൻ്റെ നൈട്രേറ്റുകളാണ് ഈ ഗുണങ്ങൾക്ക് കാരണമെന്ന് ഗവേഷകർ പറയുന്നു, ഇത് ശരീരത്തിലെത്തുമ്പോൾ നൈട്രിക് ഓക്‌സൈഡായി മാറുന്നു, ഇത് രക്തക്കുഴലുകൾ വികസിക്കാനും രക്തയോട്ടം വർധിക്കാനും കാരണമാകുന്നു.
ഭക്ഷണരീതി
ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, പയർവർഗങ്ങൾ തുടങ്ങിയ ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നതു വഴി കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ കാരണങ്ങളാൽ മരിക്കാനുള്ള സാധ്യത താരതമ്യേന കുറയുന്നു. ഇത് അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ഹാർവാർഡ് ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്.
യോഗ ചെയ്യുക
യോഗ ശീലമാക്കുന്നത് വഴി, ആരോഗ്യം ഉറപ്പു വരുത്താനും, ശരീരത്തിൻ്റെ ഊർജം നിലനിർത്താനും, അതോടൊപ്പം അകാല വാർധക്യം തടയാനും സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു
ചെറുമീനുകൾ
നഗോയ സർവകലാശാലയുടെ പുതിയ പഠനം അനുസരിച്ച്, പോഷക സാന്ദ്രമായ ചെറുമത്സ്യങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ കാൻസർ ഉൾപ്പെടെയുള്ള അസുഖങ്ങളെ ചെറുക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. ചെറുമത്സ്യങ്ങളുടെ മുള്ളടക്കം ഭക്ഷിക്കണമെന്നാണ് അഭിപ്രായം.
സ്ക്രീൻ സമയം കുറക്കുക
ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള പഠനത്തിൽ കൂടുതൽ സമയം ടിവി കാണുന്നവർക്ക്, പ്രായമാകുമ്പോൾ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇത്തരം ആളുകൾ കൂടുതൽ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുകയോ പുകവലിക്കുകയോ പതിവായി മദ്യപിക്കുന്നവരോ ചെയ്യുന്നവരാണെങ്കിൽ ആരോഗ്യം അപകടത്തിലാണെന്ന മുന്നറിയിപ്പ് കൂടി ഗവേഷകർ നൽകി.
വ്യായാമങ്ങൾ
ഏറ്റവും ആരോഗ്യകരമായി ജീവിക്കുവാൻ, ജിമ്മിൽ പോയോ അല്ലാതെയോ മികച്ച വ്യായാമങ്ങൾ ശീലമാക്കുന്നത് വളരെ നല്ലതാണെന്ന് കെയ്റ്റ്ലിൻ റെയ്ലി പറഞ്ഞു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സമ്മർദം കുറക്കാനും വ്യായാമങ്ങൾ സഹായിക്കും.
മേൽപറഞ്ഞ ജീവിതശൈലികൾ നമ്മുടെ ആരോഗ്യം ഉറപ്പാക്കുമെങ്കിലും, ഇത്തരം ചിട്ടകൾ സ്വീകരിക്കുന്നതിനു മുമ്പ് ഒരു ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടുക. നിർദേശമനുസരിച്ച് മാത്രം പുതിയ ജീവിതശൈലി സ്വീകരിക്കുക.