Elderly Care | പ്രായമായവർക്ക് കൂടുതൽ കാലം ആശുപത്രിയിൽ കഴിയേണ്ടി വരികയും ചികിത്സാ ചിലവ് വർധിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? പുതിയ പഠനം ഞെട്ടിക്കുന്നു!


● 'പ്രായമായവരുടെ മരുന്ന് ഉപയോഗം ശ്രദ്ധയോടെ നിയന്ത്രിക്കണം'.
● 'പല ഡോക്ടർമാർ ഒരേ സമയം മരുന്നുകൾ കുറിക്കുന്നത് ഒഴിവാക്കണം'.
● 'ഓരോ രോഗിക്കും അനുയോജ്യമായ മരുന്നുകൾ തിരഞ്ഞെടുക്കണം'.
ന്യൂഡൽഹി: (KVARTHA) ഇന്ത്യയിലെ വയോജനങ്ങളുടെ ആശുപത്രി വാസം വർധിക്കുന്നതിനും ചികിത്സാ ചിലവ് ഉയരുന്നതിനും പ്രധാന കാരണം മരുന്നുകളുടെ അമിത ഉപയോഗമാണെന്ന് പഠനം. പല രോഗങ്ങൾ ഉള്ള പ്രായമായ വ്യക്തികൾക്ക് ഒന്നിലധികം ഡോക്ടർമാർ പലതരം മരുന്നുകൾ കുറിച്ചു നൽകുന്നതു കാരണം ചില മരുന്നുകൾ യോജിച്ചതല്ലെന്നും ഇത് ആശുപത്രി വാസം കൂട്ടുകയും കൂടുതൽ മരുന്നുകൾ കഴിക്കേണ്ടിവരികയും ചികിത്സാ ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
രാജ്യത്ത് വയോജനങ്ങളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ കണ്ടെത്തൽ വളരെ പ്രധാനമാണ്. 2011 ൽ 103 ദശലക്ഷമായിരുന്ന 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 2025 ഓടെ 319 ദശലക്ഷമായി ഉയരുമെന്ന് കണക്കാക്കുന്നു. ഡൽഹിയിലെ ഒരു ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട ആയിരത്തോളം വയോജന രോഗികളുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പഠനം. പ്രായമായവരുടെ ആശുപത്രി വാസം ഒരു ദിവസം മുതൽ 18 ദിവസം വരെയായിരുന്നു. ശരാശരി 6.8 ദിവസമാണ് ആളുകൾ ആശുപത്രിയിൽ കഴിഞ്ഞത്.
മൂത്രാശയ രോഗങ്ങളുള്ളവർ 7.4 ദിവസം വരെ ആശുപത്രിയിൽ കഴിഞ്ഞു. അനുയോജ്യമല്ലാത്ത മരുന്നുകൾ കഴിച്ചവർക്ക് ആശുപത്രിയിൽ കൂടുതൽ ദിവസം കഴിയേണ്ടിവന്നു എന്നത് ശ്രദ്ധേയമാണ്. പ്രായമായ രോഗികൾ മൂന്ന് മുതൽ 16 വരെ മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നു. ശരാശരി 8.3 മരുന്നുകളാണ് ഒരു രോഗി കഴിച്ചിരുന്നത്. മൂന്നിലൊന്ന് രോഗികളും പത്തിൽ കൂടുതൽ മരുന്നുകൾ കഴിക്കുന്നതായി കണ്ടെത്തി. ശ്വാസകോശ രോഗങ്ങളുള്ളവർക്കാണ് ഏറ്റവും കൂടുതൽ മരുന്നുകൾ (ശരാശരി 9.2) കഴിച്ചിരുന്നത്.
പാന്റോപ്രാസോൾ (പാന്റോസിഡ്), ഒൻഡാൻസെട്രോൺ (എംസെറ്റ്), സെഫ്റ്റ്രിയാക്സോൺ (മോണോസെഫ്) തുടങ്ങിയ മരുന്നുകളാണ് കൂടുതലായി ഡോക്ടർമാർ നിർദേശിച്ചത്. 13.9% പേർക്ക് മരുന്ന് കാരണമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഓക്കാനം, രക്തസ്രാവം, തലവേദന, മലബന്ധം, തലകറക്കം എന്നിവയായിരുന്നു പ്രധാന പ്രശ്നങ്ങൾ. സെഫ്റ്റ്രിയാക്സോൺ, പാന്റോപ്രസോൾ, ആസ്പിരിൻ, ഒൻഡാൻസെട്രോൺ എന്നീ മരുന്നുകളാണ് പ്രശ്നങ്ങൾക്ക് കാരണമായവയിൽ പ്രധാനമായവയെന്നും പഠനം പറയുന്നു.
പ്രായമായവരുടെ ആരോഗ്യത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ:
പ്രായമായവർക്ക് ഒരേ സമയം ഒന്നിലധികം രോഗങ്ങൾ ഉണ്ടാവാം. ഉദാഹരണത്തിന് രക്തസമ്മർദ്ദം, പ്രമേഹം, എല്ലിന്റെ പ്രശ്നങ്ങൾ, വിഷാദം തുടങ്ങിയവ. ഇതുകാരണം പല ഡോക്ടർമാർ പലതരം മരുന്നുകൾ കുറിച്ചു നൽകുന്നു. ഒരാൾ അഞ്ചോ അതിലധികമോ മരുന്നുകൾ ഒരേ സമയം കഴിക്കുന്നത് പ്രായമായവരിൽ സാധാരണമാണ്. ഇത് പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ചില മരുന്നുകൾ ഒരുമിപ്പിക്കുമ്പോൾ ഫലപ്രദമല്ലാതാകാം. കൂടുതൽ മരുന്നുകൾ കഴിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കും.
ഡോക്ടർമാർ മരുന്ന് കുറിക്കുമ്പോൾ, മരുന്നുകൾ കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ, രോഗിയുടെ പ്രായം, ആരോഗ്യം, എത്രകാലം ജീവിക്കും എന്നെല്ലാo ശ്രദ്ധിക്കണം. ഒരേ രോഗം (ഉദാഹരണത്തിന്, ഹൃദ്രോഗം) ഉള്ള രണ്ടുപേർക്ക് ഒരേ മരുന്നല്ല കൊടുക്കേണ്ടത്. 40 വയസ്സുള്ള ഒരാൾക്ക് 40 വർഷം കൂടി ജീവിക്കാൻ സാധ്യതയുണ്ടെങ്കിൽ ഹൃദയത്തെ സംരക്ഷിക്കുന്ന മരുന്നുകൾ അത്യാവശ്യമാണ്. എന്നാൽ പ്രായമായ ഒരാൾക്ക് ഈ മരുന്നുകൾ അത്ര ആവശ്യമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A new study reveals that excessive use of medications among elderly patients leads to longer hospital stays and increased treatment costs.
#ElderlyCare #HospitalStay #MedicationIssues #HealthCosts #StudyResults #IndianHealth