Health Awareness |  വൃത്തിയുള്ള കൈകള്‍ ആരോഗ്യത്തിന് പരമ പ്രധാനം; ആഗോള കൈകഴുകല്‍ ദിന പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ച് മന്ത്രി വീണാ ജോര്‍ജ്

 
Global Handwashing Day 2024: Clean Hands for Health
Global Handwashing Day 2024: Clean Hands for Health

Photo Credit: Health Minister's Office

● എല്ലാ വര്‍ഷവും ഒക്ടോബര്‍ 15 ന് ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുന്നു
● സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകള്‍ നന്നായി കഴുകുന്നത് ശീലമാക്കണം
● ഇതുവഴി ജലജന്യ രോഗങ്ങള്‍ തടയാന്‍ കഴിയുന്നു

തിരുവനന്തപുരം: (KVARTHA) വൃത്തിയുള്ള കൈകള്‍ ആരോഗ്യത്തിന് പരമ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൈകഴുകല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാര്‍ഗമാണെന്നും മന്ത്രി പറഞ്ഞു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 15നാണ് ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുന്നത്.

സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകള്‍ നന്നായി കഴുകുന്നത് ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു. ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ടൈഫോയിഡ്, ഷിഗല്ല, ഹെപ്പറ്റൈറ്റിസ് എ, ഇ, നോറോ വൈറസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ കൈകഴുകലിന് വലിയ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്ന ശീലം വളര്‍ത്തിയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ആഗോള കൈകഴുകല്‍ ദിനം ആചരിക്കുന്നത്. 'എന്തുകൊണ്ടാണ് വൃത്തിയുള്ള കൈകള്‍ക്ക് എപ്പോഴും പ്രാധാന്യം നല്‍കുന്നത്?' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

കൈകളുടെ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?

കൈകള്‍ ശുചിയാക്കി സൂക്ഷിക്കുന്നതിലൂടെ സ്വയം രോഗ ബാധിതരാകാതിരിക്കാനും മറ്റുള്ളവരിലേക്ക് രോഗാണുക്കള്‍ പകരാതിരിക്കാനും സാധിക്കും. കൈ കഴുകുന്നത് ഒരു ശീലമാക്കുകയും രോഗപ്രതിരോധം സാധ്യമാക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ആഗോള കൈകഴുകല്‍ ദിനം പോസ്റ്റര്‍ പ്രകാശനവും മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.


നിര്‍ബന്ധമായും കൈകള്‍ കഴുകേണ്ടത്

1.  ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പും ശേഷവും

2. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും

3. രോഗികളെ പരിചരിക്കുന്നതിന് മുന്‍പും ശേഷവും

4. മുറിവ് പരിചരിക്കുന്നതിന് മുന്‍പും ശേഷവും

5. കുഞ്ഞുങ്ങളുടെയും കിടപ്പ് രോഗികളുടെയും ഡയപ്പര്‍ മാറ്റിയ ശേഷം

6. മലമൂത്ര വിസര്‍ജ്ജനത്തിന് ശുചിമുറി ഉപയോഗിച്ചതിന് ശേഷം
 
7. മൃഗങ്ങളെ പരിപാലിക്കുക, അവയുടെ കൂട്, പാത്രം, മറ്റു വസ്തുക്കള്‍ എന്നിവ കൈകാര്യം ചെയ്യുക എന്നിവയ്ക്ക് ശേഷം

8. മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിന് ശേഷം

9. കൈ ഉപയോഗിച്ച് മൂക്കും വായയും മൂടി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം

10. യാത്ര ചെയ്തതിന് ശേഷം


ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെജെ റീന, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. വി മീനാക്ഷി, ഡോ. റീത്ത കെപി, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിനോയ് എസ് ബാബു, സോഷ്യല്‍ സയന്റിസ്റ്റ് സുജ പിഎസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍ ആര്‍ എന്നിവര്‍ പങ്കെടുത്തു.

#HandwashingDay #CleanHands #HealthAwareness #GlobalHealth #KeralaHealth #HygieneMatters

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia