Heat | സൂര്യാഘാതവും, സൂര്യാതപവും ഒന്നാണോ? വേനൽ ചൂടിൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ!


● സൂര്യാഘാതം ജീവന് പോലും അപകടകരമാകുന്ന അവസ്ഥയാണ്
● സൂര്യാതപം സൂര്യാഘാതത്തിലേക്ക് നയിച്ചേക്കാം
● ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക
● ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യ സഹായം തേടുക
ഡോണൽ മൂവാറ്റുപുഴ
(KVARTHA) ഇപ്പോൾ മഴ മാറി ചൂടുള്ള കാലാവസ്ഥയാണ്. പലർക്കും അസഹ്യമായ വേനൽ ചൂട് കാരണം പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരിക്കുന്നു. പ്രായമായവരും കുട്ടികളും ഒക്കെ ഇതിൽ ഒത്തിരി പ്രയാസപ്പെടുന്നുണ്ട് . കുടിവെള്ളക്ഷാമവും പലയിടത്തും രൂക്ഷമാകുന്നുണ്ട്. ചിലയിടത്ത് വേനൽ ചൂടുമൂലം തീപിടുത്തം വരെ ഉണ്ടാകുന്നുണ്ടെന്നതാണ് പുറത്തുവരുന്ന വാർത്തകൾ.
ഈ അവസരത്തിൽ നമ്മൾ വാർത്തകളിൽ മറ്റും സ്ഥിരമായി കേൾക്കുന്ന രണ്ട് നാമങ്ങളാണ് സൂര്യാഘാതവും, സൂര്യാതപവും. ഇവ രണ്ടും ഒന്നാണോ എന്ന സംശയം പലർക്കും ഉണ്ടാവാം. എന്നാൽ രണ്ടും ഒന്നല്ല, പരസ്പരം വിത്യാസപ്പെട്ടിരിക്കുന്നു. അത് എങ്ങനെയെന്ന് നോക്കാം. വേനൽചൂട് ക്രമാതീതമായി ഉയരുന്നത് അനുസരിച്ചുണ്ടാകുന്ന രണ്ട് പ്രധാന വെല്ലുവിളികളാണ് സൂര്യാഘാതവും, സൂര്യാതപവും. വ്യത്യസ്തങ്ങളായ ഈ രണ്ട് അവസ്ഥകളെയും കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം.
* സൂര്യാഘാതം (Sunburn & Heat Stroke)
ശരീരത്തിൽ കടുത്തചൂട് നേരിട്ട് ഏൽക്കുന്നവർക്കാണ് സൂര്യാഘാതം ഏൽക്കാൻ സാദ്ധ്യത കൂടുതൽ. അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയർന്ന് മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങൾ തകരാറിലാവുന്നു. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാൻ തടസം നേരിടുന്നതോടെ ശരീര ത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ചിലഘട്ടങ്ങൾ മരണസാദ്ധ്യതവരെയുണ്ട്. സാധാരണയായി ശരീരത്തിന്റെ താപനില 104 ഡിഗ്രി ഫാരൻഹീറ്റിൽ (40°C) അധികമായി ഉയരുമ്പോൾ ഉണ്ടാകുന്ന ജീവഭീഷണി ഉള്ള അവസ്ഥയാണിത്. ഇതിന് സൂര്യപ്രകാശം ആവശ്യമില്ല. ചൂടുമൂലമുള്ള ഒരു വലിയ താപ നില ഉയർച്ചയാണിത്.
ലക്ഷണങ്ങൾ:
ശരീരോഷ്മാവ് ഉയരുക,ചർമ്മം വരണ്ടു പോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാവുക, തലവേദന, പേശിമുറുകൽ, കൃഷ്ണമണി വികസിക്കൽ, ക്ഷീണം, ചുഴലി രോഗ ലക്ഷണങ്ങൾ, ബോധക്ഷയം.
* സൂര്യാതപം (Sun Stroke/ Heat Exhaustion)
സൂര്യാഘാതത്തെക്കാൾ കാഠിന്യം കുറവാണിതിന്. കടുത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. തൊലിപ്പുറത്ത് പൊള്ളൽ, ചുവന്ന പാടുകൾ എന്നിവ ഉൾപ്പെടെയുണ്ടാകും. ശരീരത്തിൽ നീറ്റൽ അനുഭവപ്പെടാം. ഇത് സൂര്യാഘാതത്തിലേക്ക് നയിക്കപ്പെടാം എന്നതിനാൽ ഉടൻ ചികിത്സ ആവശ്യമാണ്.
ലക്ഷണങ്ങൾ:
ശക്തിയായ വിയർപ്പ്, വിളർത്ത ശരീരം, പേശീ വലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തല വേദന, ഓക്കാനവും ഛർദ്ദിയും, ബോധക്ഷയം. സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതപം. വെയിൽ ഏൽക്കാൻ സാദ്ധ്യതയുള്ളവർ മദ്യവും കഫീനും അടങ്ങിയ പാനീയങ്ങളും, ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കണം. ധാരാളം വെള്ളം ഇടയ്ക്കിടെ കുടിക്കണം. നേർത്ത വസ്ത്രങ്ങളും തൊപ്പിയും ധരിക്കുക.
* പ്രഥമശുശ്രൂഷ
രോഗിയെ തറയിലോ, കട്ടിലിലോ കിടത്തണം. ചൂടു കുറയ്ക്കാൻ ഫാൻ ഉപയോഗിക്കുക, കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റുക, കാലുകൾ ഉയർത്തിവെക്കുക, വെള്ളത്തിൽ നനച്ച തുണി ദേഹത്തിടുക, ധാരാളം വെള്ളം നൽകുക.
ചുരുക്കത്തിൽ സൂര്യാഘാതവും സൂര്യാതപവും ഒന്നല്ല. സൂര്യതപം ഒരു പ്രാഥമിക അവസ്ഥയാണ്. അത് ചികിത്സിക്കാതെ വിട്ടാൽ സൂര്യാഘാതത്തിലേക്ക് നയിക്കും. രണ്ടും ചൂടുമൂലമുണ്ടാകുന്ന രോഗാവസ്ഥകളാണെങ്കിലും, സൂര്യാഘാതം കൂടുതൽ ഗുരുതരമാണ്. എന്തായാലും സൂര്യാഘാതവും, സൂര്യാതപവും ഗുരുതരം തന്നെ. ഈ സമയത്ത് ആളുകൾ കൂടുതൽ ശ്രദ്ധിക്കുക.
ഈ വേനൽക്കാലത്ത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കുക. ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.
Heatstroke and sunburn are common during summer. This article explains the difference between these two conditions, their symptoms, and what precautions to take to avoid them.
#Heatstroke #Sunburn #SummerHealth #HeatSafety #SummerTips #WeatherAlert