Alert | ഹൈവേ ഹിപ്നോസിസ്: വാഹനം ഓടിക്കുമ്പോൾ അറിയാതെ ഉറങ്ങുന്ന ഡ്രൈവർമാർ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 
 Highway hypnosis symptoms, driver falling asleep, road safety
 Highway hypnosis symptoms, driver falling asleep, road safety

Representational Image Generated by Meta AI

● ദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് 'ഹൈവേ ഹിപ്നോസിസ്' എന്ന പ്രതിഭാസം. 
● ഡ്രൈവിങ്ങിനിടയിൽ നമ്മളറിയാതെ മനസ്സൊരുക്കുന്ന ഒരു ‘ഓട്ടോ പൈലറ്റ് മോഡ് ഡ്രൈവിങ്’ ആണിത്. 

കെ ആർ ജോസഫ്

(KVARTHA) ദീർഘദൂര യാത്രയിൽ വാഹനമോടിച്ച് പോകുന്നതിനിടയിൽ ഡ്രൈവർമാർക്ക്  മയക്കം വന്നതിനെ തുടർന്ന് വാഹനാപകടങ്ങൾ പെരുകുന്നത് ഇന്ന് നിത്യവും വാർത്തയായിക്കൊണ്ടിരിക്കുകയാണ്. കാർ ഡ്രൈവർമാർ ആണെങ്കിലും ബസ് ഡ്രൈവർമാർ ആണെങ്കിലും ഒക്കെ ഇതിൽ നിന്ന് വ്യത്യസ്തരല്ല. ഇവർ അറിയാതെ മയക്കത്തിലേയ്ക്ക് കാൽ വഴുതി വീഴുന്നു എന്നതാണ് സത്യം. 

ഈ പ്രതിഭാസത്തിന് പറയുന്ന പേരാണ് 'ഹൈവേ ഹിപ്നോസിസ്'. ദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് ഇത്. 'ഹൈവേ ഹിപ്നോസിസ്' എന്ന പ്രതിഭാസത്തെക്കുറിച്ച് കൃത്യമായി വിശദമാക്കുന്ന ഒരു വിവരണമാണ് ശ്രദ്ധയാകർഷിക്കുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:

ദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് 'ഹൈവേ ഹിപ്നോസിസ്' എന്ന പ്രതിഭാസം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹിപ്നോട്ടിക് അവസ്ഥയാണ്. ഡ്രൈവിങ്ങിനിടയിൽ നമ്മളറിയാതെ മനസ്സൊരുക്കുന്ന ഒരു ‘ഓട്ടോ പൈലറ്റ് മോഡ് ഡ്രൈവിങ്’ ആണിത്. യാത്രക്കിടെ ഡ്രൈവർ ഉറങ്ങുകയാണിവിടെ ചെയ്യുന്നത്. പക്ഷെ സാധാരണ ഉറക്കത്തിൽനിന്ന് വ്യത്യസ്തമായി കണ്ണുതുറന്നായിരിക്കും ഉറങ്ങുക എന്നുമാത്രം. അതുകൊണ്ടുതന്നെ എപ്പോഴാണ് നാം ഉറങ്ങുന്നതെന്ന് നമ്മുക്കുതന്നെ ധാരണയുണ്ടാകില്ല. 

നേരായതും തടസരഹിതവുമായ ഹൈവേകളിൽ തുടർച്ചയായി വാഹനമോടിക്കുമ്പോൾ മിക്കപ്പോഴും ഡ്രൈവർ ഹൈവേ ഹിപ്നോസിസ് അഭിമുഖീകരിക്കാറുണ്ട്. ഇത് ആർക്കും സംഭവിക്കാം. പരിചയസമ്പന്നനായ ഡ്രൈവറും തുടക്കക്കാരനുമൊന്നും ഇതിൽനിന്ന് മുക്തരല്ല. വളരെ അപകടകരമായ അവസ്ഥയാണിത്. ഉയർന്ന വേഗതയിൽ ദാരുണമായ അപകടമായിരിക്കും ഹൈവേ ഹിപ്നോസിസിന്റെ ഫലമായി ഉണ്ടാവുക. റോഡിൽനിന്നു സവിശേഷ ശ്രദ്ധയാകർഷിക്കുന്ന കാര്യങ്ങളൊന്നും ദീർഘനേരത്തേക്ക് ഉണ്ടാവുന്നില്ലെങ്കിൽ ഹൈവേ ഹിപ്നോസിസ് നീളുകയും അതു സ്വാഭാവികമായും ഉറക്കത്തിലേക്കും പോകാം. 

ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഹൈവേകളിൽ പല ഭാഗത്തും റോഡിനു കുറുകേ അടുത്തടുത്തു കുറെ വരകൾപോലെ, റമ്പിൾ സ്ട്രിപ്സ് എന്ന സ്ലീപ്പർ ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ വണ്ടി കടന്നു പോകുമ്പോൾ ചെറിയ കുലുക്കവും ഒച്ചയും ഉണ്ടാകുന്നതിനാൽ ഡ്രൈവർ  ഹൈവേ ഹിപ്നോസിസിൽനിന്നോ മയക്കത്തിൽനിന്നോ പുറത്തുവരും. 

യാത്രകളിൽ സ്വയം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ: 

1, ഉറക്കമില്ലായ്മ (ഇൻസോമ്നിയ), സ്ലീപ് അപ്നിയ, ഹൃദയമിടിപ്പിൽ താളപ്പിഴകൾ, തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ഹൈവേ ഹിപ്നോസിസിനു സാധ്യത കൂടുതലാണ്. അത്തരത്തിലുള്ളവർ ഉറക്ക സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കുക. 

2, ഒറ്റയ്ക്കു രാത്രിയിലുള്ള ദീർഘദൂര യാത്ര ഒഴിവാക്കുക. മറ്റൊരാളോട് സംസാരിച്ചിരുന്നാൽ ഈ പ്രശ്നം രൂപപ്പെടില്ല. 

3, ഉറക്കമൊഴിഞ്ഞിരുന്ന ശേഷം ഡ്രൈവ് ചെയ്യരുത്. തുടർച്ചയായുള്ള ഡ്രൈവിങ് ഒഴിവാക്കുക. ഉറക്കം വന്നില്ലെങ്കിൽ പോലും കുറഞ്ഞത് രണ്ടു മണിക്കൂറിലൊരിക്കലെങ്കിലും ഇടവേള എടുക്കുക.

4, കോഫി, ചായപോലുള്ളവ ഇടയ്ക്കു കുടിക്കുന്നത് ജാഗ്രത നില നിർത്തും. ശരീരത്തിൽ ജലാംശം കുറയുന്നത് ഹൈവേ ഹിപ്നോസിസ് സാധ്യത കൂട്ടും. അതിനാൽ വേണ്ടത്ര വെള്ളം കുടിക്കുക. ഇടയ്ക്ക് മൂത്രമൊഴിക്കാൻ ഇറങ്ങുന്നതും നല്ലത്. 

5, ഡ്രൈവിങ്ങിനിടയിൽ ശരിയായ ശരീരനില (Posture) പുലർത്തുക. സുഖകരമായ ഇരിപ്പിനായി കൂടുതലായി പിന്നിലേക്കു ചാഞ്ഞിരുന്ന് ഡ്രൈവ് ചെയ്യരുത്. 

6, ആവശ്യമുണ്ടെന്നു തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ റിയർ വ്യൂ മിററുകളിലൂെട പിന്നിലെ കാഴ്ചകളും ശ്രദ്ധിക്കുക. ശ്രദ്ധ അടിക്കടി മാറ്റുന്നത് ഹൈവേ ഹിപ്നോസിസ് കുറയ്ക്കും 

7, യാത്രയ്ക്കു മുൻപ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക, മദ്യം ഒഴിവാക്കുക. 

8, ഉറങ്ങുന്നതിനു മുൻപ് പാട്ടു കേട്ടു ശീലിച്ചവർ അത്തരം പാട്ടുകളെ ഒരു കാരണവശാലും വാഹനത്തിൽ കേൾക്കാൻ ഉപയോഗിക്കരുത്. സാധാരണ കേൾക്കുന്ന സംഗീതത്തിൽ നിന്നു വ്യത്യസ്തമായവ, പുതിയവ എന്നിവ മാത്രമേ രാത്രിയാത്രയിൽ ഉപയോഗിക്കാവൂ. 

തീർച്ചയായും രാത്രി കാലങ്ങളിലും ദീർഘ ദൂരയാത്ര ചെയ്യുന്നവരും ഇത് മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ വാഹനാപകടങ്ങലൂടെയുള്ള വൻ ദുരന്തങ്ങൾ ഇവിടെ ഒഴിവാക്കാം. ഡ്രൈവർമാർ ജാഗ്രതൈ. ഈ ലേഖനം പങ്കുവെക്കുമല്ലോ!

 #HighwayHypnosis #DriverSafety #RoadAccidents #LongDistanceTravel #SleepDisorders #RoadSafety #KVARTHA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia