Explanation | എച്ച്എംപിവി  ഒരു പുതിയ വൈറസ് അല്ല; കോവിഡുമായും താരതമ്യം വേണ്ട!

 
 Illustration of HMPV virus affecting the respiratory system.
 Illustration of HMPV virus affecting the respiratory system.

Representational Image Generated by Meta AI

● എച്ച്എംപിവി ഒരു സാധാരണ ജലദോഷ വൈറസാണ്.
● എച്ച്എംപിവി 50 വർഷങ്ങൾക്ക് മുൻപേ കണ്ടെത്തിയതാണ്
● കുട്ടികളിലും മുതിർന്നവരിലും ജലദോഷം ഉണ്ടാക്കുന്നു.
● സാധാരണയായി ഒരാഴ്ചക്കുള്ളിൽ ഭേദമാകും

ഡോ. ആദർശ് എ കെ

(KVARTH) ഏകദേശം 50 വർഷങ്ങൾക് മുന്നേ തന്നെ കണ്ടുപിടിച്ച ഒരു വൈറസ് ആണ് ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് (Human Metapneumovirus - HMPV). ചൈനയിൽ അടുത്തിടെ ഇൻഫ്ലുവൻസ കേസുകളും ന്യൂമോണിയ കേസുകളും കൂടുതലായി റിപ്പോർട്ട്‌ ചെയ്ത കൂട്ടത്തിൽ എച്ച്എംപിവിയും കണ്ടെത്തി. ഇപ്പോൾ ഇന്ത്യയിലും ഇത് കണ്ടെത്തിയെങ്കിലും, അത് പുതുമ ഉള്ള ഒരു കാര്യമേ അല്ല. കാരണം കാലങ്ങളായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ഒരു വൈറസ് ആണ് ഇത്.

കുട്ടികളിലും മുതിർന്നവരിലും ജലദോഷം വരുത്തുന്ന ഒരിനം ആർഎൻഎ വൈറസ് ആണ് എച്ച്എംപിവി. 
ഇൻഫ്ലുവൻസ, കൊറോണ വൈറസുകൾ ബാധ പോലെ മൂക്കിലും തൊണ്ടയിലും ഇൻഫെക്ഷൻ (Upper respiratory tract infection) വരുത്തുന്ന വൈറസാണിത്. രോഗമുള്ള വ്യക്തി തുമ്മുമ്പോഴും, ചുമക്കുമ്പോഴും ഉണ്ടാകുന്ന കണങ്ങളിൽ കൂടി വൈറസ് അടുത്ത് ഇടപെടുന്ന ആളിൽ എത്തും (Droplet infection). പ്രതലങ്ങളിൽ വീഴുന്ന കണങ്ങളിൽ (Fomites) സ്പർശിച്ച കൈകൊണ്ട്‌ മൂക്കിലും കണ്ണിലും സ്പർശിച്ചാലും രോഗം പകരാം. 

ശരീരത്തിൽ കടന്നാൽ 2-5 ദിവസത്തിൽ മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, പനി എന്നീ ലക്ഷണങ്ങളോടെ അസുഖം തുടങ്ങും. ഒരാഴ്ച കൊണ്ട് തനിയേ ഭേദമാവുകയും ചെയ്യും. അപൂർവമായി ശ്വാസകോശങ്ങളെയും ബാധിച്ചു ന്യൂമോണിയ പോലുള്ള കഠിനമായ അവസ്ഥയും (Lower Respiratory Tract Infection) വന്നേക്കാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലും പ്രായമായവരിലും ഗർഭിണികളിലും പ്രതിരോധശക്തി കുറഞ്ഞവരിലും (കാൻസർ രോഗികൾ, കീമോ തെറാപ്പി എടുക്കുന്നവർ, സ്റ്റിറോയിഡ് എടുക്കുന്നവർ, ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞവർ തുടങ്ങിയവർ), ശ്വാസകോശ, ഹൃദയ, വൃക്ക, കരൾ സംബന്ധമായ രോഗങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങളെ എച്ച്എംപിവി  ബാധിക്കാനും അത് മൂലമുള്ള കോംപ്ലിക്കേഷൻസ് ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്.

മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങളിൽ ആർടി - പിസിആർ ടെസ്റ്റ്‌ വഴി എച്ച്എംപിവിയെ കണ്ടുപിടിക്കാൻ സാധിക്കും. എച്ച്എംപിവിക്കു പ്രത്യേകിച്ച് ആന്റിവൈറൽ മരുന്നില്ല. തനിയെ മാറുന്ന അസുഖമാണ്. എന്നാൽ ശ്വാസകോശങ്ങളെ ബാധിച്ച് ന്യൂമോണിയ ആവാൻ സാധ്യതയുണ്ട്. എച്ച്എംപിവി  മറ്റൊരു കോവിഡ് അല്ല. മഞ്ഞുകാലത്ത് വിവിധ ജലദോഷ വൈറസുകൾ സജീവമാകുന്ന കൂട്ടത്തിൽ എച്ച്എംപിവിയും ചിലയിടത്ത്  പടരും. 

ഇപ്പോൾ ചൈനയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെങ്കിലും ഒരു പാൻഡെമിക് ആയി പടർന്നു പിടിച്ചിട്ടില്ല. കോവിഡ് പോലെ പെട്ടെന്ന് അതിവേഗം പടരുന്ന, തിരിച്ചറിയാൻ വൈകിയ, പുതുതായി കണ്ടുപിടിച്ച വൈറസും അല്ല. ഇത് നേരത്തേ തന്നെ കണ്ടുപിടിക്കപ്പെട്ട വൈറസ് ആണ്. ഇൻഫ്ലുവൻസ, കോവിഡ് എന്നീ രോഗങ്ങൾ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങൾ തന്നെ എച്ച്എംപിവി   വരാതിരിക്കാനും ഉപയോഗിക്കാം. 

ആൾക്കൂട്ടത്തിലും രോഗികളോട് ഇടപെഴുകുമ്പോളും മാസ്ക് ധരിക്കുക, കൈ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കഴുകുക, എന്നീ കാര്യങ്ങൾ എല്ലാ ജലദോഷ വൈറസുകളെയും പോലെ എച്ച്എംപിവിയേയും അകറ്റി നിർത്തും. കോവിഡുമായി താരതമ്യം ചെയ്ത് എച്ച്എംപിവിയെ പറ്റി ചിന്തിച്ച് ഭയപ്പെടേണ്ടതില്ല. എന്നിരുന്നാലും അത് വരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

(കണ്ണൂർ ആസ്റ്റർ മിംസ് ഇൻഫെക്ഷ്യസ് ഡിസീസസ്, അഡൽറ്റ് ഇമ്മ്യൂണൈസേഷൻ & ട്രാവൽ മെഡിസിൻ അസോസിയേറ്റ് കൺസൾട്ടന്റ് ആണ് ലേഖകൻ)

#HMPV #RespiratoryVirus #CommonCold #HealthTips #MedicalInformation #Virus

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia