Healing Process | ശരീരത്തിലുണ്ടാകുന്ന മുറിവ്  ഉണങ്ങുന്നത് എങ്ങനെ? അത്ഭുതകരമായ പ്രക്രിയ വിശദമായി അറിയാം

 
The process of wound healing in the human body
The process of wound healing in the human body

Representational Image Generated by Meta AI

● തൊലിയുടെ പുറത്തുള്ള എപ്പിഡെർമിസ് രോഗാണുക്കളെ തടയുന്നു.
● മുറിവിന്റെ ആഴം അനുസരിച്ച് ഉണങ്ങുന്നതിനുള്ള വേഗത വ്യത്യാസപ്പെട്ടിരിക്കും.
● മുറിവ് ഉണങ്ങുന്നതിൽ നാല് പ്രധാന ഘട്ടങ്ങളുണ്ട്.

ഹന്നാ എൽദോ

(KVARTHA) നമ്മുടെ ശരീരത്തിൽ ഒരു മുറിവ് ഉണ്ടാകുകയെന്നത് നമുക്ക് ചിന്തിക്കാൻ പോലും പറ്റുന്ന കാര്യമല്ല. ഒരോ മുറിവുകളുടെയും കാഠിന്യത്തെ ആശ്രയിച്ചിരിക്കും അതുമൂലമുണ്ടാകുന്ന വേദനയും. ചില മുറിവുകൾ ഉണ്ടാകുമ്പോൾ വേദന അതികഠിനവും ആകും. ധാരാളം രക്തം പോകുകയും ചെയ്യും. എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം മുറിവുകൾ പതിയെ പതിയെ ഉണങ്ങുകയും സാധാരണ നിലയിൽ എത്തുകയും ചെയ്യുന്നതാണ് കാണാവുന്നത്. ഇത് എങ്ങനെയാണ് എന്നതാണ് ഇവിടെ വിവരിക്കുന്നത്. 

നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന മുറിവ് പിന്നീട് ഉണങ്ങും. ഉണക്കാനായി നമ്മുടെ ശരീരത്തിൽ കൃത്യമായ പ്രക്രിയകൾ നടക്കുന്നുണ്ട്. നമ്മുടെ ത്വക്കിന്റെ ഏറ്റവും പുറത്തുള്ള എപ്പിഡെർമിസ് (Epidermis) ആണ് രോഗാണുക്കളെ ആദ്യം തടയുന്നത് . അവിടെയുള്ള എപ്പിത്തീലിയൽ കോശങ്ങളിൽ ഒരു മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ അതിന്റെ ആഴം അനുസരിച്ചാണ് അവ ഉണങ്ങുന്നതിനുള്ള വേഗതയും ബന്ധപ്പെട്ടിരിക്കുന്നത്. തൊലിയുടെ ഉള്ളിലുള്ള 'ഡെർമിസ്' (Dermis) എന്ന ഭാഗത്തു ഉണ്ടാകുന്ന മുറിവുകൾ തൊലിപ്പുറത്തുണ്ടാകുന്ന (Epithelium) ചെറിയ മുറിവുകളേക്കാൾ സങ്കീർണ്ണവും ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്നവയുമാണ്. 

തൊലിപ്പുറത്തു മുറിവു ണ്ടാകുമ്പോൾ ചുറ്റിനുമുള്ള ബേസൽ എപ്പിത്തീലിയൽ കോശങ്ങൾ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുകയും അത് മുറിവിലേക്ക് എത്തി അത് മൂടുകയും ചെയ്യുന്നു. ഒരു മുറിവ് ഉണ്ടാകുമ്പോൾ അതിന്റെ തൊട്ടുതാഴെയുള്ള ഡെർമിസിൽ നിന്നാണ് രക്തം പുറത്തേക്ക് വരുന്നത്. ആ മുറിവിലൂടെ രോഗാണുക്കൾ ശരീരത്തിന്റെ ഉള്ളിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മുറിവ് വേഗത്തിൽ ശരിയാക്കാൻ ശരീരം ശ്രമിക്കുന്നു. അതിൽ പ്രധാനപ്പെട്ട നാല് ഘട്ടങ്ങളാണുള്ളത്. അതാണ് വിവരിക്കുന്നത്. 

1. ഹീമോസ്റ്റാസിസ് (Hemostasis) & വീങ്ങൽ പ്രതികരണം (Inflammation): 

ഈ മുറിവുകൾ ശരീരത്തിന് ചില സന്ദേശങ്ങൾ നൽകുകയും ശരീരത്തിലെ രക്താണുക്കൾ വാസോകൺസ്ട്രിക്ഷൻ (Vasoconstriction) എന്ന പ്രക്രിയയിലൂടെ പ്ലേറ്റ്ലറ്റുകളുടെ സഹായ ത്തോടെ ക്ലോട്ട്  ഉണ്ടാക്കി രക്തത്തെ പെട്ടെന്നു തന്നെ കട്ട പിടിപ്പിക്കുന്നു. ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്നതു കൂടുതൽ രക്തം നഷ്ടപ്പെടാതിരിക്കാൻ സഹായകമാകുന്നു. 

മാത്രമല്ല അതുവഴി കൂടുതൽ രോഗാണുക്കൾ ശരീരത്തിലേക്ക് കടക്കാതെയും നോക്കുന്നു. പിന്നാലെ ഫൈബ്രിൻ (Fibrin) എന്ന പ്രോട്ടീനു കൾ പ്രവർത്തനം തുടങ്ങുന്നു. അവർ ഈ ക്ലോട്ടുകളിൽ ചില ക്രോസ് ലിങ്കുകൾ നിർമിച്ചു കൊണ്ട് അവയെ കൂടുതൽ ശക്തിപ്പെടുത്തു ന്നു. ഈ പ്രക്രിയകൾ നടക്കുന്നതിന്റെ ഫലമാ യാണ് മുറിവിനു പുറത്തായി ചുവന്നു തടിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നത്. 

2. ഫാഗോസൈറ്റോസിസ് (Phagocytosis): 

ഇനിയാണു ശ്വേതരക്താണുക്കളുടെ വരവ്. മാക്രോഫേജസ് (Macrophages) എന്നാണ് ഇവ അറിയപ്പെടുന്നത്.  മാക്രോഫേജസ് ചില പ്രത്യേകതരം കോശങ്ങൾ ആണ്. രോഗാണുക്കളായ സൂക്ഷ്മജീവികളെ തിരിച്ചറിയുകയും ഫാഗോസൈറ്റോസിസ് എന്ന പ്രക്രിയവഴി അവയെ വിഴുങ്ങുകയും അതുവഴി ആ സൂക്ഷ്മ ജീവികളെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. 

എന്നാൽ ഇത്തരം കോശങ്ങൾക്ക് മുറിവിലേക്കെത്താൻ വലിയ ദൂരം സഞ്ചരിക്കേണ്ടതിനാൽ അവയെ സഹായിക്കുന്നതിനായി മുറിവു സംഭവിച്ച കോശങ്ങൾ ഹിസ്റ്റമിൻ ഉൽപ്പാദിപ്പിക്കുകയും അത് നമ്മുടെ രക്തക്കുഴലുകളെ കൂടുതൽ വീതിയുള്ളതാക്കിമാറ്റുകയും അവയുടെ പ്രവേശനക്ഷമത (Permeability) കൂട്ടുകയും ചെയ്യുന്നു. വാസോഡൈലേഷൻ (Vasodilation) എന്നുവിളിക്കുന്ന ഈ പ്രക്രിയ വഴി മാക്രോഫേജസിനു മുറിവിലേക്കു വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്നു. 

3. പ്രോളിഫോറേറ്റിവ്  (Proliferative) സ്റ്റേജ്: 

മുറിവ് സംഭവിച്ചു കുറച്ചു ദിവസങ്ങൾക്കുശേഷമാണ് ഇത് നടക്കുന്നത്. മുറിവിന്റെ ഭാഗങ്ങളിൽ ഫൈഫ്രോബ്ളാസ്റ്റ് (Fibroblast) കോശങ്ങൾ കൊളാജൻ (Collagen) എന്ന പ്രോട്ടീനുകളെ നിർമിക്കുന്നു. ഇവ രക്ത ക്ലോട്ടുകൾ ശക്ത മാക്കുകയും ത്വക്കിനു പുതിയ പാളികൾ നിർമിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഫൈബ്രോബ്ലാസ്റ്റ് മുറിവിനു ചുറ്റുമുള്ള എൻഡോത്തീലിയൽ കോശങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ടു മുറിവേറ്റ രക്തക്കുഴലുകളെ വീണ്ടും വളർത്തുന്നു. ഈ കോശങ്ങൾ ഒരു ലോലമായ മെഷ് പോലെയാവുകയും ചെയ്യുന്നു (Granulation Tissue). 

4. റീമോഡലിംഗ്‌ (Remodelling): 

ഈ ഘട്ടത്തിലാണ് മുറിവുകൾ മുഴുവനായും ഉണങ്ങുന്നത്. ഈ അവസരത്തിൽ കൊളാജൻ ഫൈബറുകൾ കൂടുതൽ സംഘടിതമാവുകയും രക്തക്കുഴലുകൾ പഴയപടി ആവുകയും ചെയ്യു ന്നു. ഒടുവിൽ ഫൈബ്രോസിസ് (Fibrosis) എന്ന പ്രക്രിയ വഴി വടുക്കൾ (Scar) ഉണ്ടാകുകയും ഈ വടുക്കളിൽ കൊളാജൻ സാന്ദ്രമായി അടുക്കിവച്ചിരിക്കുന്നതിനാൽ മറ്റുകോശ ങ്ങളെക്കാൾ കട്ടിയുള്ളതും ഇലാസ്തികത കുറഞ്ഞതുമായി അനുഭവപ്പെടുകയും ചെയ്യുന്നു.

മുറിവിന്റെ ആഴത്തിനനുസരിച്ചു അതിന് ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. അങ്ങനെ മുറിവ് ഉണക്കുന്നതിനായി പ്രകൃതി ചെയ്‌ത പ്രവൃത്തികളുടെ ഓർമയ്ക്കായി ഒരു ചെറിയ അടയാളം അവശേഷിപ്പിച്ചുകൊണ്ട് ആ മുറിവ് അങ്ങനെ പൂർണ്ണമായും ഉണങ്ങുന്നു.  ശരീരത്തിലുണ്ടാകുന്ന മുറിവ് ഉണങ്ങുന്ന പ്രക്രിയയെക്കുറിച്ചാണ് ഇവിടെ വിശദമായി പ്രതിപാദിച്ചത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The article explains the complex and fascinating process of wound healing in the human body, including the stages involved in the healing process.

#WoundHealing, #SkinRepair, #HumanBody, #HealingProcess, #ScienceNews, #Health

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia