Jaundice | മഞ്ഞപ്പിത്ത വ്യാപനം; തളിപ്പറമ്പ് നഗരത്തിൽ തട്ടുകടകളുടെ പ്രവർത്തനം നിരോധിച്ചു
● 2024 മെയ് മുതല്‍ നഗരസഭാപരിധിയില്‍ ആകെ 363 കേസുകളാണ് ഉണ്ടായിട്ടുള്ളത്.
● ഈ മാസം മാത്രം 84 കേസുകള്‍ ഉണ്ടായിയെന്നത് രോഗ പകര്‍ച്ചയുടെ ഗൗരവം വര്‍ദ്ധിക്കുന്നതായി യോഗം വിലയിരുത്തി
തളിപ്പറമ്പ്: (KVARTHA) മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ കുടിവെള്ളം വിതരണവും തട്ടുകടകളുടെ പ്രവര്‍ത്തനങ്ങളും നഗരസഭാ കൗൺസിൽ നിരോധിച്ചു. നഗരസഭ പരിധിയില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി വിളിച്ച് ചേര്‍ത്ത അടിയന്തരയോഗത്തിലാണ് തീരുമാനം. നഗരസഭാ സെക്രട്ടറി, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പൊലീസ് അധികൃതര്‍, ജനപ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2024 മെയ് മുതല്‍ നഗരസഭാപരിധിയില്‍ ആകെ 363 കേസുകളാണ് ഉണ്ടായിട്ടുള്ളത്. അതില്‍ മൂന്ന് രോഗികള്‍ ചികിത്സയ്ക്കിടെ മരണമടഞ്ഞു. ഈ മാസം മാത്രം 84 കേസുകള്‍ ഉണ്ടായിയെന്നത് രോഗ പകര്‍ച്ചയുടെ ഗൗരവം വര്‍ദ്ധിക്കുന്നതായി യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിവെള്ളം ചെയ്യുന്ന എല്ലാ സ്വകാര്യ ഏജന്‍സികളുടെയും പ്രവര്‍ത്തനം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചത്. ഭക്ഷണം ഉണ്ടാക്കുകയും വില്ലന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ നിര്‍ബ്ബന്ധമായും വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം മാത്രം ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചു.
തളിപ്പറമ്പ് നഗരസഭ പരിധിയിലെ തട്ടുകടകള്‍ 2025 ജനുവരി അഞ്ചു വരെ ഒരു കാരണവശാലും തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല നഗരസഭ പരിധിയിലെ എല്ലാ കിണറുകളും ആരോഗ്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ക്ലോറിനേഷന്‍ നടത്താനും തീരുമാനിച്ചു. നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വീടുകളും സ്ഥാപനങ്ങളും കയറി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് തുടര്‍ച്ചയായി നഗരസഭയും ആരോഗ്യ വിഭാഗവും പരിശോധിക്കാനും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
#Jaundice #Thaliparamba #HealthMeasures #KeralaNews #PublicSafety #Outbreak